കൊച്ചി∙ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ റിഹേഴ്സൽ തടസപ്പെടുത്താനും അതുവഴി സംസ്ഥാന സർക്കാരിന്റെ പ്രതിഛായ മോശമാക്കി, പുതുവൈപ്പ് സമരത്തെ ദേശീയതലത്തിലെത്തിക്കാനുമുള്ള ശ്രമമാണു ഹൈക്കോടതി ജംക്‌ഷനിൽ പുതുവൈപ്പ് സമരക്കാർ നടത്തിയതെന്നു കൊച്ചി ഡിസിപി: യതീഷ്ചന്ദ്ര. ഐഒസി ടെർമിനലിനു സുരക്ഷയൊരുക്കാൻ നിർദേശം നൽകിയ ഹൈക്കോടതിക്കുള്ളിലേക്കു മാർച്ച് നടത്താനും സമരക്കാർ തീരുമാനിച്ചിരുന്നതായി സംശയിക്കുന്നുവെന്നു മനുഷ്യാവകാശ കമ്മിഷനു നൽകിയ വിശദീകരണത്തിൽ ഡിസിപി ആരോപിച്ചു.
പ്രധാനമന്ത്രിക്കു കൊച്ചിയിൽ സുരക്ഷാ ഭീഷണിയുണ്ടെന്നു കേന്ദ്ര രഹസ്യാന്വേഷണവിഭാഗവും സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികളും റിപ്പോർട്ട് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷ കൂടി കണക്കിലെടുത്താണു ഹൈക്കോടതി ജംക്‌ഷനിൽനിന്നു സമരക്കാരെ നിയമവിധേയമായ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്തത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ റിഹേഴ്സൽ തടസപ്പെടുന്ന സാഹചര്യമുണ്ടായാൽ കൊച്ചി മെട്രോ ഉദ്ഘാടനത്തിനുള്ള പ്രധാനമന്ത്രിയുടെ വരവ് തന്നെ തടസപ്പെടുമായിരുന്നു.
സമരക്കാരെ റോഡിലൂടെ വലിച്ചിഴച്ചുവെന്ന ആരോപണം തെറ്റാണ്. പൊലീസ് നടപടിക്കെതിരായ പരാതി പൊലീസിനെ ഇടിച്ചുതാഴ്ത്താനും വില കുറഞ്ഞ പ്രചാരണത്തിനും വേണ്ടിയുള്ളതാണെന്നും വിശദീകരണക്കുറിപ്പിൽ യതീഷ്ചന്ദ്ര വ്യക്തമാക്കി.
നാഷനൽ ഹ്യൂമൻ റൈറ്റ്സ് മിഷൻ എന്ന സംഘടനയാണു പൊലീസ് നടപടിക്കെതിരെ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിരുന്നത്. കേസ് അടുത്ത ഒൻപതിനു പരിഗണിക്കുമെന്നും അന്ന് ഡിസിപി നേരിട്ടു ഹാജരാകണമെന്നും കമ്മിഷൻ നിർദേശിച്ചു.