കൊച്ചി / തിരുവനന്തപുരം ∙ കൊച്ചി മെട്രോ രണ്ടാംഘട്ടത്തിൽ കാക്കനാട്ടേക്കു ദീർഘിപ്പിക്കാനുള്ള പദ്ധതിക്കു സംസ്ഥാന മന്ത്രിസഭ അനുമതി നൽകി. പദ്ധതിക്കു കേന്ദ്രസർക്കാർ അനുമതികൂടി ലഭിക്കേണ്ടതുണ്ട്. ഇതിനു പദ്ധതി ഉടൻ കേന്ദ്രത്തിൽ സമർപ്പിക്കും. കലൂർ രാജ്യാന്തര സ്റ്റേഡിയം സ്റ്റേഷനിൽനിന്ന് ഇൻഫോപാർക്ക് ഒന്ന്, രണ്ട് ഘട്ടം, സ്മാർട് സിറ്റി ക്യാംപസ് വരെയെത്തുന്നതാണു രണ്ടാംഘട്ട വികസനം. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 2310 കോടി രൂപയാണു പദ്ധതിച്ചെലവ്. ദൂരം 11.2 കിലോമീറ്റർ. മൊത്തം 11 സ്റ്റേഷനുകളുണ്ടാവും.
നേരത്തേയുണ്ടായിരുന്ന രൂപരേഖയിൽ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഇൻഫോപാർക്ക് ഒന്നാം ഘട്ടത്തിലായിരുന്നു മെട്രോ സർവീസ് അവസാനിക്കുന്നത്. പിന്നീട് ഇൻഫോപാർക്ക്, ഒന്ന്, രണ്ട് എന്നിങ്ങനെ സ്റ്റേഷനുകൾ പ്ലാൻ ചെയ്തു. ഇപ്പോൾ ഇൻഫോ പാർക്ക് ഒന്ന്, രണ്ട് ഘട്ടങ്ങളെയും സ്മാർട് സിറ്റിയെയും ഉൾക്കൊള്ളിച്ച് ഒറ്റ സ്റ്റേഷനാണ്. നേരത്തേ കുന്നുംപുറത്ത് സ്റ്റേഷൻ നിശ്ചയിച്ചതു പടമുകളിലേക്കു മാറ്റി. പുതുക്കിയ പ്രോജക്ട് റിപ്പോർട്ട് അനുസരിച്ച് 2023ൽ 1.04 ലക്ഷം പേർ കാക്കനാട് റൂട്ടിൽ മെട്രോയിൽ യാത്ര ചെയ്യുമെന്നാണു കണക്ക്.
മൂന്നാം ഘട്ടമായി ആലുവ മുതൽ അങ്കമാലി വരെ മെട്രോ നീട്ടുന്നതിനുള്ള വിശദ പദ്ധതിരേഖ തയാറാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.