കളി കൈവിട്ടു; കാണികള്‍ കുപ്പിയെറിഞ്ഞു

കാണികൾ കുപ്പിയെറിഞ്ഞു കളി തടസ്സപ്പെടുത്തിയതിനെത്തുടർന്ന് ഇന്ത്യൻ താരങ്ങൾ ഗ്രൗണ്ടിലിരിക്കുന്നു.

കട്ടക്ക് ∙ ബോളർമാർക്കു മുന്നിൽ കമിഴ്ന്നടിച്ചു വീണ ഇന്ത്യൻ ബാറ്റിങ് സംഘത്തിന്റെ ദയനീയ പ്രകടനം കണ്ടു കട്ടക്കിലെ കാണികൾക്കു കലിയിളകി. ആദ്യ മൽസരത്തിൽ 199 റൺസടിച്ചു കേമത്തം കാട്ടിയ ബാറ്റിങ് നിര ഇന്നലെ 17.2 ഓവറിൽ 92 റൺസുമായി മാളത്തിൽക്കയറി. രോഷാകുലരായ കാണികൾ  രണ്ടു തവണ കുപ്പികൾ കളിക്കളത്തിലേക്കു വലിച്ചെറിഞ്ഞു .മൊത്തം ഒരു മണിക്കൂറോളം കളി തടസ്സപ്പെട്ടു.

 ഇന്ത്യ ഏറെക്കാലത്തിനു ശേഷം കാണികളുടെ പ്രകടനം മൂലം ക്രിക്കറ്റ് ലോകത്ത് നാണംകെട്ടു. പക്ഷേ, ജയത്തിൽ നിന്ന് ദക്ഷിണാഫ്രിക്കയെ തടയാൻ ടീമിനോ കാണികൾക്കോ കഴിഞ്ഞില്ല. 17.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ അവർ വിജയത്തിലെത്തി. പരമ്പര 2–0ന് സ്വന്തം.

ഓപ്പണർമാരായ രോഹിത് ശർമയും(22) ശിഖർ ധവാനും(11) ക്രീസിൽ നിന്നപ്പോൾ മാത്രമായിരുന്നു ഇന്ത്യ അൽപമെങ്കിലും  ആശ്വാസം കൊണ്ടത്. 23 പന്തുകളിൽ രണ്ടുപേരും കൂടി 28 റൺസ് നേടിയതോടെ ഇന്ത്യൻ തകർച്ചയ്ക്കു തുടക്കമായി. രണ്ടു റണ്ണൗട്ടടക്കം 20 റൺസിന്റെ ഇടവേളയിൽ ഇന്ത്യയ്ക്കു നഷ്ടം നാലു വിക്കറ്റുകൾ. പിന്നീട് രക്ഷയ്ക്ക് ആരുമുണ്ടായില്ല. ക്രിസ് മോറിസ് അശ്വിനെ ക്ലീൻ ബോൾ ചെയ്തതോടെ ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു. 2008ൽ ഓസ്ട്രേലിയയ്ക്കെതിരെ 74ന് പുറത്തായ ശേഷം ട്വന്റി20യിൽ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോറാണിത്.

പതിവിനു വിപരീതമായി പിച്ച് ഒരുക്കി വച്ചത് മികച്ച പേസും ബൗൺസും. ദക്ഷിണാഫ്രിക്ക ടോസ് നേടിയതു നിർണായകമായി. മാൻ ഓഫ് ദ് മാച്ച് ആൽബി മോർക്കൽ 12 റൺസിനു മൂന്നു വിക്കറ്റെടുത്തു. ഇമ്രാൻ താഹിറും ക്രിസ് മോറിസും രണ്ടു വിക്കറ്റു വീതം സ്വന്തമാക്കി. രണ്ടാം മൽസരത്തിലും ഡുമിനി(30 നോട്ടൗട്ട്) ടോപ്സ്കോററായി. നാലോവറിൽ 24 റൺസ് വഴങ്ങി അശ്വിൻ മൂന്നു വിക്കറ്റെടുത്തു.

സ്കോർബോർഡ്

ഇന്ത്യ

രോഹിത് ശർമ റണ്ണൗട്ട് – 22, ശിഖർ ധവാൻ എൽബി ബി മോറിസ്– 11, കോഹ്‌ലി റണ്ണൗട്ട്– ഒന്ന്, റെയ്ന സി അംല ബി ഇമ്രാൻ താഹിർ– 22, അമ്പാട്ടി റായുഡു ബി റബാദ– പൂജ്യം, ധോണി സി ഡിവില്ലിയേഴ്സ് ബി മോർക്കൽ– അഞ്ച്, അക്‌ഷർ പട്ടേൽ സി ഡുപ്ലെസി ബി മോർക്കൽ– ഒൻപത്, ഹർഭജൻ സിങ് ബി ഇമ്രാൻ താഹിർ– പൂജ്യം, അശ്വിൻ നോട്ടൗട്ട്– 11, ഭുവനേശ്വർ കുമാർ ബി മോർക്കൽ– പൂജ്യം, മോഹിത് ശർമ നോട്ടൗട്ട്– പൂജ്യം

എക്സ്ട്രാസ്– 11 ആകെ 17.2 ഓവറിൽ 92 ഓൾഔട്ട്

വിക്കറ്റുവീഴ്ച: 1–28, 2–30, 3–43, 4–45, 5–67, 6–69. 7–69, 8–85, 9–85, 10–92 ബോളിങ്: ആബട്ട് 3–0–21–0, ഇമ്രാൻ താഹിർ 4–0–24–2, റബാദ 4–0–18–1, ക്രിസ് മോറിസ് 2.2–0–15–1, മോർക്കൽ 4–0–12–3

ദക്ഷിണാഫ്രിക്ക

ഡിവില്ലിയേഴ്സ് ബി അശ്വിൻ– 19, അംല സി രോഹിത് ബി അശ്വിൻ– രണ്ട്, ഡുപ്ലെസി സി രോഹിത് ബി അശ്വിൻ–16, ഡുമിനി നോട്ടൗട്ട്– 30, ബെഹർദീൻ എൽബി ബി അക്‌ഷർ –11, മില്ലർ നോട്ടൗട്ട്– 10 എക്സ്ട്രാസ്– എട്ട്

ആകെം 17.1 ഓവറിൽ നാലു വിക്കറ്റിന് 96 വിക്കറ്റുവീഴ്ച: 1–16, 2–38, 3–49, 4–76 ബോളിങ്: ഭുവനേശ്വർ 2–0–13–0, അശ്വിൻ 4–0–24–3, ഹർഭജൻ 4–0–20–0, മോഹിത് 1–0–7–0, റെയ്ന 3.1–0–12–0, അക്‌ഷർ 3–0–17–1