തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു മുന്നിൽ ബിജെപിയുടെ നിരാഹാര സമര പന്തലിനു മുന്നിൽ ശരീരത്തിൽ പെട്രോൾ ഒഴിച്ചു തീ കൊളുത്തി ആത്മാഹുതിക്കു ശ്രമിച്ച മുട്ടട അഞ്ചുമുക്ക് ആഞ്ഞൂർ വീട്ടിൽ വേണുഗോപാലൻ നായർ (49) പിന്നീട് ആശുപത്രിയിൽ മരിച്ചു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നത് ഉൾപ്പെടെ ആവശ്യങ്ങളോടെ ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭൻ സത്യഗ്രഹം നടത്തുന്ന പന്തലിനു മുന്നിൽ ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു ആത്മാഹുതി ശ്രമം.
റോഡിന് എതിർ വശത്തു വച്ചു ശരീരത്തിൽ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ ശേഷം സമര പന്തലിലേക്ക് ഓടിക്കയറാൻ എത്തിയ ആളെ പാർട്ടി പ്രവർത്തകരും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസും ചേർന്നു തടഞ്ഞു. പന്തലിൽ കരുതിയിരുന്ന വെള്ളം ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. ഗുരുതരമായി പൊള്ളലേറ്റ വേണുഗോപാലൻ നായരെ പൊലീസ് ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും വൈകിട്ട് 5 മണിയോടെ മരിച്ചു.
പ്ലമിങ് തൊഴിലാളിയായ വേണുഗോപാൽ അടുത്തകാലത്തു നടന്ന നാമജപ സമരത്തിൽ പങ്കെടുക്കാറുണ്ടായിരുന്നെങ്കിലും ബിജെപി പ്രവർത്തകനായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. ജീവിതം തുടരാൻ താൽപര്യമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ആശുപത്രിയിൽ മൊഴി നൽകിയതായും പൊലീസ് അറിയിച്ചു. ചില സമയങ്ങളിൽ നേരിയ മാനസികാസ്വാസ്ഥ്യം കാണിക്കാറുണ്ടായിരുന്നെന്നും പറഞ്ഞു.
അതേസമയം, ശബരിമലയിൽ ഭക്തർക്കുണ്ടായ അസൗകര്യങ്ങളിൽ പ്രതിഷേധിച്ചാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നു ബിജെപി നേതാക്കൾ പറഞ്ഞു. പരേതനായ ശിവൻ നായരുടെയും രാധമ്മയുടെയും മകനാണ്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. ഇന്നു പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു നൽകും.
കൺമുന്നിൽ കണ്ടത് തീഗോളം
(ബിജെപി നേതാവ് സി.കെ.പത്മനാഭൻ സെക്രട്ടേറിയറ്റിനു മുന്നിലെ നടുക്കിയ കാഴ്ച വിവരിക്കുന്നു)
∙ പ്രവർത്തകരുടെ തിരക്കുണ്ടായിരുന്നതിനാൽ ഇന്നലെ പതിവിലും വൈകി, പുലർച്ചെ ഒന്നോടെയാണ് ഉറങ്ങാൻ കിടന്നത്. ഉറക്കം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്നു റോഡിന്റെ മറു വശത്തു നിന്ന് ഉച്ചത്തിലുള്ള ശരണം വിളി കേട്ടു. ഞെട്ടിയുണർന്നു നോക്കുമ്പോൾ ഒരു തീ ഗോളം സമരപന്തൽ ലക്ഷ്യമാക്കി വരുന്നു. അടുത്തടുത്തു വരുന്നതിനിടെ അത് ഒരു മനുഷ്യന്റെ രൂപമാണെന്നു മനസ്സിലായി. എന്റെ കട്ടിലിനു താഴെ ഉറങ്ങാൻ കിടന്ന ഗൺമാനും മറ്റു പ്രവർത്തകരും ചാടിയെണീറ്റു. കുറച്ചു പ്രവർത്തകരും ഡ്യൂട്ടി പൊലീസും ഉറങ്ങാതെ പന്തലിന് സമീപമുണ്ടായിരുന്നു. എല്ലാവരും ചേർന്ന് അഗ്നി രൂപത്തെ പന്തലിനു മുന്നിൽ തടഞ്ഞു. ശരീരത്തിൽ തീ കൊളുത്തിയ മനുഷ്യനാണെന്നു മനസിലായതിനെ തുടർന്നു, കുടിക്കാനായി വലിയ കുപ്പികളിൽ കരുതിയിരുന്ന വെള്ളം പൊലീസും പ്രവർത്തകരും ചേർന്ന് അദ്ദേഹത്തിന്റെ ശരീരത്തിലേക്കു ചീറ്റി.
ഇതിനിടെ പന്തലിനു മുന്നിലായി റോഡിന്റെ വശത്തു വീണു. അയ്യപ്പനു വേണ്ടി ഇത്രയുമേ ചെയ്യാൻ കഴിഞ്ഞുള്ളൂവെന്ന് ഇടയ്ക്കിടെ പറയുന്നതു കേൾക്കാമായിരുന്നു. പൊലീസ് അറിയിച്ചതിനെ തുടർന്ന് ആബുലൻസ് എത്തി മിനിട്ടുകൾക്കുള്ളിൽ അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. വൈകിട്ടോടെ മരണ വിവരം അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി. പൊലീസിന്റെയും പ്രവർത്തകരുടെയും സമയോചിതമായ ഇടപെടലിനെ തുടർന്നാണു സമര പന്തലിനു മുന്നിൽ അദ്ദേഹത്തെ തടയാനായത്. അല്ലായിരുന്നെങ്കിൽ നിമിഷങ്ങൾക്കകം പന്തലും ചാമ്പലാകുമായിരുന്നു.