Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമ്മുടെ െഎടി പ്രതിഭകളെ കേരളത്തിൽ നിലനിർത്താനാകണം: മുഖ്യമന്ത്രി

lulu-cyber-tower-2 കൊച്ചിയിൽ ലുലു സൈബർ ടവർ 2ന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി, ത‍ൃക്കാക്കര മുനിസിപ്പൽ അധ്യക്ഷ എം.ടി. ഓമന, കെ.വി. തോമസ് എംപി, പി.ടി. തോമസ് എംഎൽഎ, വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎൽഎ, യുഎഇ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി എന്നിവർ സമീപം. ചിത്രം: മനോരമ

കൊച്ചി∙ സമർഥരായ െഎടി പ്രഫഷനലുകളെ കേരളത്തിൽ ഉറപ്പിച്ചുനിർത്താൻ ആവശ്യമായ സംരംഭങ്ങൾ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐടി മേഖല ശക്തിപ്പെടാൻവേണ്ട പശ്ചാത്തലസൗകര്യങ്ങളും ഉണ്ടാവണം. കേരളത്തിൽ പ്രവർത്തിക്കുന്ന വ്യവസായസ്ഥാപനങ്ങൾക്കു ദുരനുഭവങ്ങൾ ഇല്ല. എന്നിട്ടും ‘അങ്ങോട്ടു പോകാൻ പറ്റില്ല’ എന്നൊരു പ്രതിച്ഛായ കേരളത്തെക്കുറിച്ചു നിലനിൽക്കുന്നു. അതിലാണു മാറ്റം വരേണ്ടത്– മുഖ്യമന്ത്രി പറഞ്ഞു.

ഇൻഫോപാർക്കിൽ നിർമിച്ച ലുലു സൈബർ ടവർ 2 ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. പ്രളയദുരന്തത്തിനുശേഷം നവകേരളത്തിന്റെ നിർമിതിയുമായി ബന്ധപ്പെട്ട നല്ലൊരു തുടക്കമാണ് ലുലു ഗ്രൂപ്പിന്റെ സൈബർ ടവർ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.‌ സംസ്ഥാനത്ത് ഇപ്പോൾ 1.3 കോടി ചതുരശ്രയടി വിസ്തീർണമുള്ള ഐടി കെട്ടിടങ്ങളുണ്ട്. ഒരു കോടി ചതുരശ്രയടി വിസ്തീർണംകൂടി ഏർപ്പെടുത്തുകയാണു സർക്കാർ ലക്ഷ്യം. രണ്ടര ലക്ഷം പേർക്കുകൂടി അതു തൊഴിലവസരം സൃഷ്ടിക്കും. ആ ലക്ഷ്യം നേടാൻ സഹായിക്കുന്ന പദ്ധതിയാണ് ലുലു സൈബർ ടവറെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗൾഫിലെ സ്വദേശിവൽക്കരണംമൂലം കേരളത്തിലെ ചെറുപ്പക്കാർ കേരളത്തിൽതന്നെ ജോലി തേടേണ്ട കാലമാണു വരുന്നതെന്നും അതിലേക്കുള്ള സംഭാവനയാണ് 11,000 പേർക്കു തൊഴിൽ ലഭിക്കുന്ന സൈബർ ടവർ എന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ചൂണ്ടിക്കാട്ടി. കേന്ദ്ര ഐടി മന്ത്രി എസ്.എസ്. അലുവാലിയയുടെ സന്ദേശം ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷൻ ഓഫിസർ വി.നന്ദകുമാർ വായിച്ചു. കെ.വി.തോമസ് എംപി, വി.മുരളീധരൻ എംപി, എംഎൽഎമാരായ പി.ടി.തോമസ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, എൽദോ ഏബ്രഹാം, തൃക്കാക്കര നഗരസഭാധ്യക്ഷ എം.ടി.ഓമന, ഇൻഫോപാർക്ക് സിഇഒ ഋഷികേശ് നായർ തുടങ്ങിയവർ പ്രസംഗിച്ചു.‘

‘കേരളത്തിൽ നിക്ഷേപിക്കൂ; തടസ്സം വന്നാൽ മുഖ്യമന്ത്രിയെ വിളിക്കൂ’

കൊച്ചി∙ പുറത്തുപോയി അധ്വാനത്തിലൂടെ സാമ്പത്തികശേഷി നേടിയ മലയാളികൾ കേരളത്തിൽ സ്ഥാപനങ്ങൾ ആരംഭിക്കണമെന്നും അവരാൽ കഴിയുന്ന നിക്ഷേപം നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

കേരളത്തിൽ സംരംഭം തുടങ്ങുന്നതിൽ പഴയതുപോലെ ആശങ്ക ഉണ്ടാവേണ്ട കാര്യമില്ല. പ്രശ്നങ്ങളുണ്ടായാൽ എളുപ്പത്തിൽ പരിഹരിക്കും. അതിനു മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെടാം. മുഖ്യമന്ത്രിമായും സംസാരിക്കാം. മലയാളികൾക്കു കേരളത്തിൽ മുതൽമുടക്കുന്നതിനോടു ‘മാനസിക ബ്ലോക്ക്’ ഉണ്ടെങ്കിൽ മാറ്റണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നവകേരള നിർമിതിക്കു നാട്ടിലുള്ള പ്രമുഖവ്യക്തികൾ പങ്കുവഹിക്കേണ്ടതുണ്ട്– മുഖ്യമന്ത്രി പറഞ്ഞു.