ദോഹ ∙ രാജ്യാന്തര വിപണിയിൽ എണ്ണ വില താഴുന്നതിനിടെ, സൗദി അറേബ്യയുടെ ഉൽപാദനം റെക്കോർഡ് നിലയിലെത്തി. എണ്ണ വില ഇന്നലെ ബാരലിന് 60 ഡോളറാണ്. സൗദി പ്രതിദിനം 1.13 കോടി ബാരൽവരെയാണ് ഉൽപാദിപ്പിക്കുന്നത്. അടുത്ത മാസം മുതൽ ഉൽപാദനം പ്രതിദിനം 5 ലക്ഷം ബാരൽ കുറയ്ക്കുമെന്നു സൗദി പ്രഖ്യാപിച്ചിട്ടുണ്ട്.
വിപണിയിൽ വില വർധിപ്പിക്കാൻ വീണ്ടും ഉൽപാദന നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം സൗദി മുന്നോട്ടു വച്ചിട്ടുണ്ട്. ഡിസംബർ ആറിനു വിയന്നയിൽ ചേരുന്ന എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മ (ഒപെക്) യോഗം ഇക്കാര്യം ചർച്ച ചെയ്യും. അടുത്ത വർഷം ആദ്യം മുതൽ പ്രതിദിനം 10 മുതൽ 14 ലക്ഷം ബാരൽ വരെ ഉൽപാദനം കുറയ്ക്കാനാണു ശ്രമം. ഒപെകിനു പുറത്തെ പ്രമുഖ എണ്ണ ഉൽപാദക രാജ്യമായ റഷ്യയും ഇതേ നിലപാടു സ്വീകരിക്കുമോയെന്നു വ്യക്തമല്ല.