Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നോട്ട്’ ഔട്ട് @ 2; എവിടെ കള്ളനോട്ട് ?, തിരികെ എത്താത്ത നോട്ടുകൾ..!

demonetisation-two

എട്ടിന്റെ പണിയായാണ് രണ്ടു വർഷം മുൻപ്, നവംബർ 8ന്, 8 മണിക്ക് നോട്ട് നിരോധന പ്രഖ്യാപനമുണ്ടായത്. രാജ്യത്ത് സാമ്പത്തിക മേഖലയിലെ ഏറ്റവും വലിയ നടപടിയെന്നും മഹത്തരമായ കാര്യമെന്നും സർക്കാർ അവകാശപ്പെട്ടു. പണം പിൻവലിക്കാൻ കർശന നിബന്ധനകൾ വന്നപ്പോൾ നിക്ഷേപകർ വിഷമസ്ഥിതിയിലായി. സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലേക്കു തള്ളി.െചറുകിട സംരംഭമേഖല സ്തംഭിച്ചതിനൊപ്പം, കാർഷികരംഗത്തുൾപ്പെടെ വിലയിടിവുമുണ്ടായി, കയറ്റിറക്കുമതി മേഖലകളിലും പ്രതിസന്ധിയുടെ കാർമേഘങ്ങളായിരുന്നു. സ്ഥിതി മാറിയെന്നും സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്നും സർക്കാർ വിലയിരുത്തുന്നു. 

2016 നവം. 8  സമയം  രാത്രി 8.00 

500, 1000 രൂപ നോട്ട് നിരോധിച്ചു. പകരം പുതിയ 500, 2000 രൂപ ഇറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. കള്ളപ്പണവും കള്ളനോട്ടും തടയുക പ്രധാന ലക്ഷ്യം. ഓഹരിവിപണിയിലും ഇടിവുണ്ടായി.   

fake-note

ആർബിഐ  കണക്ക് ഇപ്രകാരം

നോട്ട് നിരോധന വേളയിൽ വിപണിയിലുണ്ടായിരുന്ന 1000, 500 രൂപാ നോട്ടുകളുടെ മൂല്യം: 15.44 ലക്ഷം കോടി രൂപ

1000 – 6.858 ലക്ഷം കോടി രൂപ

500 – 8.582 ലക്ഷം കോടി രൂപ

നോട്ട് റദ്ദാക്കൽ നടപ്പാക്കിയശേഷം  ബാങ്ക് അക്കൗണ്ടുകളിൽ തിരികെ എത്തിയത് 15.31 ലക്ഷം കോടി രൂപ – വിപണിയിലുണ്ടായിരുന്നതിന്റെ 99.3%. പ്രഖ്യാപിത ലക്ഷ്യത്തിന്റെ പരാജയം വ്യക്തമാക്കുന്നു. 

തിരികെയെത്താതിരുന്നത്   – 10,720 കോടി രൂപ

2016 ഡിസംബർ 30 വരെ ബാങ്കുകളിൽ നിന്ന് നോട്ടുകൾ മാറ്റിയെടുക്കാമെന്ന് ആർബിഐ. 

ബാങ്കുകളിൽ നിന്നുള്ള പിൻവലിക്കൽ

നവം. 10–13– പ്രതിദിനം 10,000 രൂപ. ഒരാഴ്ച 20,000 രൂപ

14 മുതൽ പരിധി 24,000 രൂപയാക്കി

atm-note

2017 ഫെബ്രു. 20– എസ്ബി അക്കൗണ്ടിൽ നിന്ന് 50,000 രൂപ വരെ പിൻവലിക്കാൻ അനുവാദം

എടിഎം പിൻവലിക്കൽ

2016 നവം. 14 വരെ പരിധി പ്രതിദിനം 2000 രൂപ ഡിസം. 31 വരെ ഇത് 2500 രൂപയാക്കി

2017 ജനുവരി മുതൽ ഇത് 4500 രൂപയായി ഉയർത്തി  ജനു. 16 മുതൽ 10,000 രൂപ 

∙ കള്ളപ്പണം വെളുപ്പിക്കാൻ ജൻധൻ അക്കൗണ്ട് ഉൾപ്പെടെയുള്ള മാർഗങ്ങൾ പ്രയോഗിച്ചു. സംശയകരമായ ഇടപാടുകളെന്നു ബാങ്കുകൾ 2015–16ൽ വിലയിരുത്തിയത് – 1.06 ലക്ഷം എണ്ണം. 2016–17ൽ ഇത് 4.73 ലക്ഷമായി വർധിച്ചു. 

∙ എടിഎമ്മുകളിൽനിന്ന് ഓരോ മാസവും പിൻവലിക്കപ്പെടുന്ന തുകയുടെ തോതിൽ വർധന.  2016  ഓഗസ്റ്റ് – 2.20 ലക്ഷം കോടി രൂപ, 2018  ഓഗസ്റ്റ് – 2.76 ലക്ഷം കോടി രൂപ.

∙ പുതിയ 500, 2000 നോട്ടുകൾ അച്ചടിക്കാൻ മാത്രം 2016–17ൽ റിസർവ് ബാങ്ക് ചെലവാക്കിയത് 7,965 കോടി രൂപ

new-indian-currency

∙ ലഭിച്ച നിരോധിത നോട്ടുകൾ നശിപ്പിക്കാൻ എത്ര പണം ചെലവായെന്നു വ്യക്തമാക്കാൻ റിസർവ് ബാങ്ക് തയാറായിട്ടില്ല. ഉപയോഗശൂന്യമായ നോട്ടുകൾ അരിഞ്ഞ് കട്ടകളാക്കി വിൽക്കുകയാണ് പ്രധാനരീതി, പ്ലൈവുഡ് നിർമാണത്തിനും ഉപയോഗിക്കുന്നു. 

∙ നോട്ട് നിരോധനത്തിനുശേഷം നികുതിയടവിൽ മാറ്റമുണ്ടായെന്നാണ് സർക്കാരിന്റെ വാദം. മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 2 ശതമാനമായിരുന്നു വ്യക്തികളിൽനിന്നുള്ള ആദായ നികുതി വരുമാനം. ഇത് 2.3 ശതമാനമായി. 

∙ നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലുള്ള നിരോധിത ഇന്ത്യൻ നോട്ടുകളുടെ കാര്യത്തിൽ ഇനിയും തീരുമാനമില്ല. നേപ്പാൾ കേന്ദ്ര ബാങ്കിലുള്ളത് – 950 കോടി രൂപ. 

∙ ഇന്ത്യയിൽ ജോലി ചെയ്യുന്ന നേപ്പാളികളുടേതും മറ്റുമായി 3200 കോടിയുടെ നിരോധിത നോട്ടുകളുണ്ടെന്ന് അനൗദ്യോഗിക കണക്ക്. ഭൂട്ടാനിലുള്ളത് ഏകദേശം 100 കോടി രൂപ.

∙ നോട്ട് നിരോധനം ചെറുകിട വ്യാപാരം, റിയൽ എസ്റ്റേറ്റ്, ഓട്ടമൊബീൽ, കാർഷിക മേഖലകളെ സാരമായി ബാധിച്ചു. പലയിടത്തും വലിയ തോതിൽ ചെറുകിട സംരംഭങ്ങൾ അടച്ചുപൂട്ടുന്ന സ്ഥിതിയുണ്ടായി. 

∙ സഹകരണ ബാങ്കുകളുടെ പ്രവർത്തനവും പ്രതിസന്ധിയിലായി. നടപടി  സുപ്രീം കോടതിയിൽ വരെ ചോദ്യം ചെയ്യപ്പെട്ടു. 

Demonetisation

∙ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് തുടരുന്നു. 

 ‘നോട്ട്’  ബാക്കിവച്ചത് 

വർഷം 1946. പശ്ചിമ ബംഗാളിൽ ഒരു പണ്ഡിറ്റിന്റെ മകളുടെ വിവാഹം ദേശീയതലത്തിൽ വാർത്തയായി. 1000 രൂപ നോട്ടുകൾ പെട്ടെന്നൊരുദിവസം നോട്ടല്ലാതായതോടെ വിവാഹം മുടങ്ങിയതിനെക്കുറിച്ചായിരുന്നു വാർത്ത. 

മറ്റൊന്ന്, നൈനിറ്റാളിൽ നിന്നായിരുന്നു. നോട്ട് നിരോധന വാർത്ത കേട്ട് ഹൃദയാഘാതം വന്നു മരിച്ച വ്യവസായിയെക്കുറിച്ച്. നോട്ട് നിരോധനത്തിന്റെ പേരിൽ രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തം തുടങ്ങിയതു പിന്നെയും 70 വർഷം കഴിഞ്ഞ് 2016ലായിരുന്നു. കൃത്യമായി പറഞ്ഞാൽ 2 വർഷം മുൻപ് ഇതുപോലൊരു നവംബർ 8ന്. 

fake-note

പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ 86 ശതമാനവും പിൻവലിച്ചു. എല്ലാം ശരിയാക്കാൻ 50 ദിവസത്തെ സാവകാശം പ്രധാനമന്ത്രി ആവശ്യപ്പെട്ടെങ്കിലും എടിഎമ്മിൽ നേരാംവണ്ണം പണം എത്താൻ പോലും 9 മാസമെടുത്തു. 

കള്ളനോട്ട്  എവിടെ?

Income Tax

പാക്കിസ്ഥാനിൽ അച്ചടിച്ചു നേപ്പാൾ വഴി ഇന്ത്യയിലെത്തിക്കുന്ന കള്ളനോട്ടുകൾ തടയാൻ നോട്ടുനിരോധനം സഹായിക്കുമെന്നു പ്രചാരണം ശക്തമായി. കൊൽക്കത്തയിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനമനുസരിച്ച് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഏകദേശം 400 കോടി രൂപയുടെ കള്ളനോട്ടുണ്ട്. 2016–18ൽ 58.3 കോടി രൂപയുടെ കള്ളനോട്ടാണു പിടിക്കപ്പെട്ടത്. 15.44 ലക്ഷം നോട്ടുകൾ നിരോധിച്ചതു കണക്കിലെടുക്കുമ്പോൾ കേവലം 0.0034 ശതമാനം മാത്രം. നോട്ടുനിരോധനം ഇല്ലാതെ തന്നെ ഇതിലധികം കള്ളനോട്ടുകൾ പിടിക്കപ്പെടുന്നുവെന്നതാണു യാഥാർഥ്യം. പ്രതിവർഷം ശരാശരി 70 കോടി രൂപ. 

എന്നാൽ,  നികുതി വരുമാനം !

റദ്ദാക്കിയ നോട്ടുകൾ ഏറെക്കുറെ ബാങ്കിൽ തിരിച്ചെത്തിയെന്ന ആർബിഐ റിപ്പോർട്ടിനു പിന്നാലെ ധനമന്ത്രി അരുൺ ജയ്റ്റ്ലി ഫെയ്സ്ബുക്കിൽ കുറിച്ചു: ആദായ നികുതിദായകരുടെ എണ്ണത്തിൽ വൻവളർച്ച! 2014 മാർച്ചിൽ ആദായനികുതി റിട്ടേൺ സമർപ്പിച്ചത് 3.8 കോടി. 2017–18ൽ  അത് 6.86 കോടിയായി. 

Demonetisation

ആദായനികുതി വരുമാനം 2013–14ലെ 6.38 ലക്ഷം കോടിയിൽ നിന്ന് 10.02 ലക്ഷം കോടിയായി എന്നിങ്ങനെ.  നോട്ടുനിരോധനം ഇല്ലാതെ തന്നെ നികുതിദായകരുടെ എണ്ണം വർധിച്ച വർഷങ്ങളുണ്ടെന്നു സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സേഷന്റെ (സിബിഡിടി) കണക്കിൽ വ്യക്തം. 

ആശങ്ക  അകലുന്നില്ല !

നോട്ടുനിരോധനത്തെക്കുറിച്ചു കൂടുതൽ വിശദീകരിക്കാൻ 12ന് ആർബിഐ ഗവർണർ ഹാജരാകണമെന്നു പാർലമെന്റ് ധനകാര്യ സ്ഥിരംസമിതി നിർദേശിച്ചിട്ടുണ്ട്. ഒരേ കാര്യത്തിന്റെ പേരിൽ മൂന്നാംവട്ടവും  ആർബിഐ ഗവർണർ നേരിട്ടു ഹാജരാകേണ്ടി വരികയെന്ന ദുരവസ്ഥയിലൂടെയാണു നോട്ടുനിരോധനത്തിന്റെ രണ്ടാംവർഷം കടന്നുപോകുന്നത്.