Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യപിച്ച് വഴക്കുണ്ടാക്കി; ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ് അറസ്റ്റിൽ, ടീമിൽനിന്നു പുറത്ത്

Ben Stokes

ലണ്ടൻ∙ വെസ്റ്റ് ഇൻഡീസിനെതിരായ മൽസരവിജയം ആഘോഷിക്കുന്നതിനിടെ ബാറിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയ ഇംഗ്ലണ്ടിന്റെ യുവ ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനെ പൊലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച രാത്രി പിടിയിലായ താരത്തെ രാവിലെ വിട്ടയച്ചെങ്കിലും സംഭവത്തെത്തുടർന്ന് താരത്തെ ടീമിൽനിന്നും ഒഴിവാക്കി. സംഭവസമയം  സ്റ്റോക്സിന് ഒപ്പമുണ്ടായിരുന്ന അലക്സ് ഹെയൽസിനെയും ടീമിൽനിന്നും മാറ്റിനിർത്തിയിട്ടുണ്ട്. ഇന്ന് ഓവലിൽ നടക്കുന്ന നാലാം ഏകദിന മൽസരത്തിൽ ഇരുവർക്കും കളിക്കാനാകില്ല. 

ബ്രിസ്റ്റോൾ പൊലീസാണ് മദ്യപിച്ച് ബഹളമുണ്ടാക്കി മറ്റൊരാളെ മുഖത്തിടിച്ചു പരുക്കേൽപ്പിച്ചതിന് ക്രിക്കറ്റ് താരത്തെ അറസ്റ്റുചെയ്തത്. ബ്രിസ്റ്റോളിലെ ബാർഗോ ബാറിലായിരുന്നു സംഭവം. ആക്രമണവുമായി ഹെയിൽസിന് ബന്ധമുള്ളതായി പൊലീസ് വെളിപ്പെടുത്തുന്നില്ല. എങ്കിലും സഹതാരത്തിനൊപ്പം മദ്യപിച്ച ഹെയിൽസിനും കേസ് വിനയായി. 

അടുത്തു നടക്കാനിരിക്കുന്ന ആഷസ് പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കാനിരിക്കെ ഉണ്ടായ സംഭവം ഇരുവർക്കും ടീമിൽ ഇടംനേടാൻ തടസമാകുമോ എന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത്. എന്നാൽ ഫോമും ശാരീരിക ക്ഷമതയും നോക്കി ടീമിനെ തിരഞ്ഞെടുക്കാനാണ് സെലക്ഷൻ കമ്മിറ്റിക്ക് നിരർദേശം നൽകിയിരിക്കുന്നതെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ഡയറക്ടർ ആൻഡ്രൂ സ്ട്രോസ് പറഞ്ഞു.