Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരുന്നൂ, മൂന്നാമത്തെ വലിയ ബാങ്ക്‌

bank-merger

ന്യൂഡൽഹി ∙ ബാങ്കിങ് രംഗത്ത് വീണ്ടും ലയനം. പൊതുമേഖലാ ബാങ്കുകളായ ദേനാ ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ ലയിപ്പിക്കുമെന്ന് ധനകാര്യ സേവന സെക്രട്ടറി രാജീവ് കുമാർ പറഞ്ഞു. ലയനം പൂർത്തിയാകുന്നതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായും ഇതു മാറും. ബാങ്കിങ് മേഖല ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. മൂന്നു ബാങ്കുകളുടെയും ബോർഡ് ഓഫ് ഡയറക്ടേഴ്സ്  ലയന നടപടികളുടെ സാധ്യതകൾ വിലയിരുത്തുമെന്നും രാജീവ് കുമാർ പറഞ്ഞു. ലയന ശേഷവും പുതിയ ബാങ്കിന് മൂലധന സഹായം നൽകും.

‌ബാങ്കുകളുടെ ഏകീകരണത്തിന് പരിഗണന നൽകുമെന്ന് കേന്ദ്ര ബജറ്റിൽ പറഞ്ഞിരുന്നു. ഇതിന്റെ ആദ്യപടിയാണ് ഇതെന്നും ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. ജീവനക്കാർക്ക് ബുദ്ധിമുട്ട് നേരിടുന്ന സേവന വ്യവസ്ഥകൾ ഉണ്ടാവുമെന്നും ധനമന്ത്രി പറഞ്ഞു.‌

നിലവിൽ എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ എന്നിവയാണ് രാജ്യത്തെ ഏറ്റവും വലിയ മൂന്നു ബാങ്കുകൾ. എസ്ബിഐ യുടെ അഞ്ച് അസോഷ്യേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും എസ്ബിഐ യിൽ ലയിപ്പിച്ചിരുന്നു. എസ്ബിഐ യിലെ ലയനം തൊഴിൽ നഷ്ടം ഉണ്ടാക്കിയില്ലെന്നും കുമാർ വ്യക്തമാക്ക.ി

പുതിയ ബാങ്കിന് 14.82 ലക്ഷം കോടി രൂപയുടെ ബിസിനസ് ഉണ്ടാവുമെന്നും കണക്കാക്കുന്നു. മൂന്നു ബാങ്കുകളിൽ 2017–2018 ൽ ലാഭം നേടിയ ഏക ബാങ്ക് വിജയ ബാങ്കാണ്. ലയനത്തോടെ പുതിയ ബാങ്കിന്റെ വിപണി മൂല്യം ഏകദേശം 48,000 കോടി രൂപയിലെത്തുമെന്ന് കണക്കാക്കുന്നു.

ബാങ്കിങ് രംഗത്ത് വായ്പാ വിതരണം കുറഞ്ഞു വരികയാണ്. ഇതു കമ്പനികളെ ബാധിക്കുന്നുണ്ട്. മുൻപു വൻ തോതിൽ വായ്പ നൽകിയതും, വർധിച്ചുവരുന്ന കിട്ടാക്കടവും ബാങ്കിങ് മേഖലയ്ക്ക് വെല്ലുവിളി ഉയർത്തുന്നതായും ധനമന്ത്രി പറഞ്ഞു. ഇതിനെല്ലാം പരിഹാരമാണ് ബാങ്കുകളുടെ ഏകീകരണം.

ദേന ബാങ്ക് സർക്കാർ ഏറ്റെടുക്കണമെന്നും ബാങ്ക് ഓഫ് ബറോഡ വിജയ ബാങ്കിലും ലയിപ്പിക്കണമെന്നും കഴിഞ്ഞ വർഷം നിർദേശം ഉയർന്നിരുന്നു. ഇതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ തീരുമാനം. ലയനം പൂർത്തിയാവാൻ ആറു മാസം വേണ്ടിവരും.

വിജയാ ബാങ്ക്

1931 ഒക്ടോബർ 23നു തുടങ്ങി. 1963–68ൽ ഒൻപതു ചെറുകിട ബാങ്കുകൾ ഇതിൽ ലയിച്ചു. 1980 ഏപ്രിലിൽ ദേശസാൽക്കരിച്ചു. 2017ലെ കണക്കു പ്രകാരം 2031 ശാഖകൾ ഉണ്ട്.

ദേനാ ബാങ്ക്

1938 മേയ് 26നു ദേവ് കരൺ നാൻജി ബാങ്കിങ് കമ്പനി എന്ന പേരിൽ തുടങ്ങി 1939ൽ ദേനാ ബാങ്കായി. 1969 ജൂലൈയിൽ ദേശസാൽക്കരിച്ചു. 1996ൽ ഓഹരി പുറത്തിറക്കി.

ബാങ്ക് ഓഫ് ബറോഡ

ബറോഡ മഹാരാജാവ് 1908 ജൂലൈ 20ന് ആരംഭിച്ചു. 1961ൽ ന്യൂ സിറ്റിസൺ ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിച്ചു. 1963ൽ സൂരത് ബാങ്കിങ് കോർപറേഷൻ ഏറ്റെടുത്തു. 1969ൽ ദേശസാൽക്കരിച്ചു.

പുതിയ ബാങ്ക് എങ്ങനെ

വായ്പാ വിതരണം -   6.4 ലക്ഷം കോടി രൂപ 

നിക്ഷേപം - 8.41 ലക്ഷം  കോടി രൂപ. 

മൊത്തം നിഷ്ക്രിയ ആസ്തി -  80,000 കോടി രൂപ.

14.82 ലക്ഷം കോടി രൂപയുടെ ബിസിനസ്

കിട്ടാക്കടം കുറയുന്നു

നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ–ജൂൺ കാലയളവിൽ ബാങ്കുകളുടെ കിട്ടാക്കടത്തിൽ 21,000 കോടി രൂപയുടെ കുറവുണ്ടായി. ഇക്കാലയളവിൽ 36,551 കോടി പിരിച്ചെടുക്കാൻ കഴിഞ്ഞു. 2014 ൽ 2.5 ലക്ഷം കോടിയായിരുന്നു കിട്ടാക്കടം. നിലവിൽ ഇത് 10 ലക്ഷം കോടിയാണ്. ‌2008 നു മുൻപ് 18 ലക്ഷം കോടിയായിരുന്നു വായ്പയായി നൽകിയത്. 2014 ആയതോടെ ഇത് 55 ലക്ഷം കോടിയിലെത്തിയതായി ധനമന്ത്രി പറഞ്ഞു.

related stories