Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഊർജ കേരള മിഷൻ നടപ്പാക്കുന്നത് 5 പദ്ധതികൾ

solar-panel

തിരുവനന്തപുരം∙ വൈദ്യുതി മേഖലയുടെ വികസനം ലക്ഷ്യമിട്ടു മൂന്നു വർഷത്തിനകം നടപ്പാക്കുന്ന അഞ്ചു പദ്ധതികൾ കോർത്തിണക്കി ‘ഊർജ കേരള മിഷനു’മായി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

സൗര
മൂന്നു വർഷത്തിനകം വൈദ്യുതി ബോർഡിന്റെ നേതൃത്വത്തിൽ 1000 മെഗാവാട്ട് വൈദ്യുതി സൗര പദ്ധതികളിൽ നിന്ന് ഉൽപാദിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സൗര. അടുത്ത ജനുവരി മുതൽ പുരപ്പുറ(മേൽക്കൂര) സോളർ നിലയങ്ങൾ സ്ഥാപിച്ചു തുടങ്ങും. ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ 10% സൗജന്യമായി കെട്ടിടമുടമയ്ക്ക് ഉപയോഗിക്കാം. അല്ലെങ്കിൽ മുഴുവൻ വൈദ്യുതിയും 25 വർഷത്തേക്കു നിശ്ചിത നിരക്കിൽ കെട്ടിടമുടമയ്ക്കു നൽകും. ഉപയോക്താവിന്റെ ചെലവിൽ മേൽക്കൂരയിൽ ബോർഡ് സൗരനിലയം സ്ഥാപിക്കുകയും അവിടത്തെ ഉപയോഗം കഴിഞ്ഞു ബാക്കിയുള്ളതു നിശ്ചിത നിരക്കിൽ വാങ്ങുകയും ചെയ്യുന്ന പദ്ധതിയുമുണ്ട്.

എൽഇഡി വിപ്ലവം
ഫിലമെന്റ് ബൾബുകൾക്കും ഫ്ലൂറസന്റ് വിളക്കുകൾക്കും പകരം എൽഇഡി ബൾബുകളും ട്യൂബുകളും എല്ലാ ഗാർഹിക ഉപയോക്താക്കൾക്കും നൽകുന്ന പദ്ധതിയാണിത്. തദ്ദേശഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചു തെരുവുവിളക്കുകൾ മാറ്റും. ഗാർഹിക മേഖലയിൽ ഏഴരക്കോടി എൽഇഡി ബൾബുകളും മൂന്നരക്കോടി എൽഇഡി ട്യൂബുകളുമാണു വിതരണം ചെയ്യുക.

‘ദ്യുതി 2021’
വൈദ്യുതി വിതരണ ശൃംഖലയെ 2021 ആകുമ്പോഴേക്ക് ലോക നിലവാരത്തിലെത്തിക്കാൻ ലക്ഷ്യമിടുന്ന സമഗ്ര പദ്ധതിയാണിത്. ഒരു സബ്‌സ്റ്റേഷനിൽ നിന്നു തുടങ്ങി മറ്റൊരു സബ്‌സ്റ്റേഷനിൽ അവസാനിക്കുന്ന രൂപത്തിൽ വൈദ്യുതി ശൃംഖലയെ സമഗ്രമായി കണ്ടു ന്യൂനതകൾ പരിഹരിച്ചു രൂപരേഖ തയാറാക്കി നടപ്പാക്കും. മൂന്നു വർഷത്തിനകം 4035.57 കോടി രൂപയുടെ പ്രവർത്തനങ്ങളാണു വിതരണ മേഖലയിൽ നടപ്പാക്കുക. ഇതിൽ 3782 കോടി വികസനത്തിനും 50 കോടി പുതിയ കണക്‌ഷൻ നൽകുന്നതിനും ബാക്കി തുക കേടായ മീറ്റർ മാറ്റുന്നതിനുമാണ്.

ട്രാൻസ്ഗ്രിഡ് 2.0
വൈദ്യുതി പ്രസാരണ ശൃംഖല മെച്ചപ്പെടുത്തുക, ശേഷി വർധിപ്പിക്കുക, പ്രസാരണ നഷ്ടം കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടുള്ള 10,000 കോടിയുടെ പദ്ധതി. 2020 ൽ പൂർത്തിയാക്കുന്ന തരത്തിൽ ഒന്നാംഘട്ട പദ്ധതി ആരംഭിച്ചു. ഇതിൽ രണ്ട് 400 കെവി സബ്‌സ്റ്റേഷന്റെയും പന്ത്രണ്ട് 220 കെവി. സബ്‌സ്റ്റേഷന്റെയും അനുബന്ധ ലൈനുകളുടെയും നിർമാണം ഉൾപ്പെടുന്നു.

ഇ സേഫ്
‘വൈദ്യുതി അപകടരഹിത കേരളം' ലക്ഷ്യമിടുന്ന പദ്ധതി. ടവറുകളിൽ കയറാതെ ഇൻസുലേറ്ററിന്റെയും കണ്ടക്ടറുകളുടെയും അവസ്ഥ നിരീക്ഷിക്കാൻ ഡ്രോൺ ഉപയോഗിക്കും.