Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മതിലിൽ ഇടിച്ച് പൊളിഞ്ഞ വിമാനം പറന്നത് 4 മണിക്കൂർ

thiruchirapally-flight-accident തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെ മതിലിൽ ഇടിച്ച് അടിഭാഗം തകർന്ന വിമാനം മുംബൈയിൽ ഇറക്കിയപ്പോൾ.

ചെന്നൈ∙തിരുച്ചിറപ്പള്ളിയിൽ നിന്നു ദുബായിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം പറന്നുയരുന്നതിനിടെ വിമാനത്താവളത്തിന്റെ ചുറ്റുമതിലിൽ ഇടിച്ചു. വിമാനത്തിന്റെ അടിഭാഗത്ത് പൊട്ടലും വിള്ളലും ഉണ്ടാവുകയും ആന്റിന തകരുകയും ചെയ്തെങ്കിലും അപകടത്തിന്റെ ഗൗരവം മനസ്സിലാക്കാതെ പൈലറ്റുമാർ 4 മണിക്കൂർ പറന്നു. വിമാനത്തിൽ 136 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
എയർ ട്രാഫിക് കൺട്രോൾ (എടിസി) വിവരം കൈമാറിയപ്പോഴാണു പൈലറ്റ് അപകടത്തെക്കുറിച്ചറിഞ്ഞത്.

ചുമതലയുണ്ടായിരുന്ന രണ്ടു പൈലറ്റുമാരെ അന്വേഷണ വിധേയമായി ജോലിയിൽ നിന്നു മാറ്റി നിർത്തി. സംഭവത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. വിശദ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറലിന് (ഡിജിസിഎ) മന്ത്രി സുരേഷ് പ്രഭു നിർദേശം നൽകി.  തിരുച്ചിറപ്പള്ളിയിൽ നിന്നു വെള്ളിയാഴ്ച പുലർച്ചെ 1.20നു ദുബായിലേക്കു പുറപ്പെട്ട ബോയിങ് ബി 737-800 വിമാനത്തിലെ യാത്രക്കാരാണു ദുരന്തത്തിൽ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. അപകടം നടന്നയുടൻ എടിസി പൈലറ്റിനു വിവരം കൈമാറി. വിമാനത്തിലെ എല്ലാ സംവിധാനങ്ങളും സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു മറുപടി.

അപകടത്തെക്കുറിച്ച് വിമാനത്തിലുള്ളവർ അറിഞ്ഞിരുന്നില്ല. എന്നാൽ, മുൻകരുതൽ നടപടിയെന്ന നിലയിൽ മുംബൈയിലേക്കു തിരിച്ചുവിടാൻ എടിസി നിർദേശിച്ചു. പുലർച്ചെ 5.35-നു വിമാനം മുംബൈയിൽ ഇറക്കി പരിശോധിച്ചപ്പോഴാണ് തകരാറുകൾ കണ്ടെത്തിയത്.