കോഴിക്കോട് ∙ ദേശീയ തലത്തിൽ പല ഒന്നാം സ്ഥാനങ്ങളും നേടി ഒന്നാമതെത്തിയ കേരളം ഇക്കുറി അഭിമാനം കാത്തത് എട്ടാമനായാണ്. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആത്മഹത്യയുടെ കണക്കിൽ ഒന്നാം സ്ഥാനത്തു നിന്ന കേരളം എട്ടാം സ്ഥാനത്തേക്കു മാറിയാണ് ആത്മവിശ്വാസത്തിന്റെ പുതുമാതൃകയായത്. അതേസമയം, കേരളത്തിൽ ആത്മഹത്യ ചെയ്യുന്നവരിൽ 75 ശതമാനവും വിവാഹിതരായ പുരുഷന്മാരാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
കർഷക ആത്മഹത്യകളേക്കാൾ കൂടുതൽ കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യകളാണു നടക്കുന്നതെന്നു ഇതുസംബന്ധിച്ചുള്ള പഠനങ്ങൾ വ്യക്തമാക്കുന്നതായി തണൽ ആത്മഹത്യാ പ്രതിരോധ കേന്ദ്രം ട്രസ്റ്റ് ചെയർമാൻ ഡോ. പി.എൻ.സുരേഷ് കുമാർ പറഞ്ഞു. 2015ലെ കേരളത്തിലെ ആത്മഹത്യാ നിരക്ക് ലക്ഷത്തിൽ 21.2 % ആയിരുന്നു. അതായത് 7692 പേർ ആത്മഹത്യ ചെയ്തു.
കേരളത്തിലെ ആത്മഹത്യകളിൽ 24.1 ശതമാനം മാനസിക, ശാരീരക രോഗങ്ങൾ കാരണവും 36.5 ശതമാനം കുടുംബ പ്രശ്നങ്ങൾ മൂലവുമാണെന്നു നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 10 വർഷമായി കുടുംബ ആത്മഹത്യയുടെ കാര്യത്തിലും സംസ്ഥാനത്ത് ഗണ്യമായ കുറവുണ്ട്. പുരുഷന്മാരുടെ ഇടയിൽ നടക്കുന്ന ആത്മഹത്യകളിൽ 50 ശതമാനവും 15 വയസിനും 45നും ഇടയിലാണെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നതായും സുരേഷ് കുമാർ പറഞ്ഞു.