വിലയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നു സ്വകാര്യ കമ്പനി ജീവനക്കാർ കോട്ടയം മെഡിക്കൽ കോളജിൽനിന്നു സ്റ്റെന്റുകൾ തിരിച്ചെടുത്തു. മാറ്റിവയ്ക്കേണ്ടിവന്നതു നാല് ആൻജിയോപ്ലാസ്റ്റികൾ. ഒടുവിൽ സ്റ്റെന്റുകൾ തിരികെയെത്തിച്ചതു ചർച്ചകളെ തുടർന്ന്. ഇത് ഒരിടത്തെ മാത്രം കാര്യം. സ്വകാര്യ ആശുപത്രികളും ഇതേ പ്രശ്നം നേരിട്ടു. സ്റ്റെന്റുകൾ കൂട്ടത്തോടെ വിപണിയിൽനിന്ന് ‘അപ്രത്യക്ഷമാക്കി’ കമ്പനികൾ കളിക്കുമ്പോൾ മറുവശത്തു തുലാസിലാടുന്നതു രോഗികളുടെ ജീവൻ. 

അട്ടിമറിക്കാൻ കൃത്രിമക്ഷാമം

ചില സ്വകാര്യ ആശുപത്രികളും വിതരണക്കാരും ചേർന്നു സ്റ്റെന്റുകൾക്കു ‘കൃത്രിമക്ഷാമം’ ഉണ്ടാക്കി വിലനിയന്ത്രണം അട്ടിമറിക്കാനുള്ള നീക്കത്തിലാണ്; കേരളത്തിൽ മാത്രമല്ല, രാജ്യത്തിന്റെ പലഭാഗത്തും. ഇതോടെ, സ്റ്റെന്റ് വിതരണം ഉറപ്പാക്കണമെന്നു കമ്പനികൾക്കും കൃത്രിമക്ഷാമം കണ്ടുപിടിച്ചു നടപടിയെടുക്കണമെന്നു സംസ്ഥാന ഡ്രഗ് കൺട്രോൾ വിഭാഗങ്ങൾക്കും നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) നിർദേശം നൽകി. എന്നിട്ടും, ഗുണമേൻമ കൂടിയ സ്റ്റെന്റുകൾ ഇപ്പോൾ വിപണിയിൽ ‘കാണാനില്ല’. നിശ്ചിത സമയത്തിനുശേഷം അലിഞ്ഞുപോകുന്നവയും ഏറ്റവും പുതിയതരത്തിലുള്ള ഫ്ലെക്സിബിൾ സ്റ്റെന്റുകളും പേരിനുപോലും കിട്ടാതായി. ഒരുലക്ഷം മുതൽ മുകളിലേക്കുള്ള വിലയ്ക്കു വിറ്റിരുന്ന ഇവ 29,600 രൂപയ്ക്കു വിൽക്കാൻ കഴിയില്ലെന്നു കമ്പനികൾ പറയുന്നു. ലോഹ സ്റ്റെന്റുകൾക്കും ഡ്രഗ് എല്യൂട്ടിങ് സ്റ്റെന്റുകൾക്കും (ഡിഇഎസ്) അത്രയ്ക്കു ക്ഷാമമില്ല. എന്നാൽ, ചില കമ്പനികൾ ഡിഇഎസ് വിപണിയിൽനിന്നു പിൻവലിക്കുകയും ആശുപത്രികളിൽ സ്റ്റോക്ക് നൽകാതിരിക്കുകയും ചെയ്യുന്നുണ്ട്. 

പഴയ സ്റ്റെന്റുകൾ തിരികെ വരുമ്പോൾ

സ്റ്റെന്റുകളുടെ വില ഏകീകരിച്ചതോടെ അമേരിക്കൻ കുത്തക കമ്പനികൾ ഇന്ത്യയിൽനിന്നു പിൻവാങ്ങിത്തുടങ്ങി. ഒരു ലക്ഷം മുതൽ വിലയുള്ള നാലാം തലമുറ സ്റ്റെന്റുകൾ ആറുമാസത്തിനുശേഷം ഇന്ത്യയിൽ വിതരണം ചെയ്യില്ലെന്നു ചില കമ്പനികൾ ദേശീയ മരുന്നുവില നിയന്ത്രണ സമിതിയെ അറിയിച്ചതായാണു സൂചന. ഒന്നും രണ്ടും തലമുറകളിലെ വിലകുറഞ്ഞ സ്റ്റെന്റുകൾ അവർ തുടർന്നും ഇന്ത്യയിൽ എത്തിക്കും. അതു പുതിയ തട്ടിപ്പിനു കളമൊരുക്കുകയും ചെയ്യും. കാരണം നിലവിൽ 12,000 രൂപയ്ക്കു നൽകിയിരുന്ന പഴയതരത്തിലുള്ള സ്റ്റെന്റുകൾക്കു വില നിജപ്പെടുത്തിയതോടെ 29,600 രൂപ വരെ ഈടാക്കാം എന്നതിലാണ് ഇവരുടെ കണ്ണ്. 

സ്വദേശിയോട് ‘കമ്മിഷൻ’ പ്രേമം

ഡിഇഎസിന്റെ വില 29,600 രൂപയാക്കി നിജപ്പെടുത്തിയപ്പോൾ ഇന്ത്യൻ നിർമിത സ്റ്റെന്റുകളുടെ വില കൂടിയിരിക്കയാണ്. നേരത്തെ 15,000– 20,000 രൂപയ്ക്കു വിറ്റിരുന്നവ (ചിലപ്പോൾ 15,000ൽ താഴെയും) ഇപ്പോൾ 9,600 രൂപയെങ്കിലും കൂട്ടി വിൽക്കാം. ലേബൽ മാറ്റിയാൽ മതിയല്ലോ. എംആർപി അച്ചടിച്ചിട്ടുണ്ടെങ്കിൽ അതേ വിലയ്ക്കുതന്നെ തുടർന്നും നൽകണമെന്ന് എൻപിപിഎ നിർദേശമുണ്ടെങ്കിലും ലേബൽ മാറ്റുന്ന കമ്പനികൾക്കു വലിയ പ്രശ്നമില്ല. അപ്രതീക്ഷിതമായി 10,000– 14,000 രൂപ ലാഭം കിട്ടുമ്പോൾ ഒരു പങ്ക് അവർ ആശുപത്രികൾക്കും ഡോക്ടർമാർക്കും വാഗ്ദാനം ചെയ്തു തുടങ്ങുകയും ചെയ്തു. ആർക്കും വേണ്ടാതെ കിടന്നിരുന്ന ഇന്ത്യൻ നിർമിത സ്റ്റെന്റുകൾക്ക് ഇപ്പോൾ പ്രിയമേറിയിരിക്കുന്നതിനും ഈ കമ്മിഷൻ കൊതിയാണു മുഖ്യകാരണം. 

മറുവശം 

മെച്ചപ്പെട്ട ബ്രാൻഡ് സ്റ്റെന്റുകൾ തിരഞ്ഞെടുക്കാനുള്ള ഉപഭോക്താവിന്റെ അവകാശത്തെ ഹനിക്കുന്നതാണു പുതിയ ചട്ടമെന്നു സ്വകാര്യ ആരോഗ്യ മേഖലയിലെ സംഘടന ചൂണ്ടിക്കാട്ടുന്നു. 

ഹൃദയധമനികളിലെയും അറകളിലെയും രോഗങ്ങൾ കണ്ടെത്താനും ചികിൽസിക്കാനും സഹായിക്കുന്ന കത്തീറ്ററൈസേഷൻ ലബോറട്ടറിക്ക് (കാത്ത് ലാബ്) ഒരു കോടി മുതൽ ആറു കോടി രൂപവരെയാണു വില. ഗുണമേന്മ അനുസരിച്ച് ആൻജിയോപ്ലാസ്റ്റി നിരക്കും വർധിക്കുമെന്ന് ആശുപത്രികൾ പറയുന്നു.

പരിശോധിക്കാൻ സംവിധാനമില്ല

മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്ക് എല്ലാ സംസ്ഥാനങ്ങളിലും പരിശോധനാ സംവിധാനങ്ങളുണ്ട്. അതിലേറെ പ്രാധാന്യമുള്ള ജീവൻരക്ഷാ ഉപകരണങ്ങളുടെ ഗുണനിലവാരമറിയാൻ ഇന്ത്യയിൽ ഒരിടത്തും ഒരു ലബോറട്ടറിപോലും ഇല്ല.  ഉപകരണനിലവാര പരിശോധനയ്ക്കായി മെഡിക്കൽ ഡിവൈസ് ടെസ്റ്റിങ് ലബോറട്ടറി തുടങ്ങാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തതു രണ്ടു വർഷം മുൻപു മാത്രമാണ്. എന്നാൽ, ഗുജറാത്ത്, ഹരിയാന, യുപി എന്നിവിടങ്ങളിലെ നിർദിഷ്ട ലാബുകൾ ഇതുവരെ പൂർണ സജ്ജമായിട്ടില്ല.

വിലനിയന്ത്രണം മറികടക്കാൻ കൂടുതൽ ബൈപാസ് ?

ആൻജിയോപ്ലാസ്റ്റിയിൽ ലാഭം ‘കുറഞ്ഞ’തോടെ, ഇതിനു പകരം ബൈപാസ് ശസ്ത്രക്രിയ ചെയ്യിക്കാനാണു ചില ആശുപത്രികളുടെ നീക്കം. ഇതുമായി ബന്ധപ്പെട്ട പരാതികളും ഉയർന്നുകഴിഞ്ഞു. രക്തക്കുഴലുകളിൽ കാൽസ്യം അടിഞ്ഞുകൂടുന്നത് അടക്കമുള്ള ഗുരുതരമായ പ്രശ്നങ്ങൾക്കുവരെ ആൻജിയോപ്ലാസ്റ്റിയിലൂടെ പരിഹാരം കണ്ടിരുന്ന സ്ഥാനത്താണിത്. കാരണം ലളിതം, ബൈപാസ് ശസ്ത്രക്രിയയ്ക്കു 1.25 ലക്ഷം മുതൽ മൂന്നു ലക്ഷം രൂപവരെയാണു പൊതുവെ നിരക്ക്. ഹൃദയത്തിലെ ബ്ലോക്കുകൾ നീക്കാനുള്ള മേജർ ശസ്ത്രക്രിയയാണു ബൈപാസ്.

സത്യത്തിൽ വിലനിയന്ത്രണം കമ്പനികളുടെയോ ആശുപത്രികളുടെയോ ലാഭത്തിൽ കാര്യമായ പരുക്കേൽപിക്കുന്നില്ല.  കൊള്ളലാഭത്തിലാണ് ഇടിവ്. കമ്പനികൾക്കു ‘മാന്യമായ’ ലാഭം ഇപ്പോഴും ലഭിക്കുന്നുണ്ടെന്നും ഒരു സ്റ്റെന്റ് ഉൽപാദിപ്പിക്കാൻ 8000 രൂപ മാത്രമാണു കമ്പനികൾക്കു ചെലവാകുന്നതെന്നും എൻപിപിഎ കണ്ടെത്തിയിരുന്നു. ഉദാഹരണത്തിനു പ്രമുഖ ബ്രാൻഡഡ് കമ്പനി 42,125 രൂപയ്ക്ക് ഇറക്കുമതി ചെയ്തിരുന്ന പൂർണമായും അലിഞ്ഞുപോകുന്ന സ്റ്റെന്റുകൾ ഇതുവരെ രോഗികൾക്കു വിറ്റിരുന്നതു രണ്ടു ലക്ഷം രൂപയ്ക്കായിരുന്നു.

മികച്ച ഹൃദ്രോഗചികിൽസയ്ക്ക് സർക്കാർ ആശുപത്രികളിലെ സംവിധാനങ്ങൾ പര്യാപ്തമാണോ? അതേക്കുറിച്ചു നാളെ