കൊച്ചി∙ കൊച്ചി മെട്രോ വികസന പ്രവർത്തനങ്ങൾക്ക് 189 കോടി രൂപ വായ്പ നല്‍കാമെന്ന് ഫ്രഞ്ച് വികസന ഏജന്‍സി സന്നദ്ധത അറിയിച്ചു. കെഎംആര്‍എല്‍ സമര്‍പ്പിച്ച പദ്ധതിരേഖ വിശദമായി പരിശോധിച്ചാണ് ഫ്രഞ്ച് ഏജന്‍സി തുക നല്‍കാന്‍ സന്നദ്ധത അറിയിച്ചത്. മെട്രോ സ്റ്റേഷനുകളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതി പ്രദേശങ്ങള്‍ മോടി പിടിപ്പിക്കുന്നതിനും തുക വിനിയോഗിക്കാം.
ആലുവ, ഇടപ്പള്ളി, വൈറ്റില, പേട്ട, എസ്എന്‍ ജംങ്ഷന്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട സ്റ്റേഷനുകളാണു പദ്ധതിയുടെ ഭാഗമായി വരിക. കെഎംആര്‍എല്‍ സമര്‍പ്പിച്ച പദ്ധതിരേഖ ഫ്രഞ്ച് ഏജന്‍സി രണ്ടു ദിവസമെടുത്തു വിശദമായി പരിശോധിച്ചു. വിശദമായ പദ്ധതിരേഖ സമര്‍പ്പിക്കുന്ന മുറയ്ക്ക് ഫണ്ട് അനുവദിക്കുമെന്ന് ഫ്രഞ്ച് വികസന ഏജന്‍സി അറിയിച്ചു.
മെട്രോയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളില്‍ ഏജന്‍സി തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനും ഒന്നാം ഘട്ടം തുടർ പ്രവർത്തനങ്ങൾക്കും ഭാവിയിൽ തുക നൽകാമെന്നു സൂചിപ്പിച്ചിട്ടുണ്ട്. ഏജൻസി സംഘം മഹാരാജാസ് മുതൽ തൃപ്പൂണിത്തുറ വരെയുള്ള പദ്ധതി പ്രദേശങ്ങൾ സന്ദർശിക്കുകയും പ്രവർത്തന പുരോഗതി വിലയിരുത്തുകയും ചെയ്തു.