ഡിസംബറിൽ സിനിമാ പ്രളയം! അടുത്തയാഴ്ച ഒടിയൻ; പിന്നാലെ തിയറ്ററിലെത്താൻ ചിത്രങ്ങളുടെ നീണ്ട ക്യൂ

തൃശൂർ∙ പ്രളയത്തിനുശേഷം തിയറ്ററിൽ മലയാള സിനിമകളുടെ ക്യൂ. സിനിമകൾ കൂട്ടത്തോടെ റിലീസിനു അവസരവും കാത്തു നിൽക്കുകയാണ്. ഡിസംബർ ഈ വർഷത്തെ ഏറ്റവും വലിയ സിനിമാ സീസണാകുമെന്നാണു പ്രതീക്ഷ. ഈ സീസൺ ഹിറ്റാക്കിയാൽ റിലീസ് കാത്തുനിൽക്കുന്ന സിനിമകൾ ജനുവരിയിൽ വീണ്ടും ആഘോഷമാക്കുമെന്നാണു കരുതുന്നത്. ആദ്യമായാണു ഡിസംബറിലും ജനുവരിയിലും ഇത്രയേറെ സിനിമകൾ റിലീസ് കാത്തുനിൽക്കുന്നത്. ഒരു സിനിമ ഹിറ്റായാൽ എല്ലാ സിനിമയ്ക്കും കാഴ്ചക്കാർ കൂടുമെന്നതാണു മാർക്കറ്റിലെ മുൻകാല അനുഭവം. 

അടുത്ത കാലത്തു കണ്ട ഏറ്റവും വലിയ റിലീസ് മത്സരമാകും 14 മുതൽ മൂന്നാഴ്ചത്തേക്കു കേരളത്തിലെ തിയറ്ററുകളിൽ നടക്കുക. മലയാള സിനിമയുടെ മാർക്കറ്റിൽ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ തള്ളിക്കയറ്റമാണമാണിത്. പ്രളയകാലത്തു ഷൂട്ടിങ് നിർത്തിവച്ച സിനികളിൽ പലതും ഒരുമിച്ചു പൂർത്തിയായതാണു തിരക്കിന്റെ പ്രധാന കാരണം.

പ്രളയത്തിൽ സെറ്റ് നശിച്ചതുമുതൽ സാമ്പത്തിക പ്രതിസന്ധിയിലായ സിനിമകൾവരെ ഇതിലുണ്ട്. സിനിമാ മാർക്കറ്റിലെ വൻ ഉണർവിനു ക്രിസ്മസ് റീലീസ് ഇടയാക്കുമെന്നാണു പ്രതീക്ഷ. ഒരൊറ്റ ദിവസം നാലു മലയാളമടക്കം ആറു സിനികൾ ഒരുമിച്ചു തിയറ്ററിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. 

450 സ്ക്രീനുകളാണു കേരളത്തിലുള്ളത്. ഒടിയനാണ് ആഘോഷത്തിനു തുടക്കമിടുന്നത്. 400 സ്ക്രീനുകളിൽ ആദ്യ ദിവസം ഒടിയൻ പ്രദർശിപ്പിക്കുമെന്നാണു സൂചന. ഹിറ്റായാൽ 350 സ്ക്രീനിൽ ഒരാഴ്ചത്തേക്ക് ഒടിയൻ തുടരും. 7 ദിവസമാണു ഒടിയനു മാത്രമായി തിയറ്ററുകൾ ഒഴിച്ചിരിക്കുന്നത്.

ആദ്യദിവസംതന്നെ 3 കോടി രൂപവരെ വിതരണക്കാരന്റെ ഓഹരിമാത്രം കിട്ടുമെന്നാണു പ്രതീക്ഷ. കലക്‌ഷൻ ഇതിന്റെ ഇരട്ടിയാകും. നേർപകുതിയാണു ആദ്യ ആഴ്ച വിതരണക്കാരനു കിട്ടുന്നത്. സംസ്ഥാനത്തു ആദ്യമായാണ് ഇത്രയേറെ ഇനീഷ്യൽ ഒരു സിനിമയ്ക്കു പ്രതീക്ഷിക്കുന്നത്. 

അടുത്ത റിലീസ് ആഘോഷം വരുന്നതു 21ന്. അന്ന് 5 സിനിമകൾ ഒരുമിച്ചാണു തിയറ്ററിലെത്തുക. ക്രിസ്മസിനു മാത്രം എത്തുന്നതു 100 കോടിയോളം രൂപയുടെ സിനിമകൾ. കാത്തുനിൽക്കുന്നതു ഏകദേശം 90 കോടിയുടെയും. രണ്ടു മാസത്തിനകം 190 കോടിരൂപയുടെ സിനിമ മാർക്കറ്റിലെത്തുന്നുവെന്നതു മലയാള സിനിമയുടെ ചരിത്രത്തിലാദ്യമാണ്. 

സത്യൻ അന്തിക്കാടിന്റെ ഫഹദ് ഫാസിൽ സിനിമയായ ‘ഞാൻ പ്രകാശൻ’ 21നു തിയറ്ററുകളിലെത്തും. ലാൽ ജോസിന്റെ ‘തട്ടിൻപുറത്തെ അച്യുതനും’ ആന്റോ ജോസഫ് നിർമിക്കുന്ന ടോവിനൊ സിനിമയായ ‘എന്റെ ഉമ്മാന്റെ പേരും’ 21നു റിലീസ് ചെയ്യും. ജയസൂര്യയുടെ ‘പ്രേതം 2’ ഇതേ ദിവസം എത്തും. രഞ്ജിത്ത് ശങ്കറാണു സംവിധായകൻ. ധനുഷ് നാകയനായ മാരി 2, ഷാരൂഖ് ഖാന്റെ ഹീറോ എന്നീ സിനിമകളും അന്നെത്തും. മാരി 2 ൽ വില്ലനായി എത്തുന്നതു ടോവിനൊയാണ്. 

ഈ സിനിമകൾക്കെല്ലാം പുറമെ തിയറ്റർ കാത്തു ക്യൂ നിൽക്കുന്നത് 14 സിനിമകളാണ്. റെഡിയായി കാത്തിരിക്കാനാണു വിതരണക്കാരോടു തിയറ്റർ ഉമടകൾ വിപറഞ്ഞിട്ടുള്ളത്. 2 തമിഴ് സിനിമകളും ഇതോടൊപ്പം തിയറ്റർ കാത്തിരിപ്പുണ്ട്. ഡിസംബർ സിനിമകളുടെ വിജയത്തെ ആശ്രയിച്ചാകും ഈ 16 സിനിമകളുടെ റിലീസ്. 

സത്യൻ അന്തിക്കാട്, മോഹൻലാൽ, ലാൽ ജോസ് എന്നീ പ്രമുഖരുടെ സിനിമകൾ ഒരേ സമയം തിയറ്ററിൽ എത്തുകയാണ്. ഷാറുഖ് ഖാനും ധനുഷും കൂടി വന്നതോടെ എല്ലായിടത്തും നിർമാതാക്കളുടെയും വിതരണക്കാരുടെയും ക്യൂ.