Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെറ്റ് പറത്തുമോ ടാറ്റ

രാജ്യത്തെ ആദ്യ വിമാനക്കമ്പനിക്കു രൂപം നൽകിയ ടാറ്റ ഗ്രൂപ്പ് ഇന്ത്യൻ വ്യോമയാന മേഖലയിൽ വീണ്ടും സജീവമാകുന്നു. രാജ്യത്ത് അതിവേഗം വികസിക്കുന്ന വ്യോമയാന മേഖലയിൽ വലിയ നിക്ഷേപങ്ങൾ നടത്തി പഴയ വ്യോമപ്രതാപം തിരികെ കൊണ്ടുവരികയാണ് ടാറ്റ ഗ്രൂപ്പിന്റെ ലക്ഷ്യം. വിസ്താരയിലും എയർഏഷ്യ ഇന്ത്യയിലും മുഖ്യ പങ്കാളിത്തമുള്ള ടാറ്റ ഗ്രൂപ്പ് ഇതിനായി ജെറ്റ് എയർവേയ്സിൽ നിയന്ത്രണത്തിനായി ശ്രമിക്കുന്നതായാണു സൂചനകൾ.

1932ൽ ജെ.ആർ.ഡി ടാറ്റ സ്ഥാപിച്ച ടാറ്റ എയർലൈൻസ് ആണ് പിന്നീട് ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയർഇന്ത്യയായി മാറിയത്. സ്വാതന്ത്ര്യം കിട്ടിയശേഷം ടാറ്റ എയർലൈൻസിന്റെ 49% ഓഹരികൾ വാങ്ങിയ കേന്ദ്ര സർക്കാർ 1953ൽ എയർ കോർപറേഷൻസ് ആക്ട് പാസ്സാക്കുകയും കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കുകയും ചെയ്തു. എങ്കിലും 1977 വരെ ജെ.ആർ.ഡി. ടാറ്റ തന്നെ കമ്പനിയുടെ ചെയർമാൻ ആയി തുടർന്നു.

പിന്നീട് വ്യോമയാന രംഗത്തു സജീവമല്ലാതിരുന്ന ടാറ്റ 2013ൽ സിംഗപ്പൂർ എയർലൈൻസുമായുള്ള പങ്കാളിത്തത്തോടെ വിസ്താര എയർലൈൻസിനു തുടക്കം കുറിച്ചു. 2015 മുതൽ വിസ്താര വാണിജ്യ സർവീസുകളും ആരംഭിച്ചതോടെ ടാറ്റ വീണ്ടും വ്യോമയാന മേഖലയുടെ ഭാഗമായി മാറി. വിസ്താരയിൽ 51% ഓഹരികൾ ടാറ്റയുടേതും 49% ഓഹരികൾ സിംഗപ്പൂർ എയർലൈൻസിന്റേതുമാണ്.

2013ൽ ആണ് എയർ ഏഷ്യയുമായി സഹകരിച്ച് ടാറ്റ എയർ ഏഷ്യ ഇന്ത്യ ആരംഭിച്ചത്. ടാറ്റയ്ക്കും എയർ ഏഷ്യയ്ക്കും 49% വീതം ഓഹരി. ബാക്കി 2%ഓഹരി കമ്പനിയിലെ രണ്ട് പ്രമുഖർക്കാണ്.
തങ്ങളുടെ മാതൃകമ്പനിയായ എയർഇന്ത്യയെ സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചപ്പോൾ ടാറ്റ ഗ്രൂപ്പ് എയർഇന്ത്യയെ സ്വന്തമാക്കാൻ ആഗ്രഹിച്ചെങ്കിലും വിൽപന സംബന്ധിച്ച നിബന്ധനകൾ അംഗീകരിക്കാൻ കഴിയാതെ പിൻമാറി. പിന്നീട് എയർഇന്ത്യയുടെ സ്വകാര്യവൽക്കരണ നടപടികളിൽനിന്നു സർക്കാർ താൽക്കാലികമായി പിൻമാറിയതോടെ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു ടാറ്റ.

ഈ സാഹചര്യത്തിലാണ്, നഷ്ടത്തിലായ ജെറ്റ് എയർവേസിന്റെ ഓഹരികൾ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ടാറ്റ നീക്കമാരംഭിച്ചത്. ജെറ്റ് എയർവേയ്സ് ചെയർമാൻ നരേഷ് ഗോയലിനും കുടുംബത്തിനുമായി കമ്പനിയിൽ 51% ഓഹരിയാണുള്ളത്. 2013ൽ എത്തിഹാദ് എയർലൈൻസ് ജെറ്റിന്റെ 24% ഓഹരി വാങ്ങി. എന്നാൽ നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന ജെറ്റിന്റെ ഓഹരികൾ വിൽക്കാൻ സന്നദ്ധത അറിയിച്ചിരിക്കുകയാണ് എത്തിഹാദ് ഇപ്പോൾ. 26% ഓഹരി ടാറ്റയ്ക്കു നൽകാമെന്ന് ജെറ്റ് അറിയിച്ചിട്ടുണ്ട്.

എന്നാൽ കമ്പനിയുടെ പ്രവർത്തനം പൂർണമായി നിയന്ത്രിക്കത്തക്ക വിധത്തിലുള്ളത്ര ഓഹരികളാണ് ടാറ്റയുടെ ആവശ്യം. കമ്പനി മൊത്തമായി വാങ്ങാനോ അല്ലെങ്കിൽ വിമാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും മാത്രമായോ വാങ്ങാനും ടാറ്റ തയാറാണ്. എന്നാൽ ഇത്തരമൊരു വിൽപനയ്ക്ക് ഗോയൽ തയാറായിട്ടില്ല. അതേസമയം ടാറ്റ ശ്രമങ്ങൾ ഉപേക്ഷിച്ചിട്ടുമില്ല. ജെറ്റ് എയർവേയ്സ് കൂടി ടാറ്റയുടെ ചിറകിൻ കീഴിലായാൽ 159 വിമാനങ്ങളുള്ള വമ്പൻ കമ്പനിയായി ടാറ്റയ്ക്കു മാറാനാകും. നിലവിൽ ഇൻഡിഗോയ്ക്കാണ് വിപണി പങ്കാളിത്തം കൂടുതൽ. 41.9%. 23.6 ശതമാനം വിപണി വിഹിതവുമായി ടാറ്റയ്ക്കു രണ്ടാം സ്ഥാനത്തെത്താം.