കോട്ടയം ∙ പച്ചക്കറികളിലും പഴവർഗങ്ങളിലും പരസ്യത്തിനും ഇനം തിരിച്ചറിയാനും മറ്റുമായി ഉപയോഗിക്കുന്ന സ്റ്റിക്കറുകൾ ഒഴിവാക്കാൻ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) നിർദേശം. സ്റ്റിക്കറുകൾ പതിപ്പിക്കാൻ ഉപയോഗിക്കുന്ന പശ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണു നിർദേശം.
സ്റ്റിക്കറുകൾ ചില സമയങ്ങൾ പഴം, പച്ചക്കറി വർഗങ്ങളുടെ കേട് മറയ്ക്കാനായി ഉപയോഗിക്കുന്നുണ്ടെന്ന് എഫ്എസ്എസ്എഐ കണ്ടെത്തി. ബ്രാൻഡ് നിലവാരം ലഭിക്കാനായി പതിപ്പിക്കുന്ന സ്റ്റിക്കറുകളിൽ നിന്നു ഗുണകരമായ വിവരങ്ങളൊന്നും ഉപഭോക്താക്കൾക്കു ലഭിക്കുന്നില്ലെങ്കിൽ അവ നീക്കണം.
സ്റ്റിക്കറുകളിലെ പശ പച്ചക്കറികളുടെയും പഴങ്ങളുടെ ഉള്ളിലേക്കു പടരാൻ സാധ്യതയേറെയുണ്ട്. സ്റ്റിക്കറുകൾ പതിപ്പിച്ചാൽ അതിനായി ഉപയോഗിക്കുന്ന പശ മനുഷ്യ ശരീരത്തിന് ഹാനികരമല്ലെന്ന് ഉറപ്പാക്കണമെന്നും നിർദേശത്തിലുണ്ട്. ഇത്തരത്തിൽ സ്റ്റിക്കറുകൾ പതിപ്പിച്ചതായി കണ്ടെത്തിയാൽ ആദ്യ ഘട്ടത്തിൽ മുന്നറിയിപ്പു നൽകാനാണു തീരുമാനം.