തിരുവനന്തപുരം∙ എയ്റോസപെയ്സ് രംഗത്തെ സ്റ്റാർട്ടപ്പുകൾക്കു ചിറകുയർത്താൻ സഹായവുമായി പ്രശസ്ത ഫ്രഞ്ച് വിമാന നിർമാണക്കമ്പനി എയർബസ് കേരളത്തിലേക്ക്. ടെക്നോപാർക്കിന്റെ നാലാം ഘട്ടമായ പള്ളിപ്പുറം ടെക്നോസിറ്റിയിലെ നിർദിഷ്ട സ്പേസ് പാർക്കിൽ എയർബസ് പങ്കാളിയായേക്കും.
എയ്റോസപെയ്സ് രംഗവുമായി ബന്ധപ്പെട്ടുള്ള സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാൻ എയർബസ് ആരംഭിച്ച ബിസ്‍ലാബ് (Bizlab) ആക്സിലറേറ്റർ പദ്ധതി കേരളത്തിലേക്കു വ്യാപിപ്പിച്ചേക്കും. നൂതന ആശയങ്ങളുള്ള സ്റ്റാർട്ടപ്പുകൾക്കൊപ്പം പ്രവർത്തിച്ചു മികച്ച സംരംഭങ്ങളെ എയർബസിന്റെ ഭാഗമാക്കുന്നതാണു ബിസ്‍ലാബിന്റെ രീതി. ലോകത്തിൽ ആകെയുള്ള നാലു ബിസ്‍ലാബുകളിൽ ഒരെണ്ണം ബെംഗളൂരുവിലാണ്. ഫ്രാൻസിലെ ടുളൂസ്, സ്പെയിനിലെ മാഡ്രിഡ്, ജർമനിയിലെ ഹാംബർഗ് എന്നിവിടങ്ങളിലാണു മറ്റു ലാബുകൾ. ബെംഗളൂരുവിലെ പ്രവർത്തനങ്ങളാകും കേരളത്തിലേക്കു വ്യാപിപ്പിക്കുക.
സർക്കാരുമായുള്ള പ്രാഥമിക ചർച്ചകൾക്കായി എയർബസ് ബിസ്‍ലാബ് മേധാവി ബ്രൂണോ ഗുട്ട്റെസ്, ഇന്ത്യ മേധാവി സിദ്ധാർഥ് ബാലചന്ദ്രൻ എന്നിവർ ഇന്നലെ തലസ്ഥാനത്തെത്തി. സ്പേസ് ടെക്കുമായി ബന്ധപ്പെട്ട 10 സ്റ്റാർട്ടപ്പുകളുമായി ചർച്ച നടത്തി. ബിസ്‍ലാബ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വിശദ പദ്ധതിരേഖ തയാറാക്കി ഫ്രാൻസിലെ എയർബസ് ആസ്ഥാനത്തേക്ക് ഉടൻ അയയ്ക്കും.
ഐടി സെക്രട്ടറി എം.ശിവശങ്കർ, സ്റ്റാർട്ടപ് മിഷൻ സിഇഒ സജി ഗോപിനാഥ്, ഐസിടി അക്കാദമി മേധാവി സന്തോഷ് കുറുപ്പ്, സ്പേസ് പാർക്ക് കൺസൽറ്റന്റായ കെപിഎംജിയുടെ പ്രതിനിധികൾ എന്നിവരുമായും എയർബസ് സംഘം ചർച്ച നടത്തി.
എയർബസ് ബിസ്‍ലാബ്
തിരഞ്ഞെടുക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ആറു മാസം ബിസ്‍ലാബിൽ പരിശീലനവും മേൽനോട്ടവും നൽകുന്നതാണ് എയർബസിന്റെ ആക്സിലറേഷൻ പ്രോഗ്രാം. എയർബസിൽ പ്രവർത്തിക്കുന്ന വിദഗ്ധർ (കോച്ച്) നേരിട്ടാകും പരിശീലനം നൽകുക. ഈ കോച്ചുമാർ ആറുമാസം സ്റ്റാർട്ടപ്പുകളോടൊപ്പം പ്രവർത്തിക്കും. 2015ൽ ഫ്രാൻസിൽ എയർബസ് ആസ്ഥാനത്താണ് ആദ്യ ബിസ്‍ലാബ് ആരംഭിച്ചത്. എയ്റോ സ്പേസ് രംഗവുമായി ബന്ധപ്പെട്ടു ഡേറ്റ അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടണമി, റോബോട്ടിക്സ്, യുഎവി, വെർച്വൽ/ഓഗ്‌മെന്റഡ് റിയാലിറ്റി, ബ്ലോക്ചെയിൻ, സൈബർ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കാണു ബിസ്‍ലാബിൽ അവസരം.