ന്യൂഡൽഹി∙ ജീവനക്കാരുടെ ശ്രദ്ധക്കുറവിനെ തുടർന്നു വിമാന യാത്രക്കാർക്കു ചെവിയിൽനിന്നും മൂക്കിൽനിന്നു രക്തസ്രാവം. മുംബൈയിൽനിന്നു ജയ്പൂരിലേക്കു പറന്ന ജെറ്റ് എയർവെയ്സ് വിമാനത്തിലാണു സംഭവം. 166 യാത്രക്കാരിൽ മുപ്പതിലധികം പേർക്കാണു രക്തസ്രാവം ഉണ്ടായത്. പലർക്കും തലവേദനയും അനുഭവപ്പെട്ടു. ഇതേത്തുടർന്നു വിമാനം തിരിച്ചിറക്കി.
Read Also: 41,000 അടി ഉയരത്തിൽ വിമാനം; പൈലറ്റിന് ദാരുണാന്ത്യം, സംഭവിച്ചതെന്ത്?
രാവിലെ പറന്നുയർന്ന 9 ഡബ്ല്യു 697 വിമാനമാണു തിരിച്ചിറക്കിയതെന്നാണു വിവരം. ടേക്ക് ഓഫ് സമയത്ത് കാബിനിലെ വായുസമ്മർദം നിയന്ത്രിക്കുന്നതിലെ പിഴവാണു യാത്രക്കാരെ കുഴപ്പത്തിലാക്കിയത്. വിമാന ജീവനക്കാർ ഉടൻ ഓക്സിജൻ മാസ്കുകൾ യാത്രക്കാർക്കു നൽകി. രക്തസ്രാവത്തിനൊപ്പം പലർക്കും തലവേദനയും അനുഭവപ്പെട്ടത് വിമാനത്തിനുള്ളിൽ പരിഭ്രാന്തി പരത്തി.
മുംബൈയിൽ തിരിച്ചിറക്കിയ വിമാനത്തിലെ യാത്രക്കാരെ ഡോക്ടർമാർ പരിശോധിച്ചു. പറന്നുപൊങ്ങുന്നതിനു മുൻപു കാബിനിലെ വായുസമ്മർദം ക്രമീകരിക്കുന്നതിൽ വന്ന പിഴവാണ് അപകടത്തിനു കാരണമെന്നു ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പറഞ്ഞു. ഡിജിസിഎയുടെ നിർദേശപ്രകാരം എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ജെറ്റ് എയർവെയ്സ് വക്താവ് പിന്നീട് ഖേദം പ്രകടിപ്പിച്ചു.