Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവൈ രാജ്യാന്തര ഐടി കേന്ദ്രം തിരുവനന്തപുരത്തേക്ക്

ey-global-logo

തിരുവനന്തപുരം∙ നിസാൻ ഗ്ലോബൽ ഡിജിറ്റൽ ഹബ്ബിനു ശേഷം, പ്രമുഖ കൺസൽറ്റൻസി സ്ഥാപനമായ ഏൺസ്റ്റ് ആൻഡ് യങ്ങിന്റെ (ഇവൈ) രാജ്യാന്തര ഐടി കേന്ദ്രവും തിരുവനന്തപുരത്തേക്ക്. 3,000 ഹൈപ്രൊഫൈൽ തൊഴിലവസരങ്ങൾ നൽകുന്ന മാനേജ്ഡ് സർവീസസ് സെന്ററാണ് ആരംഭിക്കുന്നത്. 

തിരുവനന്തപുരത്തു നിലവിലുള്ള ഏൺസ്റ്റ് ആൻഡ് യങ്ങിനുള്ള ഗ്ലോബൽ സർവീസസ് ഡെലിവറി സെന്ററിനു പുറമെയാണു പുതിയ കേന്ദ്രം. കിൻഫ്ര പാർക്കില്‍ നാലുലക്ഷം ചതുരശ്രയടിയിലാകും കേന്ദ്രം ആരംഭിക്കുക. ആഗോള ഡപ്യൂട്ടി വൈസ് ചെയർമാൻ ശ്രീനിവാസ റാവു മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. എല്ലാ പിന്തുണയും ഉറപ്പാക്കാമെന്നു സർക്കാർ ഉറപ്പുനൽകി. സെന്ററിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണു സൂചന. 

ആഗോള മാനേജിങ് പാർട്നർ കാർമൈൻ ഡി സിബിയോയും സംഘവും നേരത്തേ ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തിയിരുന്നു. മറ്റു കമ്പനികൾക്കുവേണ്ടി വിവിധ ഐടി സേവനങ്ങള്‍ ചെയ്തുനൽകുകയാണു മാനേജ്ഡ് സർവീസ് രീതി. ധാരാളം ഐടി വിഭാഗങ്ങൾ കൈകാര്യം ചെയ്യേണ്ടിവരുന്ന കമ്പനികളിൽ പലതും ഇത്തരം മാനേജ്ഡ് സർവീസ് കമ്പനികൾക്കു ചില വിഭാഗങ്ങൾ പൂർണമായും വിട്ടുനൽകാറുണ്ട്. നല്‍കുന്ന സേവനത്തിന്റെ പൂർണമായ ഉത്തരവാദിത്തവും ഈ കമ്പനികൾക്കാവും. ജോലി ഏൽപിക്കുന്ന കമ്പനികൾക്ക് അവരുടെ പ്രധാന ബിസിനസിൽ കൂടുതൽ ശ്രദ്ധിക്കുകയും ചെയ്യാം. 

സെർവറുകളുടെയും മറ്റും വിദൂര നിയന്ത്രണവും മേൽനോട്ടവുമാണ് ആദ്യകാലത്തു മാനേജ്ഡ് സർവീസിലെ സിംഹഭാഗവും. എവിടെയിരുന്നും പ്രവർത്തിക്കാവുന്ന ക്ലൗഡ് സൗകര്യം വളർന്നതോടെ എല്ലാ തരത്തിലുമുള്ള സേവനങ്ങൾ മാനേജ്ഡ് സർവീസസ് കമ്പനികളുടെ ഭാഗമായി. 

കിൻഫ്ര പാർക്കിൽ പണി പൂർത്തിയാകുന്ന കെട്ടിടങ്ങളാണു പരിഗണിക്കുന്നത്. തിരുവനന്തപുരം, കൊച്ചി കേന്ദ്രങ്ങളിലായി നിലവിൽ ഏൺസ്റ്റ് ആൻഡ് യങ്ങിന് അയ്യായിരത്തോളം ജീവനക്കാരുണ്ട്.