മോർഗൻ തിളങ്ങി; ഇംഗ്ലണ്ട് നേടി

ഓയിൻ മോർഗൻ സിക്സർ നേടുന്നു

കാർഡിഫ് ∙ ടെസ്റ്റ് വിജയം ട്വന്റി20ക്കും എകദിനത്തിനുമുള്ള സൂചനകൂടിയാണെന്ന് ഇംഗ്ലണ്ട് തെളിയിച്ചു. ആഷസ് പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ ഓസ്ട്രേലിയയ്ക്കെതിരായ ഏക ട്വന്റി20യിലും ആതിഥേയർക്ക് അഞ്ചു റൺസിന്റെ ത്രസിപ്പിക്കുന്ന ജയം. സ്കോർ: ഇംഗ്ലണ്ട്–20 ഓവറിൽ അഞ്ചു വിക്കറ്റിന് 182. ഓസ്ട്രേലിയ–20 ഓവറിൽ എട്ടു വിക്കറ്റിന് 177.

ഒരു മാസത്തോളം ക്രിക്കറ്റിൽനിന്നു വിട്ടുനിന്നതിനുശേഷം തിരിച്ചുവന്ന ക്യാപ്റ്റൻ ഓയിൻ മോർഗൻ 74 റൺസോടെ ഇംഗ്ലിഷ് ജയത്തിന്റെ അമരക്കാരനായി. മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിന്റെ (90) ബാറ്റിങ്ങിൽ ഓസീസ് പൊരുതിയെങ്കിലും 14 റൺസിനിടെ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ട് മൽസരം തിരിച്ചുപിടിച്ചു. ബെൻ സ്റ്റോക്ക്സിന്റെ അവസാന ഓവറിൽ വന്നത് ആറു റൺസ് മാത്രം. രണ്ടു റൺഔട്ട് ഉൾപ്പെടെ മൂന്നു വിക്കറ്റും വീണു. മോർഗനു മികച്ച കൂട്ടായതിനു പുറമെ ഒരു വിക്കറ്റും വീഴ്ത്തിയ മൊയീൻ അലിയാണ് (72*) മാൻ ഓഫ് ദ് മാച്ച്.

ആഭ്യന്തര ക്രിക്കറ്റിലെ മോശം ഫോം കാരണം ഇംഗ്ലണ്ട് ടീമിൽനിന്നു കൗണ്ടി ടീമായ മിഡ്ൽസെക്സിൽനിന്നു പുറത്തായതോടെ ഒരുമാസത്തോളമായി ക്രിക്കറ്റ് കളത്തിലില്ലായിരുന്നു മോർഗൻ. എന്നാൽ മിഡ്ൽസെക്സിന്റെ ഡയറക്ടറും ഇംഗ്ലണ്ട് ടീം സിലക്ടർമാരിലൊരാളുമായ ആങ്കസ് ഫ്രേസർ തന്നിലർപ്പിച്ച വിശ്വാസം മോർഗൻ കാത്തു. ഓപ്പണർമാർ മടങ്ങിയതിനുശേഷം മൂന്നാം വിക്കറ്റിൽ മൊയീൻ അലിയോടൊപ്പം ചേർന്ന് മോർഗൻ പടുത്തുയർത്തിയത് 135 റൺസിന്റെ കൂട്ടുകെട്ട്. ഓൾറൗണ്ടർ ഷോൺ മാർഷിനെ കൂറ്റൻ സ്ട്രെയ്റ്റ് സിക്സിനു പറത്തിയ മോർഗന്റെ ഷോട്ട് ഗാലറിയും കടന്നു പാഞ്ഞു.

39 പന്തിൽ മോർഗൻ അടിച്ചതു മൂന്നു ഫോറും ഏഴു സിക്സും. കാമറോൺ ബോയ്സിന്റെ ഒറ്റ ഓവറിൽ 19 റൺസാണ് മോർഗനും അലിയും ചേർന്ന് അടിച്ചെടുത്തത്. ഒറ്റ ട്വന്റി20 മൽസരം കളിക്കാൻ മാത്രം ഇരുപതിനായിരത്തിലേറെ മൈൽ സഞ്ചരിച്ചെത്തിയ ബോയ്സിന്റെ ദൗർഭാഗ്യം. ടെസ്റ്റ് ടീമിലും ഏകദിന പരമ്പരയിലും ലെഗ് സ്പിന്നറായ ബോയ്സ് ഇടംപിടിച്ചിരുന്നില്ല.

17–ാം ഓവറിൽ മോർഗൻ മടങ്ങിയതിനുശേഷം മധ്യനിരയെ കൂട്ടുപിടിച്ച് മൊയീൻ അലി മികച്ച സ്കോറിലെത്തിച്ചു. 46 പന്തു നേരിട്ട അലി ആറു ഫോറും മൂന്നു സിക്സും നേടി. ഓസ്ട്രേലിയയ്ക്കു വേണ്ടി പന്തെടുത്ത എട്ടിൽ അഞ്ചു പേരും ഓവറിൽ എട്ടു റൺസിലേറെ വഴങ്ങി. മിചൽ സ്റ്റാർക്ക്, മിച്ചൽ മാർഷ് എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ഓസീസിന്റെ തുടക്കവും സമാനം. വാർണറും വാട്സണും മടങ്ങിയതിനുശേഷം മൂന്നാം വിക്കറ്റിൽ സ്മിത്തിന്റെയും മാക്സ്‌വെല്ലിന്റെയും (44) 112 റൺസ് കൂട്ടുകെട്ട്. എന്നാൽ പിന്നീടു വന്ന ആരും ക്യാപ്റ്റനു മികച്ച കൂട്ടായില്ല. 53 പന്തിൽ ഏഴു ഫോറും നാലു സിക്സും സഹിതമാണ് സ്മിത്ത് തന്റെ മികച്ച ട്വന്റി20 സ്കോർ നേടിയത്.

ഒറ്റയ്ക്കു പോരാട്ടം നയിച്ച സ്മിത്ത് 19–ാം ഓവറിൽ വീണതോടെ ഓസീസിന്റെ മനോവീര്യം തകർന്നു. അവസാന ഓവറിൽ കോൾട്ടർനൈൽ ബൗൾഡാവുകയും മാത്യു വേഡും പാറ്റ് കമ്മിൻസും റൺഔട്ടാവുകയും ചെയ്തു.