പത്തനംതിട്ട ∙ വൈദ്യുതി ബൾബ് പോലെ തെളിഞ്ഞു കത്തി ഉണക്കമീൻ. ഇന്നലെ രാത്രി വല്യയന്തി വല്യേക്കര ജോസഫിന്റെ വീട്ടിൽ വാങ്ങിയ മീനാണു വെളിച്ചം ചൊരിഞ്ഞത്. ജോസഫിന്റെ ഭാര്യ ഏലിയാമ്മ മീൻ വെട്ടി വൃത്തിയാക്കിക്കൊണ്ടിരുന്നപ്പോൾ വൈദ്യുതി നിലച്ചു. മീൻ വൃത്തിയാക്കി മറ്റൊരു പാത്രത്തിൽ വച്ചിരുന്നതിൽ നിന്നും നല്ല പ്രകാശം വരുന്നത് അപ്പോഴാണു കാണുന്നത്. കഴിഞ്ഞദിവസം പത്തനംതിട്ട മാർക്കറ്റിൽ നിന്നും വാങ്ങിയ ‘കുട്ടൻ’ എന്നു പേരുള്ള ഉണക്കമീനിലാണ് ഈ പ്രതിഭാസം ഉണ്ടായത്.
വെളിച്ചം ഉള്ളവേളയിൽ ഇതിലേക്കു നോക്കിയാൽ നീലനിറമാണ്. ഒരു മണിക്കൂർ നേരം വെള്ളത്തിൽ ഇട്ടിരുന്നതിനു ശേഷമാണു വെട്ടി വൃത്തിയാക്കിയത്. മീൻ വൃത്തിയാക്കിയ വെള്ളം ഒഴിച്ചയിടത്തും തിളക്കം കാണാൻ കഴിയുന്നുണ്ട്. രാസവസ്തുക്കൾ കലർന്ന മീനാണെന്ന സംശയത്തിൽ വാർഡ് കൗൺസിലർ സജി കെ.സൈമൺ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടു. അവരുടെ നിർദേശപ്രകാരം ഇത് വിശദമായ പരിശോധനയ്ക്ക് അയയ്ക്കാൻ ഒരുങ്ങുകയാണ് ജോസഫ്.