ബെംഗളൂരു / കൊച്ചി∙ഡ്രോൺ സാങ്കേതിക വിദ്യയിൽ മുൻനിരക്കാരായ ആരവ് അൺമാൻഡ് സിസ്റ്റംസ് (എയുഎസ്) കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ് ഫണ്ട് ബോർഡ് (കിഫ്ബി), തെമാറ്റിക് ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുമായി കൈകോർക്കുന്നു.
ഈ സഹകരണത്തിലൂടെ റോഡ്, കനാൽ മാപ്പിങ്, ഓപ്പൺ കാസ്റ്റ് മൈനുകൾ, ഇലക്ട്രിക്ക് ലൈനുകൾ തുടങ്ങിയ വിവിധ മേഖലകളിൽ കമ്പനി ഡ്രോൺ അധിഷ്ഠിത സേവനങ്ങൾ ലഭ്യമാക്കും.
തദ്ദേശീയ സർവേ ഗ്രേഡായ പിപികെ ജിപിഎസ് അധിഷ്ഠിതമായി തനിയെ പ്രവർത്തിക്കുന്ന എയുഎസിന്റെ ഡ്രോൺ തെമാറ്റിക്, ഇൻഫോടെകിനെ റോഡ്, റെയിൽ ഇടനാഴികളുടെ മാപ്പിങിന് സഹായിക്കും. അതേ ഉൽപ്പന്നം തന്നെ കിഫ്ബിയുടെ റോഡ്, കനാൽ, ഇലക്ട്രിക് ലൈനുകൾ തുടങ്ങിയ അടിസ്ഥാനസൗകര്യവികസന പദ്ധതികളുടെ പുരോഗതി വിലയിരുത്താനും ഉപയോഗിക്കും.
'ഇൻസൈറ്റ്-പിപികെ' എന്ന ഉൽപ്പന്നം മറ്റ് ഡ്രോണുകളുമായി താരതമ്യം ചെയ്യുമ്പോൾ പ്രദേശത്ത് രണ്ടു തവണ പറത്തുന്നതിലൂടെ മൂന്നു മടങ്ങ് കൃത്യതയും സ്ഥിരതയുള്ളതുമായ റിസൽറ്റും നൽകും.
സംരംഭങ്ങൾക്ക് ഡ്രോൺ സാങ്കേതിക വിദ്യ എളുപ്പത്തിലും ചെലവു കുറച്ചും വാണിജ്യപരമായി സ്വീകരിക്കാവുന്ന തരത്തിലാണ് എയുഎസ് ഉൽപ്പന്നം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡേറ്റ ശേഖരണവും പ്രോസസിങും വിശകലനവും എല്ലാം സംയോജിപ്പിച്ചാണ് ഇതിന്റെ പ്രവർത്തനം. ഇത് സംരംഭങ്ങളുടെ ജോലി എളുപ്പമാക്കുന്നു. കൂടുതൽ നൂതനമായ, ചെലവു കുറഞ്ഞ കാര്യക്ഷമത കൂടിയ സേവനങ്ങൾ ലഭ്യമാക്കാൻ ശ്രമം തുടരുകയാണെന്ന് എയുഎസ് സഹ സ്ഥാപകനും സിഇഒയുമായ വിപുൽ സിങ് പറഞ്ഞു.
എയുഎസ് ഡ്രോണുകൾ ഉപയോഗിച്ച് പെട്ടെന്ന് ഡേറ്റ കളക്ഷനും സർവെ ഗ്രേഡ് കൃത്യതയും സാധ്യമാകുമെന്നും കിഫ്ബി ചീഫ് പ്രൊജക്റ്റ് എക്‌സാമിനർ എസ്.ജെ. വിജയദാസ് പറഞ്ഞു.