ഒരു മുളൈ വന്തു പാർത്തായാ

മുളയെന്ന ഒറ്റച്ചെടിയുടെ വിസ്മയ ലോകമാണിപ്പോൾ എറണാകുളത്തപ്പൻ ഗ്രൗണ്ട്. ചെറിയ അടുക്കള ഉപകരണങ്ങളും ആഭരണങ്ങളും വൈവിധ്യമാർന്ന അലങ്കാര വസ്തുക്കളും കട്ടിലും മേശയും ഇരിപ്പിടങ്ങളും അടക്കമുള്ള ഫർണിച്ചറുകളും തുടങ്ങി വീട് വരെ മുളയിൽ വിരിഞ്ഞിരിക്കുന്നു. സംസ്ഥാന ബാംബൂ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മേളയിൽ കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും മുള ഉൽപ്പന്ന സംരംഭകർ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് അണിനിരത്തുന്നത്. ഉൽപ്പാദകർ നേരിട്ടു പങ്കെടുക്കുന്നതിനാൽ ഇടനിലക്കാരില്ലാതെ ന്യായവിലയിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാം എന്നതാണു മുഖ്യ ആകർഷണം. 

ബാബൂ മിഷനിലെ ഡിസൈനർമാർ നിർമ്മിച്ച അലങ്കാരവസ്തുക്കളും ആഭരണങ്ങളും ഫർണിച്ചറുമെല്ലാം പ്രദർശിപ്പിക്കുന്ന ഗാലറിയാണ് മേളയിലെ സ്റ്റാളുകളിലെ ആദ്യത്തേത്ത്. 

സംസ്ഥാന ബാംബൂ കോർപ്പറേഷനും വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ അണിനിരത്തുന്നു. 

50 രൂപയുടെ മനോഹരമായ പേപ്പർ വെയ്റ്റ് മുതൽ 13000 രൂപയുടെ കട്ടിലും സോഫയും വരെയുള്ള ഉൽപ്പന്നങ്ങളാണ് ഇവിടെയുള്ളത്. 3000 രൂപയുടെ ത്രികോണ കസേരയിൽ തുടങ്ങുന്നു ഇരിപ്പിട ശ്രേണി. സിംഗിൾ സെറ്റിക്ക് 6000, ഡബിളിന് 10000, 3 പേർക്കിരിക്കാവുന്നതിന് 13000 എന്നിങ്ങനെയാണ് വില. 9500-12000 നിരക്കിൽ മുളംകട്ടിലുകൾ ലഭിക്കും. ഈസി ചെയറിന് 5500 രൂപയാണു വില. പൂപാത്രങ്ങൾ(150 മുതൽ), കോഫി ട്രേ(400), ലൈറ്റ് ഫ്രെയിം(500) എന്നിങ്ങനെ ഉൽപ്പന്നങ്ങൾ വേറെയുമുണ്ട്. 

സ്വകാര്യ സംരഭകരും വിപുലമായ മുള ഉൽപ്പന്നങ്ങളുമായി മേളയിലുണ്ട്.  ഊഞ്ഞാലുകൾ തന്നെ പല മോഡലുകൾ. 20000 രൂപ വരെയാണു വില. 

162 സ്റ്റാളുകളാണുള്ളത്. കുടുംബശ്രീ ഫുഡ് കോർട്ടുമുണ്ട്. മേള നാളെ സമാപിക്കും. സമയം രാവിലെ 11 മുതൽ രാത്രി 9 വരെ. പ്രവേശനം സൗജന്യം.

വീടും മുളയ്ക്കും

മുളയിൽ ‌ഓഫിസ് മാത്രമല്ല, വീടു തന്നെ പണിയാം. എസി വേണ്ട, വൈദ്യുതി ചെലവില്ലാതെ എസിയെ വെല്ലുന്ന സ്വാഭാവിക തണുപ്പ് സദാ കിട്ടുകയും ചെയ്യും. എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടന്ന ബാംബൂ ഫെസ്റ്റ് വേദിക്കു പുറത്ത് ഇത്തരമൊരു മുളവീട് തന്നെ ബാംബൂ കോർപ്പറേഷൻ ഒരുക്കിയിട്ടുണ്ട്. വീട് കണ്ട് അതുപോലൊന്നു വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അതിനും വഴിയുണ്ട്. പണം മുടക്കിയാൽ മതി; മുളവീട് ബാംബൂ കോർപ്പറേഷൻ നിർമ്മിച്ചു നൽകും. സൗകര്യങ്ങളും നിർമ്മാണ വസ്തുക്കളും അനുസരിച്ച് ചതുരശ്ര അടിക്ക് 1200-1700 രൂപയാണു നിർമാണ ചെലവ്. ഒരു ഹാളും അറ്റാച്ച്ഡ് മുറിയും ഉൾപ്പെടുന്ന വീടാണ് മാതൃകയായി ബാംബൂ ഫെസ്റ്റ് വേദിയിൽ സജ്ജമാക്കിയിരിക്കുന്നത്. 

തറ നിരപ്പിൽനിന്ന് മൂന്നടിയോളം ഉയരത്തിൽ മുളംതൂണുകൾക്കു മുകളിൽ അടിത്തറ ഒരുക്കിയാണ് മുളവീട് നിർമ്മാണം. ചുവരും വാതിലും ജനാലകളും കട്ടിലും കസേരയും മറ്റ് ഫർണിച്ചറുകളുമെല്ലാം മുള. തറയിലെ ടെയിലും മുളയിൽ നിർമ്മിച്ചവ. മേൽക്കൂരയിൽ നിറയുന്നതും മുളയിൽ തന്നെ.

ഓഫിസ് മുളച്ചു

ഒരു ഓഫിസ് മുഴുവൻ മുളമയം. തൊഴിലിടവും അങ്ങനെ സമ്പൂർണ പരിസ്ഥിതി സൗഹൃദമാക്കി മാറ്റാമെന്നു തെളിയിക്കുകയാണു വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉറവ്. ബാംബൂ ഫെസ്റ്റിൽ ഉറവിന്റെ സ്റ്റാൾ തന്നെ രൂപകൽപ്പന ചെയ്തിരിക്കുന്നത് മുള ഓഫീസ് മുറിയായാണ്. 

ഓഫീസ് മുറിയുടെ ചുവരുകളും മേശയും ഇരിപ്പിടങ്ങളും സ്റ്റാൻഡും മാത്രമല്ല, പേന, പെൻസിൽ, പെൻ സ്റ്റാൻഡ്, ഫയലുകൾ, ടേബിൾ കലണ്ടർ, ലാപ് ടോപ് സ്റ്റാൻഡ്, നെയിം ബോർഡ്, ബാനർ തുടങ്ങിയവയെല്ലാം മുള നിർമിതം; എല്ലാം മനോഹരവും. പരമ്പരാഗത ഓഫീസ് സങ്കൽപ്പങ്ങളെ കാഴ്ചയിൽ തന്നെ മാറ്റിമറിക്കുന്നു ഈ മുള ഓഫീസ്. പ്ലാസ്റ്റിക്കും മറ്റു പ്രകൃതി മലിനീകരണ സാധനങ്ങളും നിത്യജീവിതത്തിൽ നിന്നു പരമാവധി അകറ്റി നിർത്താൻ ആഗ്രഹിക്കുന്നവർക്കു മുന്നിൽ വൈവിധ്യമാർന്ന ഉൽപ്പന്ന നിരയാണ് ഉറവ് അവതരിപ്പിക്കുന്നത്. ഓഫീസുകളിലേക്കും വീടുകളിലേക്കും ആവശ്യമായ ഫർണിച്ചറിന്റെ മനോഹര ശ്രേണിയുണ്ട്. മുളയിലുള്ള വെർട്ടിക്കൽ ഗാർഡനാണ് ഉറവ് അവതരിപ്പിക്കുന്ന മറ്റൊരു ആകർഷണം.

 ഫോട്ടോ ഫ്രെയിമുകൾ, കോർപ്പറേറ്റ് ഗിഫ്റ്റിങിനു ആവശ്യമായ ഉൽപ്പന്നങ്ങൾ എന്നിവയും ഉറവിന്റെ കരകൗശല വിദഗ്ധർ ഡിസൈൻ ചെയ്‌തിട്ടുണ്ട്. 

വയനാട്ടിലെ തൃക്കൈപ്പെറ്റ ഗ്രാമത്തിലാണ് ഉറവ് സ്ഥിതി ചെയ്യുന്നത്. സുസ്ഥിരമായ മാർഗങ്ങളിലൂടെ ഗ്രാമത്തിന്റെ വളർച്ച ലക്ഷ്യമിട്ട് ആരംഭിച്ച സംഘടനയാണ് ഉറവ്. ഇന്ന് ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളുടെയും വരുമാനമാർഗമാണ് മുള. സ്വയം സഹായ സംഘങ്ങളിലൂടെ 90 ശതമാനവും സ്ത്രീകളാണ് ഇവയിൽ പങ്കാളികളാകുന്നത്.

പരിശീലന മേഖലയിലും ഉറവ് പ്രവർത്തിക്കുന്നുണ്ട്. മുളയുൽപ്പന്ന നിർമ്മാണത്തിനുള്ള പരിശീലനവും സാങ്കേതിക സഹായവും അസംസ്‌കൃത വസ്തുക്കളുടെ വിതരണവും ഉറവ് നിർവഹിക്കുന്നു. മുളയുടെ വലിയൊരു നഴ്‌സറിയും ഉറവിന്റേതായുണ്ട്. കേരളത്തിലെ ഏക മുള ആർട്ഗ്യാലറിയും ഉറവിന്റേതാണ്.