∙ ജലജ: സീരിയലുകൾക്കു സെൻസറിങ് വേണമെന്ന അഭിപ്രായത്തോട് ഞാനും യോജിക്കുകയാണ്. അതു വീട്ടിനുള്ളിലേക്കു കയറിവരുന്നതാണ്. സിനിമ അങ്ങോട്ടു ചെന്നു കാണുന്നതാണെന്നെങ്കിലും പറയാം.
∙ ശ്രീകുമാരൻ തമ്പി: എന്റെ സീരിയലുകൾക്കു പ്രേക്ഷകരില്ലെന്നാണു ചാനലുകൾ പറയുന്നത്. എനിക്കു മദ്യക്കച്ചവടത്തിൽ താൽപര്യമില്ല. സീരിയൽരംഗത്തു മദ്യക്കച്ചവടമാണു നടക്കുന്നത്. പാൽ കുടിച്ചുകൊണ്ടിരുന്നവർക്കു മദ്യം നൽകി അവരെ അതിന് അടിമകളാക്കി. എന്നിട്ടു പറയുന്നു അവർ പാൽ കുടിക്കുന്നില്ലെന്ന്.
∙ കാനം രാജേന്ദ്രൻ: ഉമിനീരുകൊണ്ടു മാത്രമേ അതിരപ്പിള്ളി പദ്ധതി നടപ്പാക്കാൻ കഴിയൂ.
∙ അശോകൻ ചരുവിൽ: ലോക വനദിനത്തിലാണു മന്ത്രി എം. എം. മണിയിൽ നിന്നു വനത്തിനെതിരായ ഒരു പരാമർശം ഉണ്ടായിരിക്കുന്നത്. ഇത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. അതിരപ്പിള്ളിയെക്കുറിച്ചു പ്രതിപക്ഷം എന്തു പറയുന്നു എന്നാണ് അദ്ദേഹം ശ്രദ്ധിച്ചിട്ടുള്ളത്. ഇതര രാഷ്ട്രീയ പാർട്ടികൾ എന്തു പറയുന്നു എന്നതിനപ്പുറം ജനങ്ങൾ എന്തു പറയുന്നു, എങ്ങനെ ചിന്തിക്കുന്നു എന്നു മന്ത്രിമാരും നേതാക്കളും അറിയണം.
∙ വി.സി.ശ്രീജൻ: ഇഎംഎസ് അന്തരിച്ചപ്പോൾ എം.എ.ബേബി പറഞ്ഞു: മാർക്സിസം, ലെനിനിസം എന്നൊക്കെ പറയുന്നതുപോലെ ‘ഇഎംഎസ്സിസം’ ഉണ്ട് എന്ന്. ആ സന്ദർഭത്തിൽ ആലോചിച്ചുനോക്കി. അങ്ങനെയുണ്ടോ? ഇഎംഎസിന്റേതായ ആശയങ്ങൾ എന്നു പറയാവുന്നതായി ഒന്നുമില്ല. ജനനായകൻ എന്ന നിലയിൽ വലിയ ആദരമുണ്ട്. ഇഎംഎസിന്റേതായി സൈദ്ധാന്തിക സംഭാവനകൾ വല്ലതുമുണ്ടോ എന്നു ചോദിച്ചാൽ ഒന്നുമില്ല.
∙ രാജൻ ഗുരുക്കൾ: കണ്ടിടത്തൊക്കെ ഗ്രാന്റിന് അപേക്ഷിക്കുകയും കഴമ്പില്ലാത്ത പുസ്തകങ്ങളും പ്രബന്ധങ്ങളും അടിച്ചിറക്കുകയും പൊടിപ്പും തൊങ്ങലും വച്ചു സ്വന്തം ബയോഡേറ്റ പ്രചരിപ്പിക്കുകയുമാണു മിക്ക അധ്യാപകരുടെയും പണി. എല്ലാവരും പിഎച്ച്ഡി നേടാനുള്ള നെട്ടോട്ടത്തിലാണ്. ഗവേഷണാഭിരുചി കൊണ്ടൊന്നുമല്ല, ലക്ഷ്യങ്ങളൊക്കെ പെട്ടെന്നുള്ള പ്രമോഷനും ശമ്പളവർധനയും മറ്റുമാണ്.
∙ ഉഷാ എസ്.നായർ: നമ്മുടെ ചെറിയ കുട്ടികളെ, കൗമാരക്കാരെ കാഴ്ചവസ്തുക്കളാക്കിത്തീർക്കുന്നതിൽ ദൃശ്യമാധ്യമ സംസ്കാരത്തിനു വലിയ പങ്കുണ്ടെന്നതു നിഷേധിച്ചിട്ടു കാര്യമൊന്നുമില്ല. ചെറിയ കുഞ്ഞുങ്ങളെക്കൊണ്ടു പോലും െലെംഗികഭാവങ്ങൾ പ്രകടിപ്പിക്കുന്ന വേഷങ്ങൾ കെട്ടി ആടിക്കുന്ന ചാനലുകൾ സമൂഹത്തിൽ കുറ്റകൃത്യത്തിന്റെ ബീജം വിതയ്ക്കുകയാണ്.
∙ വിമല രാജകൃഷ്ണൻ: ആൺ പെൺ വിവേചനത്തോടെ സ്വന്തം കുട്ടികളെ വളർത്തുന്ന അമ്മമാർ തന്നെയാണു പുരുഷൻമാരുടെ അമിതമായ ആസക്തികൾക്കും വക്രത നിറഞ്ഞ ചിന്തകൾക്കും കാരണക്കാർ. പെൺകുട്ടികൾക്കു തെറ്റും ശരിയും പറഞ്ഞു പഠിപ്പിക്കുന്നവർ, പലതും അരുതെന്നു വിലക്കുന്നവർ എന്തുകൊണ്ട് ആൺകുട്ടികളെ അത്തരം കാര്യങ്ങൾ പറഞ്ഞു പഠിപ്പിക്കുന്നില്ല?
∙ പി.എ.എം.ഹനീഫ്: എഴുപതുകളിൽ കേരളത്തിലാദ്യമായി തെരുവുനാടക പ്രസ്ഥാനവുമായി ഇറങ്ങിത്തിരിക്കുമ്പോൾ പൊലീസ് അടിച്ചോടിക്കുമായിരുന്നു. നാട്ടു ഗദ്ദികയുടെ അവതരണത്തോടെയാണു പൊലീസിനും കോടതിക്കും ബോധമുദിച്ചത്.
∙ സി.വി.ബാലകൃഷ്ണൻ: തിരക്കഥ സാഹിത്യമല്ല. അതിനാൽ തിരക്കഥ പ്രസിദ്ധീകരിക്കുകയോ അതിന് അവാർഡു കൊടുക്കുകയോ ചെയ്യേണ്ടതില്ല. സാഹിത്യബന്ധിതമായല്ല സിനിമ തുടങ്ങുന്നത്. മഹത്തായ സാഹിത്യരചനകളോടു സിനിമയ്ക്കു ബന്ധമില്ല.
∙ കിളിരൂർ രാധാകൃഷ്ണൻ: ഒരിക്കൽ പുസ്തകച്ചന്ത ഉദ്ഘാടനം ചെയ്യാൻ വൈക്കം മുഹമ്മദ് ബഷീറിനെ വിളിച്ചുകൊണ്ടുപോയി. ഉദ്ഘാടനത്തിനുള്ള കത്രികയും റിബണും കണ്ടപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം ഉടൻ വന്നു: ‘‘റിബൺ എത്ര മീറ്റർ ഉണ്ട്? ഭാര്യയ്ക്കും മകൾക്കും തലയിൽ കെട്ടാനുള്ളത് ഉണ്ടല്ലോ?’’
∙ വി.ആർ.സുധീഷ്: എന്റെ ദൈർഘ്യമേറിയ ചിരി എങ്ങനെയാണു വന്നതെന്ന് എനിക്കറിയില്ല. പല മുനിമാരെയും ഞാൻ വീഴ്ത്തിയത് ഈ ചിരികൊണ്ടാണ്. എംടിയൊന്നും അധികം വർത്തമാനം പറയില്ല. മിണ്ടാതിരിക്കും. അപ്പോ ഞാനങ്ങ് ചിരിക്കും. എന്റെ ചിരി കേട്ടാൽ പുള്ളി ചിരിക്കാൻ തുടങ്ങും. അങ്ങനെ കുറെ മുനിമാർ എന്റെ മുമ്പിൽ വീണുപോയിട്ടുണ്ട്. അതുകൊണ്ട് ഒരു ആയുധമാ ഈ ചിരി.
∙ പി.ആർ.നാഥൻ: ചില ശീലങ്ങൾ മാറ്റാൻ ശ്രമിക്കണമെന്നു ഗുരുജനങ്ങൾ എന്നെ ഉപദേശിച്ചുകൊണ്ടിരിക്കുകയാണ്, എനിക്കതു മാറ്റാൻ കഴിയുന്നില്ല. ഞാനിപ്പോൾ മറ്റുള്ളവരുടെ ശീലങ്ങൾ മാറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത് എത്ര എളുപ്പം!
∙ ബോസ് കൃഷ്ണമാചാരി: കലയുടെ അംശമുണ്ടെങ്കിൽ ഏതു നിർമാണത്തിനും വേറിട്ട മുഖം ലഭിക്കും. നിർഭാഗ്യവശാൽ നമ്മുടെ പൊതുമരാമത്തുവകുപ്പ് ഇതിൽനിന്നൊക്കെ മാറിനിൽക്കുകയാണ്. ടെൻഡർ സംസ്കാരം നിർമാണപ്രവർത്തനങ്ങളിൽനിന്നു കലയുടെ അംശത്തെ മാറ്റിക്കളയുന്നു. സൗന്ദര്യബോധമില്ലാത്ത എൻജിനീയർമാർക്കു സിമന്റിന്റെയും മണലിന്റെയും അനുപാതം മാത്രമാണറിയാവുന്നത്.
∙ വിനായകൻ: രാജീവ് രവി ‘കമ്മട്ടിപ്പാട’ത്തിന്റെ പ്രോജക്ട് പറഞ്ഞപ്പോൾ ഞാൻ ആദ്യം ആവശ്യപ്പെട്ടത് ഒരു പാട്ടു ചെയ്താൽ കൊള്ളാമെന്നുണ്ട് എന്നായിരുന്നു. ഇതേ തുടർന്നാണ് ‘പുഴുപുലികൾ പക്ഷിപരുന്തുകൾ...’ എന്നു തുടങ്ങുന്ന പാട്ടു ചെയ്തത്. ഇപ്പോൾ പാച്ചിക്കയുടെ (ഫാസിൽ) പടത്തിനും ‘ഓർഡിനറി’യുടെ സംവിധായകൻ സുഗീതിന്റെ പടത്തിലുമടക്കം നാലു പാട്ടുകൾക്കു സംഗീതം കൊടുക്കുന്നുണ്ട്.
∙ രവി മേനോൻ: അവസാനകാലത്ത് ജീവിത ദുരിതങ്ങളിൽനിന്നു രക്ഷ നേടാനായി ഫോർട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും വീടുകളിൽ ഹാർമോണിയം വായിച്ചു പാടിനടന്ന പാട്ടുകാരനോടു ഗൃഹനാഥന്മാരിലൊരാൾ ചോദിക്കുന്നു: പാട്ടുകൾ കൊള്ളാം. പക്ഷേ ഒരു സംശയം. നിങ്ങളെന്താ മെഹബൂബിന്റെ പാട്ടുകൾ മാത്രം പാടുന്നത്? ചോദ്യത്തിനു മുന്നിൽ ഒരുനിമിഷം പകച്ചുനിൽക്കുന്നു. ഗായകൻ പിന്നെ പൊട്ടിച്ചിരിച്ചുകൊണ്ടു പറയുന്നു: ഞാൻ മെഹബൂബായതുകൊണ്ടുതന്നെ.
∙ ഉഷാ ഉതുപ്പ്: എനിക്കു തുണികൾ ഇസ്തിരിയിടാൻ വലിയ ഇഷ്ടമാണ്. അതെനിക്കു ശരിക്കും ഒരു തെറപ്പി പോലെയാണ്. എന്തെങ്കിലും പ്രശ്നങ്ങൾ മനസ്സിനെ അലട്ടുമ്പോഴോ വല്ലാത്ത ക്ഷീണം തോന്നുമ്പോഴോ ഒക്കെ ഞാൻ ചെയ്യുന്നത് ഇതാണ്. എന്റെ വസ്ത്രങ്ങൾ ഇപ്പോഴും അയൺ ചെയ്യുന്നതു ഞാൻ തന്നെയാണ്.