തിരുവനന്തപുരം∙ കേരളത്തിലെ വിനോദസഞ്ചാരവികസനരംഗത്തു വൻ കുതിപ്പുണ്ടാക്കുമെന്നു പ്രതീക്ഷിച്ച ജലവിമാനപദ്ധതി പൂർണമായി ഉപേക്ഷിക്കാൻ സർക്കാർ തീരുമാനിച്ചു. പദ്ധതിക്കായി വാങ്ങിയ വാട്ടർ ഡ്രോം ഉൾപ്പെടെയുള്ളവ കണ്ണൂർ വിമാനത്താവളത്തിനും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനും കൈമാറാൻ ടൂറിസം വകുപ്പ് തീരുമാനിച്ചു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 15 കോടിയോളം രൂപ ചെലവഴിച്ച പദ്ധതിയാണു വെള്ളത്തിലായത്.
കൊല്ലത്തും ആലപ്പുഴയിലും സ്ഥാപിച്ച വാട്ടർ ഡ്രോമും സ്പീഡ് ബോട്ടുകളും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകൾക്കും വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്താൻ വാങ്ങിയ സ്കാനർ അടക്കമുള്ള ഉപകരണങ്ങൾ കണ്ണൂർ വിമാനത്താവളത്തിനും കൈമാറാനാണു സർക്കാർ തീരുമാനം. മൽസ്യബന്ധനത്തിനു തടസ്സമാകുമെന്ന് ആരോപിച്ചാണു മൽസ്യത്തൊഴിലാളി യൂണിയനുകൾ വിമാനത്തിനെതിരെ സമരം ചെയ്തത്. യുഡിഎഫ് സർക്കാരിന്റെ കാലത്തു തുടങ്ങിയ പദ്ധതിക്കെതിരെ സിപിഐ ആണു തീവ്രനിലപാടെടുത്തത്. കേന്ദ്രഭരണ പ്രദേശമായ ആൻഡമാനിലും മാലദ്വീപിലും ശ്രീലങ്കയിലുമെല്ലാം മൽസ്യബന്ധനത്തെ ബാധിക്കാതെ ജലവിമാനസർവീസ് നടത്തുന്നുണ്ടെന്നു സർക്കാർ ബോധ്യപ്പെടുത്തിയെങ്കിലും അവർ വഴങ്ങിയില്ല. തുടർന്നു പദ്ധതി മരവിച്ച മട്ടായിരുന്നു.
യുഡിഎഫ് സർക്കാരിന്റെ കാലത്തു നടന്ന എമേർജിങ് കേരളയിലാണു ജലവിമാനപദ്ധതി സർക്കാർ അവതരിപ്പിച്ചത്. ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് (കെടിഐഎൽ) ആണു ജലവിമാന പദ്ധതിയുടെ നടത്തിപ്പുചുമതല നൽകിയത്. കേരള ഏവിയേഷൻ കമ്പനി, കൈരളി എയർ ലൈൻസ്, സീബേർഡ് സീ പ്ലെയിൻ സർവീസസ് തുടങ്ങിയ കമ്പനികളൊക്കെ പല ഘട്ടങ്ങളിലായി മുന്നോട്ടുവന്നെങ്കിലും എതിർപ്പുമൂലം പിൻവാങ്ങുകയായിരുന്നു.
കൊല്ലം അഷ്ടമുടിക്കായൽ, ആലപ്പുഴയിലെ പുന്നമടക്കായൽ, കാസർകോട് ബേക്കൽ ബീച്ച് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി തുടങ്ങാനിരുന്നത്. കേരളത്തിലെ ജലവിമാന പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും എല്ലാവരെയും വിശ്വാസത്തിലെടുത്തു പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നുമായിരുന്നു അടുത്തകാലം വരെ ടൂറിസം വകുപ്പിന്റെ നിലപാട്.