Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റാർട്ടപ്പുകൾക്ക് 50% സബ്സിഡി നിരക്കിൽ സ്ഥലം വാടകയ്ക്ക്

Startup

തിരുവനന്തപുരം∙ സ്റ്റാർട്ടപ്പുകൾക്കു സർക്കാരിനു കീഴിലുള്ള വിവിധ ഐടി–വ്യവസായ പാർക്കുകളിലെ കെട്ടിടങ്ങളിൽ 50% വരെ സബ്സിഡി നിരക്കിൽ സ്ഥലം വാടകയ്ക്കു നൽകാൻ പദ്ധതിയായി. യുവസംരംഭകർക്കായി രൂപീകരിച്ച യങ് ഒൻട്രപ്രനർ ഡവലപ്മെന്റ് പ്രോഗ്രാമിൽനിന്ന് ഇതിനായി ഫണ്ട് കണ്ടെത്താനാണു തീരുമാനം. നിലവിൽ പ്രവർത്തനം വിപുലീകരിക്കാനൊരുങ്ങുന്ന സ്കെയിൽ അപ് പ്രോഡക്ട് സ്റ്റാർട്ടപ്പുകൾക്കാണു സബ്സിഡിക്ക് അർഹത. സർക്കാരിന്റെ ഐടി നയത്തിലെ നിർദേശമാണു യാഥാർഥ്യമാകുന്നത്.

പാർക്കിൽ സ്ഥലം അനുവദിക്കുന്ന നിരക്കിന്റെ 50% വരെ ഇളവ് അല്ലെങ്കിൽ ചതുരശ്രയടിക്ക് 20 രൂപയുടെ ഇളവാണ് സബ്സിഡിയായി നൽകുക. വൈദ്യുതി, വെള്ളം ഉൾപ്പെടെ സൗകര്യമുള്ള ബിൽറ്റപ് സ്പേസ് സംരംഭകനു ലഭിക്കും. സംരംഭങ്ങൾ സംസ്ഥാനത്തുതന്നെ പ്രവർത്തിക്കുന്നവയും 70% ജീവനക്കാർ കേരളത്തിൽനിന്നുള്ളവരുമാകണം. 10 ജീവനക്കാരെങ്കിലും വേണം. കമ്പനികളുടെ വാർഷിക വരുമാനം ചുരുങ്ങിയത് 50 ലക്ഷം രൂപ. ഒന്നരക്കോടി രൂപയുടെ ഫണ്ടിങ് നേടിയ സംരംഭങ്ങൾക്കും അപേക്ഷിക്കാം. 

ഈ മാനദണ്ഡങ്ങൾ പാലിച്ചു നിലവിൽ വിവിധ പാർക്കുകളിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾക്കും സബ്സിഡിക്ക് അർഹതയുണ്ട്. 10,000 ചതുരശ്രയടിയോ ഒരു ജീവനക്കാരന് 70 ചതുരശ്രയടിയെന്ന നിലയിലോ ആയിരിക്കും സ്ഥലം നൽകുക. മൂന്നു വർഷത്തേക്കാണു സബ്സിഡി. മൊത്തം വാടക അടച്ചശേഷം സബ്സിഡി തിരികെ നൽകുന്ന രീതിയായിരിക്കും. സർക്കാരുമായി ബന്ധപ്പെട്ട് ഏതെങ്കിലും കുടിശികയുള്ള സ്ഥാപനങ്ങൾക്ക്  അർഹതയുണ്ടായിരിക്കില്ല. സ്റ്റാർട്ടപ് മിഷൻ വഴി ഉടൻ ഓൺലൈനായി അപേക്ഷ ക്ഷണിക്കും.

ഐഡിയ ഡേ : സ്റ്റാർട്ടപ്പുകൾക്ക് അവസരം

തിരുവനന്തപുരം∙ ടൂറിസം, ഗതാഗതം, റിയൽഎസ്റ്റേറ്റ്, ആരോഗ്യസംരക്ഷണം ഉൾപ്പെടെയുള്ള 13 മേഖലകളിൽ സമഗ്രവികസനത്തിനുതകുന്ന സ്റ്റാർട്ടപ്പുകൾക്കു നൂതന ആശയങ്ങൾ സമർപ്പിക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷന്റെ 'ഐഡിയ ഡേ'യിൽ അവസരമൊരുങ്ങുന്നു. 28നു തലസ്ഥാനത്തു നടക്കുന്ന 'ഐഡിയ ഡേ'യിലേക്കു 15 വരെ അപേക്ഷകൾ സമർപ്പിക്കാം. 

തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്കു വിവിധ ഘട്ടങ്ങളിലായി രണ്ടുലക്ഷം രൂപ മുതൽ 12 ലക്ഷം രൂപവരെ ധനസഹായം ലഭിക്കും. വെബ്സൈറ്റ്: https://startupmission.kerala.gov.in/pages/ideaday