ചെകിളയിൽ വിഷം, ഡ്യൂപ്പിട്ട് കരിമീൻ, ഉണക്കമീനിലെ ഉറുമ്പുപൊടി

വിലകൂടിയ മീനുകളെ പിടിക്കുന്ന സമയത്തുതന്നെ പ്രയോഗിക്കുന്ന ഒരു തന്ത്രം പറഞ്ഞുതന്നതു വിഴിഞ്ഞത്തെ ഒരു മൽസ്യത്തൊഴിലാളിയാണ്. നെയ്മീൻ (അയക്കൂറ) ഉൾപ്പെടെയുള്ള മീനുകളിലാണ് ഈ പ്രയോഗം. പിടയ്ക്കുന്ന മീനിന്റെ ചെകിള ഉയർത്തി അവിടേക്ക് ഒരു മരുന്ന് ഇൻജെക്റ്റ് ചെയ്യും. മീൻ ചാവും മുൻപു രക്തക്കുഴലുകളിലേക്ക് ഈ മരുന്നു പടരും. ഒരാഴ്ച മീൻ അതുപോലെ നിൽക്കും. ഫോർമലിൻ ആണ് ആ മരുന്ന്. മൃതദേഹങ്ങൾ കേടാകാതിരിക്കാൻ ഉപയോഗിക്കുന്നത്. 

നമ്മുടെ കായലുകളിലെ തനതു മൽസ്യമായ കരിമീനിന്റെ കാര്യമെടുത്താൽ പിടയ്ക്കുന്നതു നമ്മുടെ നെഞ്ചാവും. കരിമീൻ നമ്മുടെ കായലുകളിൽ ഗണ്യമായി കുറയുന്നു. ആവാസകേന്ദ്രങ്ങൾ മലിനമാക്കപ്പെടുന്നതാണു കാരണം. കായലുകളിൽ കരിമീൻ കുറഞ്ഞതോടെ ആ സ്ഥാനം കയ്യടക്കാൻ ആന്ധ്ര, തെലങ്കാന മേഖലയിൽനിന്ന് അപരന്മാർ എത്തുന്നു. രുചിയിലോ ഗുണത്തിലോ കേരളത്തിലെ കരിമീനിന്റെ അടുത്തെങ്ങുമെത്താനാകില്ല ഈ ആന്ധ്ര കരിമീനിന്. ആന്ധ്രയിൽ ഇതിനു കിലോഗ്രാമിന് 80–120 ആണ് വില. കേരളത്തിലെ നാടൻ കരിമീനിന്റെ വില 350–450 രൂപയിൽ കുറയാറുമില്ല. ആന്ധ്രയിൽനിന്നു ട്രെയിൻ മാർഗം വൻതോതിൽ എത്തുന്ന ഈ ‘കരിമീൻ ഡ്യൂപ്പുകൾ’ നാടൻ കരിമീനിനൊപ്പം ചേർത്താണു വിൽപന. 

ആന്ധ്രയിൽനിന്ന് എത്രയോ മണിക്കൂറുകളെടുത്തു കേരളത്തിലെത്തുന്ന കരിമീനുകളിൽ വൻതോതിൽ രാസവസ്തുക്കൾ ഉപയോഗിച്ചാണു പുതുമ നിലനിർത്തുന്നതെന്നു വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ, ഇന്നുവരെ ആരും പരിശോധിക്കാനോ പരാതിപ്പെടാനോ ഒന്നും തുനിഞ്ഞിട്ടില്ല. 

ആദ്യം ഉറുമ്പ് ചാവട്ടെ

വിൽപനയ്ക്കായി ചാക്കിൽ സൂക്ഷിച്ച ഉണക്കമീനിൽ ഉറുമ്പുകയറിയാൽ എന്തുചെയ്യും? ഭക്ഷ്യസുരക്ഷാവകുപ്പ് ഈയിടെ ഒരിടത്തുനിന്ന് ഉണക്കമീൻ സാംപിൾ പരിശോധിച്ചപ്പോൾ അതിൽ ഡിഡിടിയുടെ അംശം. മീനിൽ കയറിയ ഉറുമ്പിനെ കൊല്ലാൻ നടത്തിയ പ്രയോഗമാണ്. വൃത്തിയില്ലാത്ത സ്ഥലത്തായിരുന്നു ഉണക്കമീൻ സൂക്ഷിച്ചിരുന്നതും. ഉറുമ്പും പാറ്റയും മറ്റു ജീവികളുമൊക്കെ യഥേഷ്ടം കയറാൻ പാകത്തിൽ. 

ഇന്ത്യയിൽ പിടിക്കുന്ന മീനിന്റെ 20 ശതമാനവും ഉണക്കമീനിനുവേണ്ടി മാറ്റുന്നുണ്ട്. കേരളത്തിൽ ഇതു മൊത്തം മീനിന്റെ 5–7% ആണ്. എന്നാലും, കേരളത്തിന്റെ ആവശ്യത്തിനു വേണ്ട ഉണക്കമീനിന്റെ 80 ശതമാനവും വരുന്നതു മംഗലാപുരം, തൂത്തുക്കുടി, നാഗപട്ടണം എന്നീ മൽസ്യബന്ധന തുറമുഖമേഖലകളിൽനിന്നുമാണ്. 

ആധുനികത എത്തിനോക്കാത്ത പരമ്പരാഗതശൈലിയിലാണ് ഉണക്കമീൻ നിർമാണം. ലാഭം കൂടുന്നതിന്, മീൻ ഉണക്കാനിടുന്ന ഉപ്പിൽ വ്യാപകമായ രാസവസ്തു പ്രയോഗം നടക്കുന്നുണ്ട്. ഇതോടെ താൽക്കാലികമായി ബാക്ടീരിയയുടെ പ്രവർത്തനം നിലയ്ക്കുന്നു. പിന്നെയും കുറേനാൾ കഴിയുമ്പോൾ രാസവസ്തുവിന്റെ വീര്യം കുറയുമ്പോൾ ഇതിൽ ബാക്ടീരിയ പ്രവർത്തനം നടത്തുന്നു. സ്റ്റഫൈലോകോക്കസ് ഓറിയസ് ആണ് ഇവിടെയും പ്രധാനവില്ലൻ. ഇങ്ങനെ ശുചിത്വമില്ലാത്ത എത്രയോ കൈമറിഞ്ഞാണ് ഉണക്കമീൻ നമ്മുടെ കൈകളിലെത്തുന്നത്. അതേസമയം, ഉണക്കമീൻ ശാസ്ത്രീയമായി വൃത്തിയോടെ മാർക്കറ്റിലെത്തിക്കുന്ന ചില കമ്പനികളെങ്കിലുമുണ്ട്. 

അശാസ്ത്രീയവും വൃത്തിഹീനവുമായ രീതിയിൽ ഉണക്കിയെടുക്കുന്നതു മാത്രമല്ല ഉണക്കമീൻ രോഗദായകമായി മാറാൻ കാരണം. പച്ചമീനെന്ന രീതിയിൽ വിൽക്കാൻ പറ്റാത്ത നിലയിൽ അഴുകിയതും കേടായതുമായ മീനുകൾ മൽസ്യബന്ധന തുറമുഖങ്ങളിൽനിന്നും മൊത്തവ്യാപാര കേന്ദ്രങ്ങളിൽനിന്നും വൻതോതിൽ ചെറിയ വിലയ്ക്കു വാങ്ങി ഉണക്കമീനാക്കാൻ കൊണ്ടുപോകുന്നുണ്ട്. 

മത്തി, അയല, റിബൺ ഫിഷ് തുടങ്ങിയ ചെറിയ ഇനങ്ങളും വലിയ ഇനം മീനുകൾ മുറിച്ചു പാളികളാക്കിയുമാണ് ഉണക്കാൻ വയ്ക്കുന്നത്. പക്ഷേ, അതിനു ശാസ്ത്രീയമോ ആധുനികമോ ആയ രീതികൾ പല സ്ഥലത്തുമില്ല. 

കടൽത്തീരത്തും വൃത്തിയില്ലാത്ത തറയിലുമൊക്കെ മീനുകൾ വിരിച്ചിടും. ഇൗച്ചയും തെരുവുനായ്ക്കളും കയറിയിറങ്ങുന്ന ഏറ്റവും മോശമായ അവസ്ഥയിലാണു നാഗപട്ടണത്തും തൂത്തുക്കുടിയിലും മീൻ ഉണക്കാനിടുന്നത്. ടാർപോളിൻ ഷീറ്റ് വിരിച്ച് മീൻ അതിന്റെ മുകളിൽ ഇടുന്ന രീതിയൊക്കെ ചിലയിടങ്ങളിലുണ്ടെങ്കിലും പത്തു ശതമാനത്തിൽ താഴെ പേരാണ് ഇതൊക്കെ പിന്തുടരുന്നത്. 

ഉണക്കാൻ ഇടുന്ന മലിനമായ സാഹചര്യത്തിൽനിന്നു വിഷാംശമുള്ള ഫംഗസുകളും ബാക്ടീരിയകളും കയറിപ്പറ്റുന്നു. മിക്കപ്പോഴും മഴ നനയുന്നിടത്തും വെള്ളം കയറുന്നിടത്തുമൊക്കെ ചാക്കിൽ കെട്ടിവയ്ക്കുകയാണു പതിവ്. ഉണക്കിയശേഷം പിന്നീടു നനവുപടരുന്ന സാഹചര്യമുണ്ടായാൽ മീനിലെത്തുന്ന ചില ഫംഗസുകൾ വൻ അപകടകാരികളാണെന്നാണു പഠനങ്ങൾ. വളരെ ഗുണനിലവാരം കുറഞ്ഞ ഉപ്പാണ് ഇതിനായി വ്യാപകമായി ഉപയോഗിക്കുന്നതെന്നതും അപകടം വരുത്തുന്നു. 

ചെറിയ കേരളം, വലിയ വിപണി

∙ ഇന്ത്യയിൽ ഏറ്റവും വലിയ മൽസ്യവ്യാപാരം കേരളത്തിൽ 

∙ 2014 ൽ കേരളതീരത്തു പിടിച്ചത് 7015 കോടി രൂപയുടെ മീൻ. അതു വിൽപന നടത്തിയത് 10,966 കോടി രൂപയ്ക്ക്. ഇടനിലക്കാരും വ്യാപാരികളും പങ്കിട്ടത് 3951 കോടി രൂപയുടെ ലാഭം. 

∙ 2015ൽ 9570 കോടി രൂപയുടെ മീനാണു കേരളതീരത്തു പിടിച്ചത്. ഇതു കേരളത്തിൽ വിറ്റഴിച്ചത് 14,640 കോടി രൂപയ്ക്ക്. ഇടനിലക്കാർക്കും വ്യാപാരികൾക്കും കിട്ടിയ മൊത്തലാഭം 5070 കോടി രൂപ. 

∙ 2010 മുതൽ 2015 വരെ 4000 കോടിയിലധികം രൂപയുടെ മൽസ്യം വിദേശരാജ്യങ്ങളിലേക്കു കേരളം കയറ്റുമതി ചെയ്തു. 

മീനിൽ ഉള്ളത്

∙ 60 മുതൽ 90% വരെ വെള്ളം 

∙ 10 മുതൽ 22% പ്രോട്ടീൻ

∙ 1–20% കൊഴുപ്പ്

∙ 0.5–5% മിനറൽ (ധാതുക്കൾ)

∙ ചെറിയ തോതിൽ വൈറ്റമിൻ, കാർബോഹൈഡ്രേറ്റ്, ന്യൂക്ലിയോടൈഡ് 

മീനിലെ കൊഴുപ്പിലാണ് ആദ്യം ബാക്ടിരീയ എത്തുന്നത്. രണ്ടാം ഘട്ടമായി പ്രോട്ടീനിലേക്കു ബാക്ടീരിയയുടെ ആക്രമണമെത്തുമ്പോഴാണു മീനിൽ തൊടുമ്പോഴേ താഴ്ന്നുപോകുന്ന സ്ഥിതിയുണ്ടാകുന്നത്. 

ചെറുതല്ല മീൻകച്ചവടം

2014 ൽ 31,750 കോടി രൂപയുടെ മീനാണ് ഇന്ത്യയിൽ പിടിച്ചത്. അതു വിറ്റത് 52,361 കോടിക്ക്. ഇടനിലക്കാർ മുതൽ ചെറുകിട കച്ചവടക്കാർ വരെയുള്ളവരുടെ മൊത്തലാഭം 20,611 കോടി രൂപ. 2015ൽ 40,100 കോടി രൂപയുടെ മീൻ പിടിച്ചു. 65,180 കോടി രൂപയുടെ വ്യാപാരം നടന്നു. 25,080 കോടി രൂപയാണ് ഇടനിലക്കാർ മുതൽ ചെറുകിട കച്ചവടക്കാർ വരെയുള്ളവരുടെ മൊത്തലാഭം. കടലിൽനിന്നു മാത്രം പിടിക്കുന്ന മീനിന്റെ കണക്കാണിത്. കടലിൽനിന്നും കായലിൽ നിന്നും പിടിക്കുന്നതും വളർത്തുന്നതുമായ എല്ലാ മീനുകളെയും ഉൾപ്പെടുത്തിയുള്ള കയറ്റുമതിക്കണക്ക് ഇന്ത്യയിൽ ഒരുവർഷം 33,000 കോടിയുടേതാണ്. 9.63 ലക്ഷം ടൺ കഴിഞ്ഞവർഷം കയറ്റുമതി ചെയ്തു. 

ശ്രദ്ധിക്കാം, ഇക്കാര്യങ്ങൾ 

∙ പിടിക്കുന്ന മീൻ സൂക്ഷിക്കാനായി നിറയെ കുത്തിക്കയറ്റരുത്.

∙ വയർപൊട്ടി ഉൾഭാഗം പുറത്തുവന്ന മീനുകളെ മറ്റു മീനുകൾക്കൊപ്പം സൂക്ഷിക്കരുത്. 

∙ മീൻ തറയിൽ ഇടാൻ പാടില്ല. രോഗാണുക്കൾ കയറും.

∙ പരുക്കനായ രീതിയിൽ മീനിനെ എടുക്കുകയോ മാറ്റിവയ്ക്കുകയോ അരുത്. മീനിൽ മുറിവുകളുണ്ടായാൽ അതിലൂടെ ബാക്ടീരിയകൾ കയറും. 

∙ ഓരോ സമയത്തും പിടിക്കുന്ന മീനിനെ ബോട്ടിൽ പ്രത്യേകം പ്രത്യേകം ഐസിട്ടു സൂക്ഷിക്കണം. 

ഐസിൽ മാത്രം സൂക്ഷിക്കുക 

എപ്പോഴും മീനിനെ പൂജ്യം ഡിഗ്രി താപനിലയിൽ സൂക്ഷിക്കുക. അതായത്, ഐസിൽ മാത്രം സൂക്ഷിക്കുക. മീൻ പിടിച്ച് എത്രയും പെട്ടെന്ന് അതിനെ പൂജ്യം ഡിഗ്രി താപനിലയിലെത്തിക്കുകയാണു വേണ്ടത്. ഇൗ താപനിലയിൽ സൂക്ഷിക്കുമ്പോൾ ബാക്ടീരിയ ഉണ്ടാകില്ലെന്നല്ല, ബാക്ടീരിയയുടെ പ്രവർത്തനം വർധിക്കില്ല. ഒരു കിലോഗ്രാം മീനിൽ ഒരു കിലോഗ്രാം ഐസിട്ടാലാണു മീനിനെയും പൂജ്യം ഡിഗ്രി താപനിലയിൽ എത്തിക്കാൻ സാധിക്കുക. 

ഇഷ്ടമത്തിക്കു കഷ്ടകാലം

മത്തിയും (ചാള) മലയാളിയും തമ്മിൽ പിരിയാൻ പറ്റാത്ത ബന്ധമാണ്. പക്ഷേ, പറഞ്ഞിട്ടെന്തുകാര്യം. മത്തിയുടെ കാര്യം പരുങ്ങലിലാണിപ്പോൾ. ലോകത്തുതന്നെ രണ്ടാമത്തെ വലിയ മീൻ ഉൽപാദകരാണ് ഇന്ത്യ. ഇതു ലോകത്തിലെ മൊത്ത ഉൽപാദനത്തിന്റെ 5.43% വരും. 735 ഇനം മൽസ്യങ്ങളാണ് ഇന്ത്യൻ തീരത്ത് പൊതുവേ ലഭിക്കുന്നത്. ഇതിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ വ്യത്യസ്ത ഇനം മൽസ്യങ്ങൾ കിട്ടുന്നത്. കേരളത്തിൽ മൊത്ത ജനസംഖ്യയുടെ 85% പേരും മീൻ കഴിക്കും. ഇതിൽ മലയാളി ഏറ്റവും കൂടുതൽ പ്രിയത്തോടെ കഴിക്കുന്നതാണു മത്തി. പിന്നെ അയല. രാജ്യത്ത് 735 ഇനം മീനുകൾ പിടിക്കപ്പെടുന്നുവെങ്കിലും ഏറ്റവും കൂടുതൽ കിട്ടുന്നതു മത്തിയാണ്. 

ഏറ്റവും കൂടുതൽ മത്തി കിട്ടിക്കൊണ്ടിരിക്കുന്നതു കേരള –തമിഴ്നാട് തീരങ്ങളിലായിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം വടക്കൻ സമുദ്രഭാഗങ്ങളിലേക്കു മത്തിയുടെ മാറ്റവും ഉണ്ടായി. മത്തി പതിവില്ലാത്ത മേഖലകളിലേക്ക് എത്തിയതോടെ അവിടെ ഭക്ഷ്യ ഉപയോഗത്തിനല്ലാതെ പൊടിക്കാനും എണ്ണയ്ക്കുമൊക്കെയായി മത്തിയെ മാറ്റിയെടുത്തു. അങ്ങനെ മത്തിക്കു ക്ഷാമമായി. മത്തിയുടെ വില മുൻവർഷങ്ങളെ അപേക്ഷിച്ചു നാലിരട്ടിയായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ ആയിരത്തോളം ഉപഭോക്താക്കളിൽനിന്നെടുത്ത കണക്കുകൾ പ്രകാരം മത്തി ഉപയോഗത്തിൽ ഓരോ വർഷവും അഞ്ചുശതമാനമാണു വളർച്ചാ നിരക്ക്. 

2012 നെ അപേക്ഷിച്ചു കഴിഞ്ഞ വർഷം കേരളത്തിന്റെ മൽസ്യസമ്പത്തില് 40 ശതമാനത്തിലേറെ കുറവുവന്നെന്നാണു കണക്ക്. ഇതിൽ ഏറ്റവും കുറഞ്ഞതു മത്തി തന്നെ. 2014–15 ൽ മത്തിയുടെ കുറവുമൂലം മാത്രം കേരളത്തിനു 146 കോടി രൂപയുടെ നഷ്ടമുണ്ടായി. 

കുറയാൻ കാരണം 

കാലാവസ്ഥാ വ്യതിയാനവും ഇവിടെ ചൂടുകൂടിയതുമാകും മത്തി, അയല, നത്തോലി, ആവോലിപോലുള്ള മീനുകൾ കേരളതീരം വിട്ടുപോകാൻ കാരണമെന്നു സിഎംഎഫ്ആർഐ പഠനങ്ങൾ വ്യക്തമാക്കുന്നു. അതിവർഷത്തെ തുടർന്നു കടലിലെ ഉപ്പിന്റെ അംശം കുറഞ്ഞതും ഓക്സിജൻ കുറഞ്ഞതും ബാധിച്ചുവെന്നും പഠനങ്ങൾ തെളിയിക്കുന്നു. 

പാരിസ്ഥിതിക ഘടകങ്ങൾ മാത്രമല്ല, മനുഷ്യർ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും സ്ഥിതി ഗുരുതരമാക്കി. തള്ളമൽസ്യങ്ങളെയും കുഞ്ഞുങ്ങളെയും അനിയന്ത്രിതമായി പിടിക്കുന്നതും പ്രതികൂലമായി ബാധിച്ചു. 

നാലു കിലോഗ്രാം മത്തി മറ്റു മീനുകളുടെ ആഹാരത്തിനും വളത്തിനുമൊക്കെ വേണ്ടി പൊടിക്കുമ്പോൾ ഒരു കിലോഗ്രാം പൊടിയും നൂറു ഗ്രാം മൽസ്യ എണ്ണയും കിട്ടും. ഇവിടെ നാലു കിലോഗ്രാം മത്തി വിറ്റാൽ കിട്ടുന്നതിന്റെ മൂന്നിരട്ടി വിലയാണു മറ്റു സംസ്ഥാനങ്ങളിൽ ഇതിനു രണ്ടിനും കൂടി കിട്ടുന്നത്. മറ്റു സംസ്ഥാനങ്ങളിലെ മൽസ്യഫാമുകളിലേക്കു വലിയ വിലയുള്ള മീനുകളുടെ തീറ്റയായും കോഴിത്തീറ്റയായും ഇൗ മത്തിപ്പൊടി പോകുന്നുണ്ട്. പെയിന്റ്, വാർണിഷ്, ലിനോലിയം എന്നിവയുടെ ഉൽപാദനത്തിനു മത്തിയുടെ എണ്ണ അനിവാര്യമായതോട മത്തി തീൻമേശയിൽനിന്നു മെല്ലെ അപ്രത്യക്ഷമാവുകയാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്ന വമ്പൻ മീൻപിടിത്ത ബോട്ടുകൾ കേരളതീരത്ത് യഥേഷ്ടം വന്ന് ഇൗ ചെറുമീനുകളെ അടിത്തട്ടിൽനിന്നുതന്നെ കോരിയെടുത്തു പോകുന്നതും ഇൗ മീനുകളുടെ കുറവിനു കാരണമാകുന്നു. 

14 ഇനം മീനുകളുടെ മിനിമം ലീഗൽ സൈസ് (പിടിക്കുന്നതിനുള്ള കുറഞ്ഞ വലുപ്പം) സംസ്ഥാന സർക്കാർ അംഗീകരിച്ചു വിജ്ഞാപനം ഇറക്കിയെങ്കിലും കാര്യമായ തുടർനടപടികളുണ്ടായതുമില്ല. ഇതോടെ മത്തി, അയല, കിളിമീൻ തുടങ്ങിയ മൽസ്യങ്ങളുടെ നിലനിൽപാണു പ്രതിസന്ധിയിലായിരിക്കുന്നത്. വല ഉയർത്തിക്കെട്ടി രണ്ടു ബോട്ടുകൾ ഒന്നിച്ചു ടൺ കണക്കിനു ചെറുമൽസ്യങ്ങളെ ഒന്നിച്ചു പിടിക്കുന്നതാണു രീതി. 

മത്തി ഒരു ചെറിയ മീനല്ല ! 

കേരളത്തിൽ മത്തിയുടെ പ്രിയവും കുറവും കണ്ടതോടെ ഒമാനിൽനിന്നു മത്തി വന്നുതുടങ്ങിയിട്ടു നാലുവർഷമെങ്കിലുമായി. കേരള മത്തിയെക്കാൾ വലുപ്പമുള്ളതാണ് ഒമാൻ മത്തി. വലിയ കാർഡ്ബോർഡ് പെട്ടിയിൽ കാറ്റുകയറാതെ സൂക്ഷിച്ചും തണുപ്പിച്ചുമൊക്കെ എത്തുന്ന ഇൗ മത്തിക്കു കേരളത്തിലെ മത്തിയെക്കാൾ കൊഴുപ്പു കൂടുതലാണ്. 200 രൂപ വരെ വില ഉയർന്ന സമയവുമുണ്ട്. 140 രൂപയാണ് ഇവിടെ കുറഞ്ഞ വില. 

ഗുജറാത്തിൽനിന്നു മത്തി വൻതോതിൽ എത്തുന്നുണ്ട്. ഒമാനിൽനിന്നു ഗുജറാത്ത് തുറമുഖം വഴിയാണ് ഒമാൻ മത്തിയും കേരളത്തിലെത്തുന്നത്. ചൂരയുൾപ്പെടെ വലിയ മീനുകൾ വിയറ്റ്നാം, തായ്ലൻഡ് എന്നിവിടങ്ങളിൽനിന്നുമാണു പ്രധാനമായും കേരളത്തിലേക്കെത്തുന്നത്. 

(അവസാനിച്ചു)