അടിമാലി∙ ഇക്കഴിഞ്ഞ 17നു രാവിലെ മൂന്നു മണിക്കു സുഹൃത്തുമൊന്നിച്ചു ബൈക്കിൽ ഒരു മരണവീട്ടിലേക്കു പോവുകയായിരുന്നു അടിമാലി മുനിയറ സ്വദേശിയായ ജിതിൻ. 21 വയസ്സു മാത്രമുള്ള ഒരു ചെറുപ്പക്കാരന്റെ സ്വപ്നങ്ങളെയൊക്കെ തല്ലികെടുത്താൻ മാത്രം കെൽപുള്ള യാത്രയായിരുന്നു അത്. അടിമാലിക്കടുത്തുള്ള കല്ലാറുകുട്ടി എന്ന സ്ഥലത്തു വെച്ച് ഇരുവരും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു. രണ്ടുപേരും സമീപത്തുണ്ടായിരുന്ന കൊക്കയിലേക്കു തെറിച്ചു വീണു. നേരം വെളുക്കാതിരുന്നതിനാൽ ഇവരെ ആരും കണ്ടതുമില്ല. ഇരുവരും ബോധമറ്റ് ആ കൊക്കയിൽ കിടന്നതു മൂന്നു മണിക്കൂറോളം സമയം. ആറു മണിയോടടുത്ത് അതുവഴി പോയ വഴിയാത്രക്കാരാണ് ഇരുവരെയും ആശുപത്രിയിലെത്തിക്കുന്നത്.
ഹെൽമറ്റ് വെച്ചതിനാൽ ജിതിനൊപ്പം യാത്ര ചെയ്ത സുഹൃത്തിന്റെ അത്ര ഗുരുതര പരുക്കുകളുണ്ടായില്ല. കിഡ്നിക്കും തലച്ചോറിനും ഗുരുതര ക്ഷതമേറ്റ ജിതിൻ ഇപ്പോൾ ആലുവ രാജഗിരി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദ്യ ദിവസങ്ങളിൽ തന്നെ ജിതിന്റെ കിഡ്നിയുടെ ശസ്ത്രക്രിയ നടത്തി. തലച്ചോറിനുള്ള ശസ്ത്രക്രിയ ഇന്നു (24–5) നടത്തും.
അമ്മയും ജ്യേഷ്ഠനും അനുജത്തിയും മാത്രമടങ്ങുന്ന കൊച്ചു കുടുംബമാണു ജിതിന്റേത്. ജ്യേഷ്ഠൻ ജിജോ വണ്ടിയോടിച്ചു കിട്ടുന്ന പണം കൊണ്ടായിരുന്നു ഈ കുടുംബം ഓരോ ദിവസവും മുൻപോട്ടു കൊണ്ടുപോകുന്നത്. ജിതിന്റെ ചികിത്സയ്ക്കു ലക്ഷങ്ങൾ ചെലവാകുമെന്നറിഞ്ഞതോടെ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ഈ കുടുംബം. ഇതുവരെ ആശുപത്രിയിൽ ചെലവായതു മൂന്നര ലക്ഷത്തിനടുത്തു രൂപയാണ്. കോതമംഗലം യെൽദോ മാർ ബസേലിയസ് കോളജിലെ വിദ്യാർഥിയായിരുന്ന ജിതിന്റെ സഹപാഠികളാണ് ഇതുവരെയുള്ള ആശുപത്രിചെലവുകൾ നോക്കിയത്. ഇന്നു നടക്കുന്ന ശസ്ത്രക്രിയയ്ക്ക് അഞ്ചു ലക്ഷത്തോളം രൂപ ചെലവാകും.
സമൂഹമാധ്യമങ്ങളിൽ വഴി കണ്ടറിഞ്ഞു സഹായിക്കുന്നവരും സുഹൃത്തുക്കളും നാട്ടുകാരുമൊക്കെ ജിതിന്റെ ജീവനെ തിരികെ പിടിക്കാനുള്ള ശ്രമത്തിലാണിപ്പോൾ. ആദ്യദിവസങ്ങളിൽ മരുന്നിനോടു പോലും പ്രതികരിക്കാതെ വെന്റിലേറ്ററിൽ കിടന്നിരുന്ന അവസ്ഥയിൽ നിന്നു ജിതിൻ ഇപ്പോൾ കൈകളനക്കുന്നതും കണ്ണു തുറക്കുന്നതുമൊക്കെയുണ്ടെന്ന് ഏറെ പ്രതീക്ഷയോടെയാണു സുഹൃത്തുക്കൾ പറയുന്നത്. പഴയ ജീവിതത്തിലേക്ക് അവനെ തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ആ കൂട്ടുകാരും ജിതിന്റെ കുടുംബവും. നാട്ടിൽ ബക്കറ്റു പിരിവു നടത്തിയും മറ്റും ജിതിന്റെ ശസ്ത്രക്രിയയ്ക്കും മറ്റുമുള്ള പണം സമാഹരിക്കുന്നതിനു ശ്രമിക്കുകയാണ് അമ്മ ഉൾപ്പെടെയുള്ള ബന്ധുക്കൾ. ഇവരുടെ പ്രതീക്ഷയുടെ വെളിച്ചം കെടാതിരിക്കണമെങ്കിൽ ജിതിന്റെ ചികിത്സകൾ കൃത്യമായി നടക്കണം. അതിനിവർക്ക് ഇനിയും സഹായങ്ങൾ കൂടിയേ തീരൂ.
ഫോൺ (ജിജോ) – 9656148649
അക്കൗണ്ട് വിവരങ്ങൾ
അക്കൗണ്ട് ഹോൾഡറുടെ പേര് – ജിജോ ജോൺ
അക്കൗണ്ട് നമ്പർ – 67393959709
ബാങ്ക് – എസ്ബിഐ, പാറത്തോട് ശാഖ
ഐഎഫ്എസ്‌സി – എസ്ബിഐഎൻ0070514