മുംബൈ∙ റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിന്റെ തോത് നിർണയിക്കാനുള്ള സമിതിയുടെ അധ്യക്ഷനായി മുൻ റിസർവ് ബാങ്ക് ഗവർണർ ബിമൽ ജലാനെ നിയമിച്ചു. ഇത്തരമൊരു സമിതിക്കു രൂപം നൽകാൻ ആർബിഐ ബോർഡ് ഓഫ് ഡയറക്ടേഴ്സ് തീരുമാനിച്ച് ഒരു മാസം കഴിഞ്ഞാണ് സമിതി അംഗങ്ങളെ നിശ്ചയിച്ചത്.
മുൻ ഡപ്യൂട്ടി ഗവർണർ രാകേഷ് മോഹനാണ് ഉപാധ്യക്ഷൻ. കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്, ആർബിഐ ഡപ്യൂട്ടി ഗവർണർ എൻ.എസ്. വിശ്വനാഥൻ, ആർബിഐ സെൻട്രൽ ബോർഡ് അംഗങ്ങളായ ഭരത് ദോഷി, സുധീർ മങ്കാദ് എന്നിവരാണ് എക്സ്പെർട്ട് കമ്മിറ്റി ഓൺ ഇക്കണോമിക് കാപ്പിറ്റൽ ഫ്രെയിംവർക് എന്ന സമിതിയിലെ മറ്റംഗങ്ങൾ.