കൊച്ചി ∙ നാളെ മുതൽ പുതിയ കാറും ഇരുചക്ര വാഹനവും വാങ്ങുന്നവർ തേഡ് പാർട്ടി ഇൻഷുറൻസ് ഇനത്തിൽ കൂടുതൽ തുക ചെലവിടണം. കാറുകൾക്കു മൂന്നു വർഷത്തെയും ഇരുചക്ര വാഹനങ്ങൾക്ക് അഞ്ചു വർഷത്തെയും പ്രീമിയം ഒന്നിച്ച് അടയ്ക്കണമെന്ന സുപ്രീം കോടതി നിർദേശം നാളെ മുതൽ നടപ്പാകുന്നതിനാലാണിത്.
വാഹനം വാങ്ങുമ്പോൾ എടുക്കുന്ന കോംപ്രിഹെൻസീവ് മോട്ടോർ ഇൻഷുറൻസ് പോളിസിക്ക് രണ്ടു ഘടകങ്ങളാണുള്ളത്. സ്വന്തം വാഹനത്തിന്റെ കേടുപാടിനോ നഷ്ടത്തിനോ ധനസഹായ പരിരക്ഷയേകുന്ന ഓൺ ഡാമേജ് (own damage) ഘടകം, ഈ വാഹനം മൂലം മറ്റു വ്യക്തികൾക്കോ വസ്തുവകകൾക്കോ ഉണ്ടാകുന്ന നാശനഷ്ടത്തിന് പരിഹാരമേകുന്ന തേഡ് പാർട്ടി ഇൻഷുറൻസ് (third party insurance).
വാഹനം ആരെയെങ്കിലും ഇടിച്ചുണ്ടാകുന്ന അപകടത്തിൽ നഷ്ടപരിഹാരമേകുന്നതും തേഡ് പാർട്ടി ഇൻഷുറൻസ് വഴിയാണ്. തേഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാണ്. വർഷംതോറും ഇതു പുതുക്കുന്നതിൽ പലരും വീഴ്ച വരുത്തുന്നതു കണക്കിലെടുത്താണ് ദീർഘകാല പ്രാബല്യമുള്ള പോളിസി നടപ്പാക്കാൻ സുപ്രീം കോടതി നിർദേശിച്ചത്.
ഇൻഷുറൻസ് നിയന്ത്രണ–വികസന അതോറിറ്റി (ഐആർഡിഎ) യാണ് തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം പ്രഖ്യാപിക്കുന്നത്.
നാളെ മുതൽ ദീർഘകാല തേഡ് പാർട്ടി ഇൻഷുറൻസ് പ്രാബല്യത്തിലാകുമെങ്കിലും ഓൺ ഡാമേജ് കവറേജ്, നിലവിലുള്ളതുപോലെ, ഒറ്റ വർഷത്തേക്ക് എടുക്കാൻ അവസരമുണ്ടാകും.
കാറിന് മൂന്നു വർഷത്തേക്കും ടൂ വീലറിന് അഞ്ചു വർഷത്തേക്കും പ്രാബല്യത്തിൽ ഓൺ ഡാമേജും തേഡ് പാർട്ടിയും ചേർന്ന കോംപ്രിഹെൻസീവ് പോളിസികൾ അവതരിപ്പിക്കാനും ഇൻഷുറൻസ് കമ്പനികൾക്ക് സ്വാതന്ത്ര്യമുണ്ട്.
ഒരു വർഷം വാഹനത്തിന്റെ അറ്റകുറ്റപ്പണിക്ക് ഇൻഷുറൻസ് ക്ലെയിം ചെയ്തിട്ടില്ലെങ്കിൽ അടുത്ത വർഷം ‘നോ–ക്ലെയിം ബോണസ്’ ലഭിക്കുകയും ഓൺ ഡാമേജ് പ്രീമിയം കുറയുകയും ചെയ്യും. ദീർഘകാല പാക്കേജ് പ്രഖ്യാപിക്കുമ്പോൾ ഈ കുറവുസാധ്യത കണക്കിലെടുക്കണമെന്ന് ഐആർഡിഎ നിർദേശിച്ചിട്ടുണ്ട്. നിലവിലുള്ള വാഹനങ്ങൾക്കും ദീർഘകാല പോളിസി നടപ്പാക്കാനാകുമോ എന്ന് ഇൻഷുറൻസ് കമ്പനികൾ പരിശോധിക്കുന്നുണ്ട്.