യുഎസ് ഉൽപാദനം കൂട്ടി: എണ്ണ വില വീണ്ടും താണു

ദോഹ∙ യുഎസ് ഉൽപാദനം വർധിപ്പിച്ചതോടെ രാജ്യാന്തര വിപണിയിൽ എണ്ണ വില ബാരലിന് 58 ഡോളറിലേക്കു താഴ്ന്നു. ഇതിനിടെ, ഉൽപാദന നിയന്ത്രണം ചർച്ച ചെയ്യാനായി ഒപെക് (എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മ) ആറിനു വിയന്നയിൽ യോഗം ചേരും. അടുത്ത വർഷം ആദ്യം മുതൽ ഉൽപാദന നിയന്ത്രണം ഏർപ്പെടുത്താനാണ് ഒപെക് നീക്കം. ഇക്കാര്യത്തിൽ ഒപെകുമായി സഹകരിക്കുമെന്നു റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ വില ബാരലിന് 60 ഡോളർ എന്നതിൽ തൃപ്തരാണെന്നു റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. മുൻപ് എണ്ണ വില ഗണ്യമായി ഇടിഞ്ഞപ്പോൾ റഷ്യയും ഒപെക് രാജ്യങ്ങളും ഒരുമിച്ചാണ് ഉൽപാദന നിയന്ത്രണം ഏർപ്പെടുത്തിയത്. റഷ്യയുമായി മുൻ സഹകരണം തുടരാനാണു സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആഗ്രഹിക്കുന്നത്.

അതേസമയം, യുഎസിൽ നിന്നുള്ള എണ്ണ ഉൽപാദനം റെക്കോർഡ് നിലയിലേക്ക് ഉയരുകയാണ്. ഉൽപാദനം വർധിപ്പിച്ച് എണ്ണ വില കുറച്ചു നിർത്താനാണു യുഎസ് ലക്ഷ്യമിടുന്നത്. ഉൽപാദന നിയന്ത്രണം ഏർപ്പെടുത്താതിരിക്കാൻ യുഎസ് ഒപെക് രാജ്യങ്ങൾക്കു മേൽ സമ്മർദം ചെലുത്തുന്നുമുണ്ട്.