മുംബൈ ∙ 1993 മേയ് അഞ്ചിന് മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് തങ്ങളുടെ ആദ്യവിമാനം പറന്നുയർന്നപ്പോൾ വലിയ സ്വപ്നങ്ങളായിരുന്നു നരേഷ് ഗോയലിന്റെ മനസ്സിൽ. സ്വപ്നങ്ങളെ പിന്തുടരുകയും അവയിൽ പലതും യാഥാർഥ്യമാക്കുകയും ചെയ്ത ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയൽ ഇന്ത്യയുടെ വ്യോമയാന ചിത്രം മാറ്റിവരയ്ക്കുകയായിരുന്നു. കമ്പനി പുതിയ ലക്ഷ്യങ്ങളിലേക്കു ചിറകു വിരിക്കാനൊരുങ്ങവെ സിഇഒ വിനയ് ദുബെ സംസാരിക്കുന്നു:
? എയർ ഇന്ത്യ വിൽപനയ്ക്കുള്ള ആലോചനകൾ നടക്കുകയാണല്ലോ. അത് സ്വന്തമാക്കാൻ ജെറ്റ് ആലോചിക്കുന്നതായി കേൾക്കുന്നു.
∙ എയർ ഇന്ത്യ വാങ്ങാൻ െജറ്റ് എയർവേസിനു പദ്ധതിയില്ല. സർക്കാർ മുന്നോട്ടുവച്ചിരിക്കുന്ന പല നിബന്ധനകളും ഞങ്ങളുടെ നയവുമായി ചേരുന്നതല്ല.
? ഇത്തിഹാദ് എയർവേയ്സ് ജെറ്റുമായുള്ള ബന്ധം അവസാനിപ്പിക്കാൻ പോകുന്നതായുള്ള റിപ്പോർട്ടുകൾ എത്രമാത്രം ശരിയാണ്
∙ െതറ്റാണ്. ഇക്കാര്യം ഇത്തിഹാദ് തന്നെ വിശദീകരിച്ചിട്ടുണ്ട്. അവർ ഞങ്ങളുടെ വലിയ ബിസിനസ് പങ്കാളിയാണ്. ഇത്തിഹാദിന്റെ സഹായംകൊണ്ട് ഗൾഫ് മേഖലയിലെ സർവീസ് നന്നായി കൈകാര്യം ചെയ്യാനും സാധ്യതകൾ പ്രയോജനപ്പെടുത്താനും കഴിയുന്നുണ്ട്.
? ഗൾഫ് മേഖലയിലേക്കുള്ള യാത്രക്കാരിൽ വലിയ പങ്കും മലയാളികളാണ്. കേരള വിപണിയെക്കുറിച്ച്
∙ ജോലിക്കാർ, അവധി ആഘോഷിക്കാൻ പോകുന്നവർ, ജോലി തേടി പോകുന്നവർ, വിനോദ സഞ്ചാരികൾ, ബിസിനസുകാർ എന്നിങ്ങനെ ഗൾഫ് യാത്രക്കാരിൽ വലിയൊരു പങ്കും മലയാളികളാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നായി പ്രതിദിനം 13 വിമാനങ്ങൾ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുണ്ട്.
? പശ്ചിമേഷ്യയിലെ ഏതാണ്ട് എല്ലാ വിമാന കമ്പനികളും കേരളത്തിലേക്കു സർവീസ് നടത്തുന്നുണ്ട്. ജെറ്റ് എയർവേയ്സ് എന്തിനു തിരഞ്ഞെടുക്കണം?
∙ സ്വന്തം നാട്ടിൽ നിന്നുള്ള വിമാന കമ്പനി എന്നതു തന്നെയാണ് വിദേശയാത്ര ചെയ്യുന്ന ഇന്ത്യക്കാരന്റെ മുന്നിൽ ജെറ്റ് എയർവേയ്സിന്റെ മുഖം. എന്റെ പൈതൃകം, എന്റെ ഭക്ഷണം, എന്റെ നാട്ടുകാരായ ജീവനക്കാരും സഹയാത്രികരും...യാത്രക്കാർക്ക് കുറ്റമറ്റ രീതിയിലുള്ള സേവനം ഞങ്ങൾ ഉറപ്പു തരുന്നു. വിമാനത്തിലെ മെനുവിലെ ഒരു വിഭവമാണ് പുട്ടും കടലയും. വിഷുവിനും ഓണത്തിനുമെല്ലാം സ്പെഷൽ വിഭവങ്ങൾ ഒരുക്കാറുണ്ട്.
? ജോലി തേടിപ്പോയിരുന്നവരായിരുന്നു ആദ്യകാലത്ത് പശ്ചിമേഷ്യയിലേക്കുള്ള യാത്രക്കാരിൽ ഏറെയും. എന്തു മാറ്റമാണ് ഇപ്പോഴുള്ളത്?
∙ യാത്രക്കാരുടെ ഘടനയിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. 25 വർഷം മുൻപുള്ള ദുബായ് അല്ലല്ലോ ഇപ്പോൾ. ആ മാറ്റം യാത്രക്കാരിലുമുണ്ടായിട്ടുണ്ട്. ഗൾഫ് മേഖലയിലേക്കു വിനോദ സഞ്ചാരികളുടെ എണ്ണം കൂടി. ബന്ധുക്കളെ കാണാനായി പോകുന്നവരുടെയും ബിസിനസുകാരുടെയും എണ്ണം വർധിച്ചു.
? ‘പ്രീമിയം കാരിയറാണ്’ ജെറ്റ്. 25-ാം വാർഷികത്തോട് അനുബന്ധിച്ച് നിരക്കു കുറഞ്ഞ സർവീസുകൾ ആരംഭിക്കാനോ മറ്റോ പദ്ധതിയുണ്ടോ?
∙ മികച്ച സേവനമാണ് െജറ്റിന്റെ സവിശേഷത. നിലവാരം ഇനിയും മെച്ചപ്പെടുത്തും. നിരക്കു കുറവ് ഓഫറുകൾ പലപ്പോഴും നൽകുന്നുണ്ട്. ഇപ്പോൾ പ്രഖ്യാപനങ്ങളൊന്നുമില്ല. എന്നാൽ, അപ്രതീക്ഷിത ഓഫറുകൾക്കുള്ള സാധ്യതകൾ തള്ളുന്നുമില്ല. കേരളത്തിലേക്കുള്ള സർവീസുകൾ ക്രമേണ വർധിപ്പിക്കും.