സാംസങ്: ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമാണ യൂണിറ്റ് ഇന്ത്യയില്‍

സാംസങ്ങിന്റെ നവീകരിച്ച ഫാക്ടറി

ന്യൂഡൽഹി ∙ ലോകത്തിലെ  ഏറ്റവും  വലിയ മൊബൈൽ ഫോൺ നിർമാണ യൂണിറ്റ് ഇനി ഉത്തർപ്രദേശിലെ നോയിഡയിൽ. ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങിന്റെ നവീകരിച്ച ഫാക്ടറിയുടെ  ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി, ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജെ ഇൻ എന്നിവർ ചേർന്നു നിർവഹിച്ചു. 

1995ൽ ആരംഭിച്ച ഫാക്ടറി 4915 കോടി രൂപ മുതൽമുടക്കിലാണു നവീകരിച്ചത്. ഇതോടെ പ്രതിവർഷം 14 കോടിയിലധികം സ്മാർട് ഫോൺ ഇവിടെ നിന്ന് ഉൽപാദിപ്പിക്കാൻ സാധിക്കും.  മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്കു കരുത്തു പകരുന്നതാണു സംരംഭമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മൊബൈൽ ഫോൺ കയറ്റുമതി വർധിക്കുന്നതോടെ  രാജ്യാന്തര വിപണിയുടെ 30 ശതമാനം രാജ്യത്തിനു സ്വന്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ 70,000 പേർ പ്ലാന്റിൽ ജോലി ചെയ്യുന്നുണ്ട്. 1000 പേർക്കു കൂടി അധിക ജോലി ലഭിക്കും. 

∙ നോയിഡ സെക്ടർ 81ലെ ഫാക്ടറിയുടെ വികസനങ്ങൾക്കായി 35 ഏക്കർ അനുവദിച്ചു

∙ നിലവിൽ പ്രതിമാസം 50 ലക്ഷം മൊബൈൽ ഫോൺ പുറത്തിറക്കാനുള്ള ശേഷി. 1.2 കോടിയായി ഉയരും. 

∙ നോയിഡയിലെ പ്ലാന്റിലെ ഫോൺ ആഫ്രിക്ക, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്കു കയറ്റുമതി ചെയ്യും.