പ്രതീക്ഷയേകി എണ്ണവിലയിടിവ്

കൊച്ചി ∙ രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണ വില അനുദിനം താഴുന്നതു രാജ്യത്തെ സമ്പദ്‌വ്യവസ്‌ഥയ്‌ക്കു സമ്മാനിക്കുന്നതു വലിയ പ്രതീക്ഷകൾ. പെട്രോളിയം ഉൽപന്നങ്ങളുടെ വിലയിടിവു മുതൽ വായ്‌പ നിരക്കുകളുടെ പടിയിറക്കം വരെ ജനതയ്‌ക്കാകെ ആശ്വാസകരമായ വിധത്തിൽ സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുമെന്നാണ് അനുമാനം.

കഴിഞ്ഞ മാസം ബാരലിന് 86.07 യുഎസ് ഡോളർ വരെ ഉയർന്ന എണ്ണ വില 32.08% കുറഞ്ഞ് 58.46 ൽ എത്തിയിരിക്കുകയാണ്. അധിക ലഭ്യതയാണു വിലയിടിവിനു കാരണം. ബാരലിന്റെ വില ഒരു ഡോളർ ഇടിഞ്ഞാൽത്തന്നെ ഇറക്കുമതിച്ചെലവ് ഇനത്തിൽ ഇന്ത്യയ്‌ക്കു ദിവസം 6160 കോടി രൂപ ലാഭിക്കാനാകുമെന്നാണു റേറ്റിങ് ഏജൻസിയായ ഇന്ത്യ റേറ്റിങ്‌സ് അനുമാനിക്കുന്നത്. ആവശ്യത്തിന്റെ 80 ശതമാനത്തിനും ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ.

ഡിസംബർ ആറിനു വിയന്നയിൽ ചേരുന്ന ഉൽപാദക രാഷ്‌ട്രങ്ങളുടെ കൂട്ടായ്‌മ (ഒപെക്) ഉൽപാദനം നിയന്ത്രിക്കാൻ തീരുമാനിക്കുന്നില്ലെങ്കിൽ വില 50 ഡോളർ വരെ താഴ്‌ന്നാലും അത്ഭുതമില്ലെന്നു വിപണിയുമായി ബന്ധപ്പെട്ടവർ കരുതുന്നു. ആ നിലവാരത്തിലേക്കു വില താഴ്‌ന്നാൽ ജനങ്ങൾക്കും സർക്കാരിനും അധിക ബാധ്യതയിൽനിന്നുണ്ടാകുന്ന ആശ്വാസം അളവറ്റതായിരിക്കും.

സാമ്പത്തിക സാഹചര്യങ്ങളിൽ പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ

∙ ഡീസൽ, പെട്രോൾ, പാചക വാതക വിലകളിൽ ഗണ്യമായ വിലയിടിവ്.
∙ ചരക്കുനീക്കത്തിന്റെ ചെലവു കുറയുന്നതു മൂലം അവശ്യ സാധനങ്ങൾ ഉൾപ്പെടെയുള്ള ഉൽപന്നങ്ങളുടെ വിലക്കയറ്റത്തിനു വിരാമം. എണ്ണ വിലയിലെ ഓരോ 10 ഡോളർ ഇടിവും മൊത്ത വില സൂചികയിൽ വരുത്തുന്ന കുറവ് 0.5 ശതമാനത്തിലേറെയാണ്. ഉപഭോക്‌തൃ വില സൂചികയിലും ഇടിവു പ്രതിഫലിക്കും.
∙ ഇന്ധനം ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾക്കു വില കുറയുന്നതിലൂടെ ജനങ്ങളുടെ ക്രയ ശേഷിയിൽ വർധന. ഇത് ഉപഭോക്‌തൃ വിപണിയെ വീണ്ടും സജീവമാക്കും.

∙ എല്ലാ ഇനത്തിലുംപെട്ട വാഹനങ്ങളുടെ വിൽപനയിൽ കുതിപ്പ്. പെയിന്റ്, ടയർ, പ്ലാസ്‌റ്റിക് വ്യവസായങ്ങൾക്കും പ്രതീക്ഷിക്കാൻ വകയുണ്ട്. വ്യോമഗതാഗത വ്യവസായത്തിനും ആശ്വസിക്കാം.
∙ ഇന്ധന സബ്‌സിഡി ഇനത്തിൽ ചെലവാകുന്ന തുകയിൽ വലിയൊരളവു ലാഭിക്കാൻ സർക്കാരിന് അവസരം.
∙ കഴിഞ്ഞ മാസം ആദ്യം ഡീസലിനും പെട്രോളിനും ലീറ്ററിനു 2.50 രൂപ വീതം അനുവദിച്ച ഇളവു പിൻവലിക്കാൻ കേന്ദ്ര സർക്കാരിനു സാധ്യമാകുന്ന അവസ്‌ഥ.
∙ സബ്‌സിഡി ഇനത്തിലെ ചെലവിലുണ്ടാകുന്ന കുറവും മറ്റും ധന കമ്മിയുടെ നില മെച്ചപ്പെടുത്താൻ സഹായകമാകും.

∙ ഇറക്കുമതിച്ചെലവിലെ ഭീമമായ ഇടിവിൽ കറന്റ് അക്കൗണ്ട് കമ്മി കുറയും.
∙ നാണ്യപ്പെരുപ്പ നിയന്ത്രണം സാധ്യമാകുന്നതിനാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കു വായ്‌പ നിരക്കുകൾ കുറയ്‌ക്കാനാകും. ഇതു വ്യവസായ, വാണിജ്യ മേഖലകൾക്ക് ഉത്തേജനമാകും.
∙ രൂപയുടെ വിലയിടിവു നിയന്ത്രണത്തിലാകും.
∙ ഓഹരി, കടപ്പത്ര വിപണികൾ സജീവമാകും.
∙ ആഭ്യന്തര മൊത്ത ഉൽപാദന (ജിഡിപി) ത്തിൽ വളർച്ച.