നികുതിദായകരായ കോടീശ്വരൻമാർ കൂടുന്നു

ന്യൂഡൽഹി ∙ രാജ്യത്ത് ‘കോടീശ്വരൻമാരുടെ’ എണ്ണം കൂടുന്നു. പ്രതിവർഷം ഒരു കോടി രൂപയിൽ കൂടുതൽ വരുമാനമുള്ള നികുതിദായകർ കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ (2014–2015 – 2017–2018 അസസ്മെന്റ് വർഷം) 1.40 ലക്ഷമായി ഉയർന്നതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്. (കമ്പനികൾ, സ്ഥാപനങ്ങൾ, അവിഭക്ത ഹിന്ദു കുടുംബങ്ങൾ തുടങ്ങിയവ) 2014–2015ൽ 88,649 എണ്ണമായിരുന്നത് 2017–2018ൽ 1,40,139 ആയി ഉയർന്നു. വളർച്ച 60%. ഇതേ വിഭാഗത്തിലുള്ള വ്യക്തിഗത നികുതിദായകർ 48,416 ൽ നിന്ന് 81,344 ആയി. വർധന 68%. റിട്ടേൺ ഫയൽ ചെയ്തവർ 3.79 കോടിയിൽ നിന്ന് 6.85 കോടിയിലെത്തി. വളർച്ച 80%.

ശമ്പള വരുമാനമുള്ള നികുതിദായകർ 37% വർധിച്ചു 2.33 കോടിയിലെത്തി. ശമ്പള വരുമാനം ഇല്ലാത്തവരുടെ എണ്ണത്തിൽ 19% വർധനയുണ്ടായി. ഇത് 1.95 കോടിയിൽ നിന്നു 2.33 കോടിയായി. നികുതി നൽകുന്ന കമ്പനികളുടെ എണ്ണം 32.28 ലക്ഷത്തിൽ നിന്ന് 49.95 ലക്ഷമായി. പ്രത്യക്ഷ നികുതി –മൊത്തം ആഭ്യന്തര ഉൽപാദന അനുപാതം കഴിഞ്ഞ മൂന്നു വർഷത്തിൽ 5.98 ശതമാനത്തിലെത്തി. 10 വർഷത്തെ ഏറ്റവും മികച്ച വളർച്ചയാണിതെന്നു പ്രത്യക്ഷ നികുതി ബോർഡ് പറയുന്നു.

നികുതി വരുമാനം വർധന 15.7%

പ്രത്യക്ഷ നികുതി വരുമാനത്തിൽ വർധന. ഒക്ടോബർ വരെ 4.89 ലക്ഷം കോടി രൂപ വരുമാനമായി ലഭിച്ചു. വർധന 15.7%. നടപ്പു സാമ്പത്തിക വർഷം ലക്ഷ്യമിട്ടിരിക്കുന്നത് 11.5 ലക്ഷം കോടിയുടെ വരുമാനമാണ്. 1.09 ലക്ഷം കോടിയുടെ 2 കോടി റീഫണ്ടുകളും ആദായനികുതി വകുപ്പ് അയച്ചു. റീഫണ്ടുകൾ ലഭിച്ച നികുതിദായകരുടെ  എണ്ണം 62% വർധിച്ച് 1.22 കോടിയിലെത്തി. മാർച്ചോടെ പുതുതായി 1.25 കോടി നികുതിദായകരെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നിലവിലെ നികുതിദായകർ 6.26 കോടിയാണ്.

വിദേശത്തെ കള്ളപ്പണം കണ്ടെത്താൻ വീണ്ടും ശ്രമം

ന്യൂഡൽഹി ∙ വിദേശത്ത് അനധികൃതമായി പണവും വസ്തുക്കളും സൂക്ഷിച്ചിരിക്കുന്നവരെ കണ്ടെത്താൻ ആദായ നികുതി വകുപ്പ് വീണ്ടും നീക്കം തുടങ്ങി. വിദേശത്തുള്ള പങ്കാളികളുടെ സഹായത്തോടെയാണ് ഇത്തരത്തിൽ നിക്ഷേപം നടത്തിയ ഇന്ത്യക്കാരെ പിടികൂടാൻ ശ്രമം നടത്തുന്നത്. കള്ളപ്പണം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിത്. ഇതിനോടകം ചിലർക്ക് നോട്ടിസും അയച്ചുകഴിഞ്ഞു.