Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനങ്ങൾ നേർക്കുനേരെ; കൂട്ടിയിടി ഒഴിവായി

FLIGHT

കൊൽക്കത്ത ∙ 45 സെക്കൻഡ് മാത്രം ബാക്കിയുള്ളപ്പോൾ നേർക്കു നേർ വന്ന വിമാനങ്ങൾ കൂട്ടിയിടിക്കാതെ രക്ഷപ്പെടുത്തി. ചെന്നൈയിൽ നിന്നു ഗുവാഹത്തിയിലേക്കും ഗുവാഹത്തിയിൽ നിന്നു കൊൽക്കത്തയിലേക്കും പോയ ഇൻഡിഗോ വിമാനങ്ങളാണ് ഇന്ത്യ– ബംഗ്ലദേശ് വ്യോമാതിർത്തിയിൽ അടുത്തടുത്തുവന്നത്.

ബുധനാഴ്ച 5.10നായിരുന്നു സംഭവം. കൊൽക്കത്തയ്ക്കുള്ള വിമാനം 36,000 അടിയും ഗുവാഹത്തിക്കുള്ള വിമാനം 35,000 അടിയും ഉയരത്തിലായിരുന്നു. ബംഗ്ലദേശിലെ എയർ ട്രാഫിക് കൺട്രോളിൽ നിന്ന് 35,000 അടിയായി ഉയരം കുറയ്ക്കാൻ നിർദേശം വന്നതോടെ ആദ്യ വിമാനം താണുപറന്നു. കൊൽക്കത്ത എയർ ട്രാഫിക് കൺട്രോളിൽ നിന്ന് ഉടൻ തന്നെ രണ്ടാമത്തെ വിമാനം വലത്തേയ്ക്കു തിരിച്ചുവിടാൻ നിർദേശം നൽകിയതോടെ കൂട്ടിയിടി ഒഴിവായി.

ചട്ടപ്രകാരം കുത്തനെയും വിലങ്ങനെയും 1000 അടിയായിരിക്കണം 2 വിമാനങ്ങൾ തമ്മിലുള്ള കുറഞ്ഞ അകലം. ഇതു ലംഘിക്കപ്പെടുമ്പോൾ പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകുന്ന സംവിധാനം പ്രവർത്തിച്ചോ എന്ന് വ്യക്തമായിട്ടില്ല.