Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു മുറിയുടെ ചുമരുകൾക്കുള്ളിലൊതുങ്ങി ബിനുവും കുടുംബവും, ഇവർക്ക് ഒരു കൈത്താങ്ങ് കൂടിയേ തീരൂ

binu

മരങ്ങാട്ടുപ്പള്ളി∙ തന്റെ താങ്ങും തുണയുമായിരുന്നു ഭർത്താവ് ബിനുവെന്നു പറയുമ്പോൾ ചന്ദ്രലേഖയുടെ കണ്ണു നിറയും. ഏഴു വർഷം മുമ്പു വരെ ഇതായിരുന്നു അവസ്ഥ. കുറവിലങ്ങാട് കോഴായിൽ വച്ചുണ്ടായ അപകടമാണു ചന്ദ്രലേഖയുടെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും താറുമാറാക്കിയത്. ഈ അപകടത്തിൽ പരുക്കേറ്റ കുറിച്ചിത്താനം മണ്ണ്യക്കനാട് ഒഴാക്കത്തൊട്ടിയിൽ ബിനു പിന്നീട് ഇതു വരെ എഴുന്നേറ്റിട്ടില്ല. ഒരു മുറിയുടെ ചുമരുകൾക്കിടയിലേക്ക് ഈ കുടുംബത്തിന്റെ പ്രതീക്ഷകൾ ഒതുക്കപ്പെടുകയായിരുന്നു. 80 ശതമാനം വികലാംഗകനാണ് ഇപ്പോൾ ബിനു. 

കൂലിപ്പണിക്കാരനായിരുന്ന ബിനുവിനു ലഭിക്കുന്ന വരുമാനമായിരുന്നു ഈ കുടുംബത്തെ മുൻപോട്ടു കൊണ്ടുപോയിരുന്നത്. ബിനുവിനു സംഭവിച്ച അപകടത്തോടെ ഈ കുടുംബത്തിന്റെ വരുമാനമാർഗം നിലച്ചു. ഭാര്യ ചന്ദ്രലേഖ കഴിഞ്ഞ രണ്ടു വർഷമായി നട്ടെല്ലു സംബന്ധമായ രോഗങ്ങളാൽ ജോലിക്കു പോകാൻ സാധിക്കാത്ത അവസ്ഥയിലാണ്. വീട്ടുപണികൾ ചെയ്തു ഭർത്താവിന്റെ മരുന്നുകളും കുടുംബത്തിന്റെ ചെലവുകളും മുന്നോട്ടു കൊണ്ടുപോയിരുന്ന ചന്ദ്രലേഖയെക്കൂടി അസുഖം ബാധിച്ചു തുടങ്ങിയതോടെ മൂന്നു പേരടങ്ങുന്ന ഈ കുടുംബത്തിന്റെ പ്രതീക്ഷകളറ്റു. 

മരുന്നിനും മറ്റു ചെലവുകൾക്കുമെല്ലാം നാട്ടുകാർ ഉൾപ്പെടെയുള്ളവരുടെ സഹായം ആദ്യമിവർക്കു ലഭിച്ചിരുന്നു. എന്നാൽ നാട്ടുകാർക്ക് എപ്പോഴും ഈ സഹായം നൽകാൻ കഴിയില്ലല്ലോ. മരുന്നിനു പോലും വേണ്ട പണമില്ലാത്ത അവസ്ഥയിലാണ് ഈ കുടുംബമിപ്പോൾ. എട്ടു വയസ്സായ ഒരു മകളാണ് ഇവർക്കുള്ളത്. സ്കൂൾ തുറക്കുന്നതോടെ മകൾക്കു സ്കൂളിൽ പോകേണ്ട ആവശ്യങ്ങളുമേറും. വീട്ടിലെ ചെലവുകളും മരുന്നിന് ആവശ്യമായ പണവുമൊക്കെ ഇവർക്കു മുമ്പിൽ ഒരു ചോദ്യചിഹ്നമാണ്. തങ്ങളുടെ കുടുംബത്തിലെ ചെലവുകൾ മുമ്പോട്ടു കൊണ്ടു പോകാൻ ഇവർക്ക് ഒരു കൈത്താങ്ങ് കൂടിയേ തീരൂ. ഫോൺ – 9744120323

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ –

അക്കൗണ്ട് നമ്പർ– 67221415768

ബാങ്ക്– എസ്ബിഐ മരങ്ങാട്ടുപ്പിള്ളി ബ്രാഞ്ച്

ഐഎഫ്എസ്‌സി – എസ്ബിഐഎൻ0070234

അക്കൗണ്ട് ഹോൾഡറുടെ പേര്– ചന്ദ്രലേഖ ബിനു