11,000 പേർക്കു തൊഴിലവസരം: ലുലു സൈബർ ടവർ 2 നാളെ തുറക്കും

നാളെ ഉദ്ഘാടനം ചെയ്യുന്ന ലുലു സൈബർ ടവർ 2. ചിത്രം: മനോരമ

കൊച്ചി ∙ ആദ്യ 8 നിലകളിൽ കാർപാർക്കും ഒരു നിലയിൽ വിശാലമായ ഫുഡ് കോർട്ടും 11 നിലകളിൽ ഐടി സൗകര്യവുമായി 20 നിലകളിൽ  ലുലു സൈബർ ടവർ 2 ഇൻഫോ പാർക്കിൽ നാളെ തുറക്കുന്നു. 11000 പേർക്ക് തൊഴിലവസരം നേടാൻ സൗകര്യമുണ്ടാവുന്ന 400 കോടിയുടെ നിക്ഷേപമാണിത്.

ആദ്യ നിക്ഷേപകരായി 2 അമേരിക്കൻ ബഹുരാഷ്ട്ര കമ്പനികൾ എത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു. ടവറിലെ 40% സ്ഥലത്തിന് നിക്ഷേപകരായിട്ടുണ്ട്. ഇവിടെ നേരിട്ടു നിക്ഷേപം നടത്താൻ താൽപര്യമില്ലാത്ത ഐടി കമ്പനികളെ സംയുക്ത സംരംഭത്തിലൂടെ കൊണ്ടുവരാനും ഉദ്ദേശിക്കുന്നുണ്ട്. 

ലുലു സൈബർ ടവർ ഒന്നിൽ 4000 പേർ വിവിധ കമ്പനികളിലായി ജോലി ചെയ്യുന്നുണ്ട്. സ്മാർട് സിറ്റിയിൽ രണ്ടു ടവറുകളിലായി 35 ലക്ഷം ചതുരശ്രയടി സൗകര്യമാണുള്ളത്. അവിടെ 35000 പേർക്ക് ജോലി ചെയ്യാം. ഇവ മൂന്നും ചേരുമ്പോൾ അരലക്ഷം ഐടി പ്രഫഷനലുകൾക്കുള്ള സൗകര്യങ്ങളാണ് ലുലു ഗ്രൂപ്പ് സൃഷ്ടിക്കുന്നതെന്ന് യൂസഫലി ചൂണ്ടിക്കാട്ടി. സ്മാർട് സിറ്റി പദ്ധതി പിറകോട്ടു പോയിട്ടില്ല. എല്ലാ രംഗത്തും ഉള്ളപോലെ ചെറിയ മാന്ദ്യം ഐടി രംഗത്തുമുണ്ട്. സമയബന്ധിതമായി തന്നെ പദ്ധതി പൂർത്തിയാക്കും.

പുതിയ സൈബർ ടവറിന് ആകെ 15 ലക്ഷം ചതുരശ്രയടി വിസ്തീർണമുണ്ട്. 84000 ചതുരശ്രയടി അഥവാ രണ്ട് ഏക്കറോളം ജോലിസ്ഥലം ഓരോ നിലയിലുമുണ്ട്. 1200 പേർക്കു ജോലി ചെയ്യാം. എട്ടു നിലകളിലെ കാർ പാർക്കിൽ 1400 കാറുകൾക്കു പാർക്കിങ് സൗകര്യമുണ്ട്. ആധുനിക സൗകര്യങ്ങളുള്ള ഓഡിറ്റോറിയവും 900 സീറ്റുകളുള്ള വിശാലമായ ഫുഡ് കോർട്ടും 2 റസ്റ്ററന്റുകളും കോഫി ഷോപ്പുകളും ബിസിനസ് സെന്ററും യോഗ കേന്ദ്രവും ജിംനേഷ്യവും പ്രമുഖ ബാങ്കുകളുടെ എടിഎമ്മുകളും ഇവിടെയുണ്ട്. 

ഫെഡറൽ ബാങ്കും യൂണിയൻ ബാങ്കും ബ്രാഞ്ചുകൾ നടത്തുന്നു. 16 ഹൈസ്പീഡ് ലിഫ്റ്റുകൾ, അകത്തും പുറത്തുമായി 400 സിസി ടിവി ക്യാമറകൾ, വൈദ്യുതി മുടങ്ങാതിരിക്കാൻ കൂറ്റൻ ജനറേറ്റർ എന്നിവയുമുണ്ട്. അകത്തേക്കു ചൂട് കടത്തിവിടാത്ത ഇൻസുലേറ്റഡ് ഗ്ലാസാണ് സൈബർ ടവറിൽ ഉപയോഗിച്ചിരിക്കുന്നത്. 

തിരുവനന്തപുരത്തെ ലുലു മാൾ 2020 ആദ്യം തുറക്കും. കോഴിക്കോട്ട് ലുലു മാളിനു ലഭിച്ച ഗവ. അനുമതികളെക്കുറിച്ച് ഹൈക്കോടതിയിൽ കേസുള്ളതിനാൽ അതിൽ തീർപ്പായിട്ടു മാത്രമേ പണി തുടങ്ങൂ. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ 11ന് സൈബർ ടവർ  ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയ അധ്യക്ഷത വഹിക്കും.