Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹന ഇൻഷുറൻസിലെ അധിക ‘ഭാരം’

Vehicle Insurance Vehicle Insurance

കുറച്ചുനാളായി സ്വരുക്കൂട്ടിവച്ച പണവും, ബാക്കി ബാങ്ക് ലോണുമായി ഒരു ടൂവീലർ വാങ്ങാൻ ചെന്നപ്പോൾ നിങ്ങളുടെ കൈ ചെറുതായൊന്നു പൊള്ളിയെന്നു തോന്നിയോ. സ്വാഭാവികം. സെപ്റ്റംബർ ഒന്നു മുതൽ നടപ്പായ നിയമപ്രകാരം ടൂവീലർ വാങ്ങുന്നവർ അഞ്ചു വർഷത്തെ തേർഡ് പാർട്ടി (ടിപി) ഇൻഷുറൻസ് പ്രീമിയം നിർബന്ധമായും അടച്ചിരിക്കണം. സാധാരണക്കാരന്റെ വാഹന മോഹത്തിനു മുകളിൽ ചെറുതല്ലാത്ത ബാധ്യതയാണ് പുതിയ ഇൻഷുറൻസ് നയം ചുമത്തിയിരിക്കുന്നത്. മൂന്നു വർഷത്തെ ഇൻഷുറൻസ് പ്രൈവറ്റ് കാറുകൾക്കും നിർബന്ധമാക്കിയിട്ടുണ്ട്. ലക്ഷങ്ങൾ മുടക്കി വാങ്ങുന്ന കാറിന് ഇൻഷുറൻസ് പ്രീമിയം തുകയിലെ വർധന ഭാരമാകില്ലെങ്കിലും, ഇരുചക്ര വാഹനങ്ങളുടെ കാര്യം അങ്ങനെയല്ല.

എക്‌സ് ഷോറൂം വിലയ്ക്കു മാത്രമാണ് ബാങ്കുകൾ വായ്പ അനുവദിക്കുന്നതെന്നതും തുടക്കത്തിൽ ഉപഭോക്താവിന് അധിക ബാധ്യതയുണ്ടാക്കുന്നു. തേർഡ് പാർട്ടി പ്രീമിയം തുക വർധിച്ച സാഹചര്യത്തിൽ പരമാവധി ഡിസ്‌കൗണ്ടുകൾ നേടിയെടുക്കാൻ ഓൺ ഡാമേജ് (ഒഡി) കവറേജ് വ്യവസ്ഥയിൽ വിട്ടുവീഴ്ച ചെയ്യുന്ന പ്രവണതയും വർധിച്ചു. വാഹനം അപകടത്തിൽപ്പെടുമ്പോൾ അതു തിരിച്ചടിയാകുമെന്നു മറക്കരുത്. അതുകൊണ്ടുതന്നെ ലോങ്‌ടേം ഇൻഷുറൻസ് എടുക്കുമ്പോൾ എന്തൊക്കെയാണു ശ്രദ്ധിക്കേണ്ടത്.

ബോധ്യം വേണം കവറേജുകളെപ്പറ്റി

തേർഡ് പാർട്ടി(ടിപി), ഓൺ ഡാമേജ് (ഓഡി) എന്നിങ്ങനെ രണ്ടു തരം കവറേജാണ് പ്രധാനമായും മോട്ടോർ വാഹന ഇൻഷുറൻസിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎഐ)യുടെ മാനദണ്ഡം അനുസരിച്ചു തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമായും എടുത്തിരിക്കണം. നിങ്ങളുടെ വാഹനം കാരണം മറ്റൊരാളുടെ ജീവനോ സ്വത്തിനോ തകരാർ സംഭവിച്ചാൽ കൊടുക്കേണ്ട നഷ്ടപരിഹാരമാണ് ഇതിലൂടെ കവർ ചെയ്യപ്പെടുന്നത്.

എന്നാൽ ഓൺ ഡാമേജ് ഇൻഷുറൻസ് വാങ്ങുന്നത് ഉപഭോക്താവിന്റെ സ്വാതന്ത്ര്യമാണ്. മോഷണം, അപകടം തുടങ്ങിയവ മൂലം വാഹനങ്ങൾക്കുണ്ടാകുന്ന നഷ്ടം നികത്തുന്നതിനാണ് ഈ കവറേജ്. വണ്ടിയുടെ അതത് സമയത്തെ മതിപ്പുവിലയാണ് (ഐഡിവി) ഇതിനുവേണ്ടി കണക്കാക്കുന്നത്. അപകടം സംഭവിച്ച് വാഹനം പൂർണമായും ഉപയോഗശൂന്യമായാൽ ഈ ഐഡിവി ആയിരിക്കും നിങ്ങൾക്ക് നഷ്ടപരിഹാരമായി കിട്ടുക. പ്രീമിയത്തിൽ ചെറിയ കുറവു കിട്ടാൻ ഐഡിവി തുക കുറച്ചുകാണിക്കുന്നത് പലപ്പോഴും മണ്ടത്തരമായി മാറുന്നത് അതുകൊണ്ടാണ്.

തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം താരതമ്യേന കുറവായിരിക്കും. 1000സിസിക്കു താഴെയുള്ള ഒരു കാറിന്റെ തേർഡ് പാർട്ടി പ്രീമിയം ഒരു വർഷത്തേക്ക് രണ്ടായിരം രൂപയ്ക്കു താഴെ മാത്രമാണ്. അതേ വണ്ടിക്ക് ഓൺ ഡാമേജ് ഇൻഷുറൻസ് കൂടി എടുക്കണമെങ്കിൽ 7000 രൂപവരെ അധികമായി നൽകണം. ഓൺ ഡാമേജ് ഇൻഷുറൻസ് കവറേജിൽ വിട്ടുവീഴ്ചകൾ ചെയ്ത് പ്രീമിയം തുക കുറയ്ക്കാനും കൂട്ടാനും ഇൻഷുറൻസ് കമ്പനികൾക്കു സ്വാതന്ത്ര്യമുണ്ട്. എന്നാൽ തേർഡ് പാർട്ടി ഇൻഷുറൻസ് കവറേജിൽ ഒരുവിധ നീക്കുപോക്കിനും ഐആർഡിഎഐ അനുവദിക്കുന്നില്ല.

സെപ്റ്റംബർ ഒന്നുമുതൽ നടപ്പിലാക്കിയ നിയമം അനുസരിച്ച് കാർ, ബൈക്ക് ഉടമയ്ക്ക് യഥാക്രമം ഇനി പറയുന്ന തരത്തിലാണ് ഇൻഷുറൻസ് എടുക്കാവുന്നത്.

1. 3/5 വർഷത്തെ തേർഡ് പാർട്ടിയും ഓൺ ഡാമേജും.

2. 3/5 വർഷത്തെ തേർഡ് പാർട്ടിയും ഒരു വർഷത്തെ ഓൺ ഡാമേജും.

3. 3/5 വർഷത്തെ തേർഡ് പാർട്ടി മാത്രം.

ഇതോടൊപ്പം ഒരു വർഷത്തേക്ക് 750 രൂപ മുടക്കി 15 ലക്ഷം രൂപ വ്യക്തിഗത അപകട കവറേജ് ഇൻഷുറൻസ് വാങ്ങേണ്ടതും നിർബന്ധമാണ്. മാരുതി ആൾട്ടോ 800ന് ഇതുവരെ ടിപിയും ഒഡിയും അടക്കം ഒരു വർഷത്തേക്ക് ജിഎസ്ടി അടക്കം 10,500 രൂപയായിരുന്നു പ്രീമിയം. പുതിയ നയപ്രകാരം രണ്ടും കൂടി മൂന്നു വർഷത്തേക്ക് എടുക്കണമെങ്കിൽ ഏകദേശം 30,200 രൂപ അടയ്ക്കണം. ഒഡി ഒരു വർഷത്തേക്കു മാത്രമാണ് എടുക്കുന്നതെങ്കിൽ ഇത് 17,200 രൂപ ആകും.

സീറോ ഡിപ്രിസിയേഷൻ മുതൽ എൻജിൻ കവറേജ് വരെ ഇൻഷുറൻസിൽ ആഡ് ഓൺ ആയി ചേർക്കാൻ സൗകര്യമുണ്ട്. എന്നാൽ ഓരോന്നിനും അധിക തുക നൽകണം. ലോങ്‌ടേം പോളിസിയുടെ സാഹചര്യത്തിൽ ഇതിൽ അനാവശ്യമായവ ഒഴിവാക്കാൻ ശ്രദ്ധിക്കണം. പ്രീമിയം തുകയിൽ അത്രയും കുറവു കിട്ടും.

ഓഫറുകൾ മുതലാക്കാം

ഐആർഡിഎഐ മാനദണ്ഡമനുസരിച്ച് തേർഡ് പാർട്ടി പ്രീമിയം തുകയിൽ ഓഫറുകൾക്ക് സാധ്യതയില്ലെങ്കിലും ഓൺ ഡാമേജ് ഇൻഷുറൻസ് പ്രീമിയത്തിൽ 15-20 ശതമാനം വരെ കിഴിവ് പല കമ്പനികളും ഇപ്പോൾ നൽകുന്നുണ്ട്. എന്നാൽ അടുത്ത വർഷത്തോടെ ഓൺ ഡാമേജ് പ്രീമിയത്തിൽ ഇതിലുമേറെ കിഴിവുകൾ ഇൻഷുറൻസ് കമ്പനികൾ നൽകുമെന്നാണു വിലയിരുത്തൽ. അതുകൊണ്ട് ഓൺ ഡാമേജ് പോളിസികൾ ഒരു വർഷത്തേക്ക് എടുക്കുന്നതു തന്നെ അഭികാമ്യം. ഒറ്റയടിക്കുള്ള ഇൻഷുറൻസ് പ്രീമിയം ബാധ്യത കുറയുകയും ചെയ്യും. നിലവിൽ ഓൺ ഡാമേജ് പോളിസികൾ ഒറ്റയ്ക്ക് എടുക്കാൻ സംവിധാനമില്ല. പുതിയ നിയമം അനുസരിച്ച് ഒഡി മാത്രമുള്ള പോളിസികൾ അടുത്തുതന്നെ കമ്പനികൾ അവതരിപ്പിച്ചേക്കും. അതിനാൽ ഇപ്പോൾ വാഹനങ്ങൾ വാങ്ങുന്നവർ ഒഡി എടുക്കുന്നുണ്ടെങ്കിൽ അത് ടിപിക്ക് ഒപ്പം തന്നെ ആവുന്നതാണു നല്ലത്.

നോ ക്ലൈം ബോണസിന്റെ(എൻസിബി) കാര്യത്തിലും കാതലായ മാറ്റം പുതിയ ഇൻഷുറൻസ് നയംമൂലം ഉണ്ടായിട്ടുണ്ട്. ഇതുവരെ നോ ക്ലൈം ബോണസിലൂടെ ഓൺ ഡാമേജ് കവറേജ് പ്രീമിയത്തിൽ 50 ശതമാനം വരെ കിഴിവ് ഉപഭോക്താക്കൾക്കു ലഭിച്ചിരുന്നു. ഓരോ വർഷവും 10 ശതമാനം വീതമാണ് നോ ക്ലൈം ബോണസിന്റെ വർധന. തുടർച്ചയായി അഞ്ചു വർഷം നോ ക്ലൈമാണെങ്കിൽ ആ ഉപഭോക്താവിന് 50 ശതമാനം പ്രീമിയത്തിൽ കിഴിവു ലഭിക്കും.

എന്നാൽ പുതിയ രീതിയിൽ മൂന്ന് അല്ലെങ്കിൽ അഞ്ച് വർഷത്തേക്ക് ഒഡി പോളിസി ഒന്നിച്ചെടുക്കുന്ന ഉപഭോക്താവിന് നോ ക്ലൈം ബോണസിൽ നഷ്ടം സംഭവിച്ചേക്കാം. ആദ്യ രണ്ടു വർഷം ക്ലൈം ഇല്ലാതെ പോകുന്ന വാഹനങ്ങൾക്ക് മൂന്നാം വർഷം ക്ലൈം വന്നാൽ അടുത്ത വർഷം പുതുക്കുന്ന ഒഡി പോളിസി പ്രീമിയത്തെ അതു ബാധിക്കുമെന്നതു തന്നെ കാര്യം. ഓരോ വർഷവും എൻസിബി പ്രയോജനപ്പെടുത്തി ഒഡി പുതുക്കുന്നതു തന്നെയാണ് നിലവിലെ സാഹചര്യത്തിൽ നല്ലത്. ഇടയ്ക്കുവച്ച് വാഹനം വിൽക്കുന്നുണ്ടെങ്കിൽ എൻസിബി പുതിയ പോളിസിയിലേക്കു ട്രാൻസ്ഫർ ചെയ്യാനും ഇതിലൂടെ സാധിക്കും.

തടസ്സമില്ല, പോളിസി മാറ്റാൻ

നീണ്ട കാലയളവിലേക്കു ഭാരിച്ച തുക അടയ്ക്കുന്നവരുടെ ചോദ്യമാണ്, വാഹനം വിൽക്കുമ്പോൾ അടച്ച പ്രീമിയം തുക നഷ്ടമാവില്ലേ എന്ന്. അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനിയുടെ സേവനത്തിൽ തൃപ്തിയില്ലെങ്കിൽ എന്തു ചെയ്യുമെന്ന്. ആശങ്ക വേണ്ട. ഒരു സങ്കീർണതയുമില്ലാതെ നിങ്ങൾക്ക് ഇടയ്ക്കുവച്ച് പോളിസി റദ്ദ് ചെയ്ത് ബാക്കിയുള്ള പ്രീമിയം തുക തിരിച്ചുവാങ്ങാം. ശേഷം ഇഷ്ടമുള്ള കമ്പനിയുടെ പോളിസി വാങ്ങുകയും ചെയ്യാം.

ഇപ്പോൾ ഒരു വാഹനം ഉപയോഗിക്കുന്ന ആളാണെങ്കിൽ ചെറിയ തട്ടിനും മുട്ടിനും ക്ലൈം ചെയ്യാതിരിക്കുക. ഇനിയൊരു പുതിയ വാഹനം വാങ്ങുമ്പോൾ നോ ക്ലൈം ബോണസിലൂടെ പരമാവധി കിഴിവ് നിങ്ങൾക്കു നേടിയെടുക്കാൻ അതിലൂടെ സാധിക്കും. നിങ്ങളുടെ മറ്റ് ഇൻഷുറൻസുകൾ എടുത്തിട്ടുള്ള കമ്പനിയിൽനിന്നു തന്നെ കാറിനുള്ള ഇൻഷുറൻസും എടുക്കുകയാണെങ്കിൽ പ്രീമിയത്തിൽ കിഴിവ് ലഭിച്ചേക്കും.