തിരുവനന്തപുരം∙ ഗുണനിലവാരമുള്ള മൽസ്യം മാത്രം വിപണിയിലെത്തിക്കാൻ സർക്കാർ കർശന നടപടിക്കൊരുങ്ങുന്നു. മൽസ്യം ലേലം ചെയ്യുന്നതും വിപണിയിലെത്തിക്കുന്നതും ഗുണനിലവാരം സംരക്ഷിക്കുന്നതും സംബന്ധിച്ചു ബിൽ കൊണ്ടുവരാനാണു നീക്കം. മൽസ്യത്തിൽ മായം ചേർക്കുന്നവർക്കെതിരെ കർശന നടപടിക്കും ഇതിൽ വ്യവസ്ഥയുണ്ടാകും.
ഫിഷ് ലാൻഡിങ് സെന്ററുകൾ, മാർക്കറ്റുകൾ, ഐസ് ഫാക്ടറികൾ, സംസ്കരണശാലകൾ എന്നിവിടങ്ങളിൽ പരിശോധനയും നിരീക്ഷണവും കർക്കശമാക്കും. ഇടനിലക്കാരെ ഒഴിവാക്കി നിലവാരമുള്ള മൽസ്യം വിപണിയിലെത്തുന്നത് ഉറപ്പാക്കും. മായം കണ്ടെത്താൻ ചെക് പോസ്റ്റുകളിൽ സ്ഥിരം പരിശോധനാ സംവിധാനം ഒരുക്കും.
ഫോർമലിൻ കലർത്തിയ മൽസ്യം കേരളത്തിലെത്തിയതു മറ്റു സംസ്ഥാനങ്ങളിൽനിന്നായിരുന്നു. മൽസ്യത്തിൽ മായമുണ്ടോ എന്നു പരിശോധിക്കാൻ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്) തയാറാക്കിയ പേപ്പർ സ്ട്രിപ്പുകൾ സംസ്ഥാനത്തുടനീളം ലഭ്യമാക്കും. ഇതു വ്യവസായാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്നതിനു സർക്കാർ സഹായം നൽകും.