വായ്‌പ തേടുന്നവരുടെ ‘ക്രെഡിറ്റ് സ്‌കോർ’ മികച്ചതായിരിക്കണമെന്നു ബാങ്കുകൾ ഉൾപ്പെടെയുള്ള ധനസ്‌ഥാപനങ്ങൾ നിഷ്‌കർഷിക്കുന്നുണ്ടല്ലോ. വായ്‌പക്കാരന്റെ മാത്രമല്ല ജാമ്യക്കാരന്റെ സ്‌കോറും മികച്ചതാവണമെന്ന് അടുത്തകാലത്തായി ഈ സ്‌ഥാപനങ്ങൾക്കു നിർബന്ധമുണ്ട്.
വായ്‌പക്കാരന്റെ സ്‌കോർ മികച്ചതല്ലെങ്കിൽ ആരും ജാമ്യം നിൽക്കാൻ തയാറായില്ലെന്നും വരും. വായ്‌പയ്‌ക്കു ജാമ്യം നിന്നു വഴിയാധാരമാകുന്നവരുടെ ദുരന്തകഥകൾ വർധിച്ചുവരുന്നതാണു കാരണം.
സ്‌കോർ മികച്ചതാകണമെങ്കിൽ ചില കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് ഇതിൽനിന്നു വ്യക്‌തം. 300 മുതൽ 900 വരെയാണു സ്‌കോറിന്റെ നിലവാരം. സ്‌കോർ മെച്ചപ്പെട്ടതെങ്കിൽ വായ്‌പ ലഭിക്കുന്നതിനുള്ള അർഹത കൂടുതലായിരിക്കും.
ക്രെഡിറ്റ് സ്‌കോർ കണക്കാക്കുന്ന ക്രെഡിറ്റ് ഇൻഫർമേഷൻ ഏജൻസികൾ നാലെണ്ണമാണുള്ളത്: ട്രാൻസ് യൂണിയൻ സിബിൽ, എക്‌സ്‌പീരിയൻ, ഇക്വിഫാക്‌സ്, ക്രിഫ് ഹൈ മാർക് എന്നിവ. ഏതു വ്യക്‌തിക്കും വർഷത്തിൽ ഒരു തവണ ക്രെഡിറ്റ് റിപ്പോർട്ട് സൗജന്യമായി ലഭ്യമാക്കണമെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ ഏജൻസികൾക്കു നിർദേശം നൽകിയിട്ടുണ്ട്.
സ്‌കോർ മികച്ചതാകണമെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙ ഏതു വായ്‌പയുടെയും തിരിച്ചടവു കൃത്യമായി പാലിക്കുക.
∙ ഈട് ആവശ്യമില്ലാത്ത (അരക്ഷിത) വായ്‌പകൾ (വ്യക്‌തിഗത വായ്‌പകൾ പോലുള്ളവ) ഒഴിവാക്കുക.
∙ ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന കണക്കിനു വായ്‌പയെടുക്കാതിരിക്കുക. അതായത്, വായ്‌പകൾ തമ്മിലുള്ള ഇടവേളകൾക്ക് അഭിലഷണീയമായ അകൽച്ചയുണ്ടായിരിക്കണം.
∙ വായ്‌പകളുടെ കാലാവധി ഹ്രസ്വമായിരിക്കുക. തിരിച്ചടവു ശേഷി സംബന്ധിച്ച ആത്മവിശ്വാസക്കുറവാണു ദീർഘമായ കാലാവധി തിരഞ്ഞെടുക്കുന്നതിലൂടെ വ്യക്‌തമാക്കുന്നത്.
∙ കഴിയുമെങ്കിൽ കാലാവധിക്കു മുമ്പുതന്നെ തിരിച്ചടവു പൂർത്തിയാക്കുക.
∙ ക്രെഡിറ്റ് കാർഡ് അനുവദിക്കുന്ന തുക മുഴുവൻ ചെലവിടുന്നത് ഒഴിവാക്കുക. മുഴുവൻ തുകയും ചെലവിടുന്ന വ്യക്‌തിയുടെ ജീവിതമാകെ പണയത്തിലാണെന്നു റേറ്റിങ് ഏജൻസി സംശയിച്ചുപോകുന്നതു ന്യായം. അനുവദനീയമായ തുകയുടെ 40 ശതമാനത്തിലേറെ ചെലവിടുന്നത് അഭിലഷണീയമല്ല.
∙ ക്രെഡിറ്റ് കാർഡ് ഇല്ലാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. ഒന്നിലേറെ ക്രെഡിറ്റ് കാർഡ് ഒട്ടും അഭിലഷണീയമല്ല.