ന്യൂഡൽഹി ∙ കൊച്ചി മെട്രോ റെയിൽ രണ്ടാംഘട്ടം വികസനപദ്ധതിക്ക് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട യോഗം അടുത്തയാഴ്ച.
സംസ്ഥാന സർക്കാർ സമർപ്പിച്ച പദ്ധതി നഗരവികസന മന്ത്രാലയം പരിഗണിക്കും. അന്തിമ അനുമതിയുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുമെന്നു നഗരവികസന മന്ത്രി ഹർദിപ് സിങ് പുരി വ്യക്തമാക്കി.
കെ.വി.തോമസ് എംപി നൽകിയ നിവേദനത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. നഗര വികസന സെക്രട്ടറി ദുർഗ സിങ് മിശ്രയുമായും ഇക്കാര്യം ചർച്ച ചെയ്തതായും കെ.വി.തോമസ് പറഞ്ഞു.
കഴിഞ്ഞ ജൂലൈയിൽ സംസ്ഥാന സർക്കാർ അംഗീകരിച്ച പദ്ധതി അനുമതിക്കായി കേന്ദ്രത്തിനു സമർപ്പിച്ചിരിക്കുകയാണ്. കലൂർ രാജ്യാന്തര സ്റ്റേഡിയം സ്റ്റേഷനിൽനിന്ന് ഇൻഫോപാർക്ക് ഒന്നാം ഘട്ടം, രണ്ടാം ഘട്ടം, സ്മാർട് സിറ്റി ക്യാംപസ് എന്നിവ വരെയെത്തുന്നതാണു രണ്ടാംഘട്ട വികസനം.
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 2310 കോടി രൂപയാണു പദ്ധതിച്ചെലവ്. 11.2 കിലോമീറ്റർ ദൂരത്തിൽ 11 സ്റ്റേഷനുകളാണ് രണ്ടാം ഘട്ടത്തിൽ.