തിരുവനന്തപുരം∙ പരിശോധനകൾ കർശനമാക്കിയതോടെ രാസവസ്തു കലർത്തിയ മത്സ്യം കേരളത്തിലേക്ക് എത്തുന്നതു കുറഞ്ഞതായി ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. ചെക് പോസ്റ്റുകൾ, മൊത്ത മാർക്കറ്റുകൾ, വാഹനങ്ങൾ എന്നിവ കേന്ദ്രീകരിച്ചു വെള്ളി രാത്രി മുഴുവൻ നീണ്ട പരിശോധന ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയെങ്കിലും രാസപദാർഥങ്ങൾ കലർത്തിയ മത്സ്യം കണ്ടെത്താനായില്ലെന്ന് അധികൃതർ അറിയിച്ചു. എങ്കിലും ഫോർമലിൻ, അമോണിയ തുടങ്ങിയവയുടെ സാന്നിധ്യം സംശയം തോന്നിയ സാംപിളുകൾ സ്റ്റേറ്റ് അനലിറ്റിക്കൽ ലാബിലും കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലും പരിശോധനയ്ക്ക് അയച്ചു. ഫലം ഉടൻ ലഭിക്കും.
ഇതര സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്ക് എത്തുന്ന മത്സ്യങ്ങളിൽ ഫോർമലിൻ സാന്നിധ്യം കെണ്ടത്തിയ സാഹചര്യത്തിലാണു ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന ശക്തമാക്കിയത്. ഇതോടെ ജനങ്ങളും കൂടുതൽ ജാഗ്രത പുലർത്തി. ഇക്കാര്യങ്ങൾ മുൻനിർത്തിയാകണം രാസപദാർഥങ്ങൾ ചേർത്ത മത്സ്യത്തിന്റെ വരവ് കേരളത്തിലേക്കു കുറഞ്ഞതെന്നു ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. വെള്ളിയാഴ്ച രാത്രി സംശയം തോന്നിയ 95 സാംപിളുകളാണു ശേഖരിച്ചത്. അവയാണു വിവിധ ലാബുകളിലേക്ക് അയച്ചിരിക്കുന്നത്. ചെക് പോസ്റ്റുകൾ കേന്ദ്രീകരിച്ചു 138 വാഹനങ്ങളും പരിശോധിച്ചു. മത്സ്യങ്ങളിൽ ചേർക്കുന്ന െഎസിന്റെ ഗുണമേന്മയും പരിശോധിച്ചു. െഎസിന്റെ 27 സാംപിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അതേസമയം രാസവസ്തു ചേർത്ത മത്സ്യം ട്രെയിൻ മാർഗം എത്തുന്നുവെന്ന വിവരവും ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള പരിശോധന റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു നടന്നുവരികയാണ്. എന്നാൽ റെയിൽവേ സ്റ്റേഷനുള്ളിൽ കയറി പരിശോധിക്കാൻ അനുമതിയില്ല. അതിനാൽ പുറത്തുവച്ചുള്ള പരിശോധനയാണു നടക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ കയറി പരിശോധിക്കാൻ അനുമതി ആവശ്യപ്പെട്ടു റെയിൽവേയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം ചർച്ച നടത്തിവരികയാണ്.