ദോഹ∙ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മ ഒപെക്കിന്റെ യോഗം നാളെ ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ ചേരാനിരിക്കെ രാജ്യാന്തര എണ്ണ വിലയിൽ നേരിയ വർധന. ബ്രെന്റ് ക്രൂഡ് വില ബാരലിനു 63 ഡോളറിലെത്തി. ഉൽപാദന നിയന്ത്രണം ഏർപ്പെടുത്താൻ ഒപെക് തീരുമാനിക്കുമെന്ന പ്രതീക്ഷയാണു വില വർധിക്കാൻ കാരണം.
ഒപെക്കിൽ നിന്നു പുറത്തു പോകാനുള്ള ഖത്തർ തീരുമാനത്തിന്റെയും ഉൽപാദന നിയന്ത്രണം ഏർപ്പെടുത്തുന്നതിനെതിരായ യുഎസ് സമ്മർദത്തിന്റെയും പശ്ചാത്തലത്തിലാണു യോഗം. എണ്ണ ഉൽപാദനം പ്രതിദിനം 13 ലക്ഷം ബാരൽ കുറയ്ക്കാനാണ് ഒപെക് രാജ്യങ്ങളുടെ ആലോചന. എന്നാൽ, ഒപെക്കിനു പുറത്തുള്ള പ്രമുഖ ഉൽപാദക രാജ്യമായ റഷ്യ ഇത്രയും കുറയ്ക്കുന്നത് അനുകൂലിക്കുന്നില്ല.
നാളെ ഒപെക് രാജ്യങ്ങളുടെ യോഗവും ഏഴിന് ഒപെക്കും റഷ്യയും ചേർന്നുള്ള യോഗവുമാണ് നടക്കുന്നത്. ഒപെക് വിടാനുള്ള ഖത്തറിന്റെ തീരുമാനത്തെക്കുറിച്ചുള്ള ചർച്ച അംഗരാജ്യങ്ങൾക്കിടയിലെ ഭിന്നത പുറത്തു വരാൻ ഇടയാക്കുമെന്നാണ് കരുതുന്നത്.