കോഴിക്കോട് ∙ ‘ആത്മബന്ധത്തിന്റെ സ്വർണസ്പർശ’വുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പ്രയാണം തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട്. 25 വർഷം മുൻപു കോഴിക്കോട് പാളയത്ത് 300 ചതുരശ്രയടിയിൽ തുടക്കമിട്ട മലബാർ ഗോൾഡ് ജ്വല്ലറി, സ്വർണ വിൽപനയിൽ ഇന്നു ലോകത്തിലെ ആദ്യ 5 സ്ഥാനക്കാരിലൊരാളാണ്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം വിറ്റത് 85,000 കിലോ സ്വർണം. ചെയർമാൻ എം.പി. അഹമ്മദ്, അദ്ദേഹത്തിന്റെ മകനും ഇന്റർനാഷനൽ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടറുമായ ഷംലാൽ അഹമ്മദ്, മരുമകനും ഇന്ത്യൻ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടറുമായ ഒ. അഷർ എന്നിവരുടെ നേതൃത്വത്തിൽ ജ്വല്ലറി, ഭവനനിർമാണം തുടങ്ങിയ വിവിധ മേഖലകളിലായി രജത ജൂബിലി വർഷത്തിൽ കുതിപ്പിനൊരുങ്ങുകയാണു മലബാർ ഗ്രൂപ്പ്.
ബ്രാൻഡ് മലബാർ
മലഞ്ചരക്ക് വ്യാപാരം നടത്തിക്കൊണ്ടിരുന്ന അഹമ്മദ് 1990കളുടെ തുടക്കത്തിലാണു മറ്റു മേഖലകളിലേക്കു നീങ്ങാൻ തീരുമാനിച്ചത്. സ്വർണത്തിന്റെ സാധ്യതകൾ മനസ്സിലാക്കി അതിലേക്കു തിരിയാനൊരുങ്ങിയപ്പോൾ മറ്റ് 6 പേരുടെ സഹായവും കിട്ടി. കോഴിക്കോട് കലക്ടറായിരുന്ന അമിതാഭ് കാന്ത് മലബാർ വികസനവുമായി ബന്ധപ്പെട്ടു സെമിനാറുകൾ സംഘടിപ്പിക്കുന്ന കാലമായിരുന്നു അത്. മലബാറിന്റെ വാണിജ്യ പാരമ്പര്യവും വിശ്വാസ്യതയും കണക്കിലെടുത്തു ജ്വല്ലറിക്കു ‘മലബാർ’ എന്നു പേരു നൽകി.
ആരോട് മത്സരിക്കാൻ
ഇന്ന് 30,000 കോടി വിറ്റുവരവുള്ള സ്ഥാപനമായി മലബാർ ഗ്രൂപ്പ് മാറി. 25,000 കോടിയും സ്വർണത്തിലൂടെയാണ്. 10 രാജ്യങ്ങളിലായി 250 സ്വർണക്കടകൾ. അടുത്ത 5 വർഷത്തിനുള്ളിൽ 500 കടകളാണു ലക്ഷ്യം. മത്സരം തങ്ങളോടു തന്നെയാണെന്നു ചെയർമാൻ അഹമ്മദ് പറയുന്നു. 7 പേരുമായി തുടങ്ങിയ സ്ഥാപനത്തിൽ നിലവിൽ 2,752 നിക്ഷേപകരുണ്ട്. ജീവനക്കാരിൽ 20% പേരും നിക്ഷേപകരാണ്.
തലമുറമാറ്റം
സാങ്കേതികവിദ്യയിലെ പുരോഗതിക്കനുസരിച്ചു കച്ചവടത്തിലും മാറ്റങ്ങൾ വരുത്തുന്നതിൽ ഒട്ടും പിന്നിലല്ല മലബാർ ഗ്രൂപ്പ്. കോഴിക്കോട് കുറ്റിക്കാട്ടൂരിലെ ആസ്ഥാനമന്ദിരത്തിലിരുന്നാൽ അഹമ്മദിന് 250 കടകളിലെയും വിവരങ്ങൾ അപ്പപ്പോൾ മൊബൈലിൽ അറിയാൻ കഴിയും. മകൻ ഷംലാലും മരുമകൻ അഷറും സജീവമായതോടെ പുതിയ കാലത്തിനനുസരിച്ചു മാറിക്കൊണ്ടിരിക്കുകയാണു മലബാർ ഗ്രൂപ്പ്. യുഎസിലെ ന്യൂജഴ്സിയിൽ പുതിയ കട തുറന്ന് 25ാം വാർഷികം ആഘോഷമാക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നു.
ടൗൺഷിപ് സ്വപ്നം
കോഴിക്കോട് കുറ്റിക്കാട്ടൂരിലെ മൊണ്ടാന എസ്റ്റേറ്റിൽ 200 ഏക്കറിൽ ടൗൺഷിപ് സ്ഥാപിക്കുകയാണു സ്വപ്നപദ്ധതിയെന്നു ചെയർമാൻ പറഞ്ഞു. ലോകോത്തര സൗകര്യങ്ങളോടു കൂടിയ ടൗൺഷിപാകും ഇവിടെ സ്ഥാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മലബാർ ഗ്രൂപ്പിന്റെ ആസ്ഥാന മന്ദിരത്തിന്റെ നിർമാണം മൊണ്ടാനയിൽ പൂർത്തിയായി. ഉദ്ഘാടനം നവംബർ 2ന് കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ നിർവഹിക്കും.