Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് കാണേണ്ട സൂചനകൾ

oommen-chandy-chennithala-hassan

പാർട്ടിക്കുള്ളിലെ ഒരു വിവാദവിഷയത്തിലേക്കും കടക്കരുത് എന്ന് എ.കെ. ആന്റണിയുൾപ്പെടെയുള്ളവർ ശട്ടം കെട്ടിയത് അതേപടി പാലിച്ചാണു മലപ്പുറത്തു ശനിയാഴ്ച കെപിസിസി രാഷ്ട്രീയകാര്യസമിതി ഇതാദ്യമായി എം.എം. ഹസന്റെ അധ്യക്ഷതയിൽ ചേർന്നു പിരിഞ്ഞത്.

തൽക്കാലം പ്രസിഡന്റിന്റെ ചുമതല, ബാക്കിയെല്ലാം ഉപതിരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കാം എന്നാണു ഹസനെ നിയോഗിക്കുമ്പോൾ ഹൈക്കമാൻഡ് മുന്നോട്ടുവച്ച ധാരണ. അപ്പോൾ രണ്ടു സാധ്യതകളുണ്ട്: സംഘടനാ തിരഞ്ഞെടുപ്പു വരെ ഹസനു തുടരാം; അതല്ലെങ്കിൽ വൈകാതെ മറ്റൊരാൾ വരാം. 

കെപിസിസിക്കു നാഥനില്ല എന്ന വിമർശനം ഇവിടെ രൂക്ഷമായതിനെത്തുടർന്നു ഹൈക്കമാൻ‍ഡ് ആകെ നടുങ്ങിയാണു ഹസനെ വച്ചത് എന്നു വിശ്വസിക്കുന്നവർ അയലത്തെ അതിലും പരിതാപകരമായ സ്ഥിതി അറിയാത്തവരാണ്. 

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പൊളിഞ്ഞപ്പോൾ വി.എം. സുധീരനെപ്പോലെ പിടിച്ചുനിൽക്കാൻ തമിഴ്നാട്ടിലെ പിസിസി പ്രസിഡന്റ് ഇ.വി.കെ.എസ്. ഇളങ്കോവനു സാധിച്ചിരുന്നില്ല. രാജിവച്ചൊഴിഞ്ഞ അദ്ദേഹത്തിനു പകരക്കാരനായി എസ്. തിരുനാവക്കരശിനെ ഹൈക്കമാൻഡിനു നിശ്ചയിക്കാൻ വേണ്ടിവന്നത് ഇവിടത്തെപ്പോലെ രണ്ടാഴ്ചയല്ല; മൂന്നുമാസം!

കോൺഗ്രസ് അധികാരത്തിലുള്ള കർണാടക ഒട്ടും മെച്ചമല്ല. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായതുപോലെ കെപിസിസി പ്രസിഡന്റ്  ജി. പരമേശ്വര രണ്ടുവർഷം മുൻപു പൊലീസ് മന്ത്രിയായി. രമേശ് ഇരുപദവികളും ചുരുങ്ങിയ കാലം മാത്രം ഒരുമിച്ചുവഹിച്ചുവെങ്കിൽ പരമേശ്വരയ്ക്ക് ഇരട്ടദൗത്യത്തിൽ നിന്ന് ഇനിയും മോചനമായിട്ടില്ല. 

ഒരുവശത്ത് യോഗി ആദിത്യനാഥിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാക്കുന്നതുപോലെയുള്ള അമ്പരപ്പിക്കുന്ന തീരുമാനങ്ങൾ ഞൊടിയിടയിലെടുത്തു ബിജെപിയും നരേന്ദ്ര മോദിയും മുന്നോട്ടു പോകുന്നു. മറുവശത്തു തീരുമാനങ്ങളില്ലാതെ, അല്ലെങ്കിൽ രാഷ്ട്രീയാകർഷണമില്ലാത്ത തീരുമാനങ്ങളെടുത്തു കോൺഗ്രസ് മുടന്തി നീങ്ങുന്നു. 

ദേശീയ രാഷ്ട്രീയത്തിലെ സ്വാധീനശക്തിയുടെ കാന്തികബലത്തിലാണു സംസ്ഥാനങ്ങളിൽ ദേശീയ പാർട്ടികൾ സഖ്യകക്ഷികളെ പലപ്പോഴും കൂടെ നിർത്തുന്നത്. കോൺഗ്രസിന്റെ ദേശീയപ്രഭാവം ചുരുങ്ങിയപ്പോഴുള്ള ചുവരെഴുത്തോ? ബിഹാറിലും ബംഗാളിലും ഒടുവിൽ യുപിയിലും ആ സംസ്ഥാനങ്ങളിലെ സ്വാധീനകക്ഷികൾ ഏതാനും സീറ്റുകൾ കോൺഗ്രസിനു വച്ചുനീട്ടി.

കോൺഗ്രസിന്റെ ഔദാര്യമായിരുന്നു ഇതുവരെ മറ്റു കക്ഷികൾക്കു വേണ്ടതെങ്കിൽ അതു തിരിച്ചാകുന്ന പ്രവണതയ്ക്കു തുടക്കമായി. സഖ്യകക്ഷികൾ അങ്ങനെ കോൺഗ്രസിൽ നിന്നു പതുക്കെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന കാഴ്ചയാണു കേരള കോൺഗ്രസ് (എം) വിട്ടുപോയതിലൂടെ കേരളത്തിലും കണ്ടത്. അതിന്റെ മറ്റൊരു രൂപമാണു പി.കെ. കുഞ്ഞാലിക്കുട്ടി ദേശീയരാഷ്ട്രീയത്തിലേക്കു പോകുന്നതിലും അടങ്ങുന്നത്.  

ഘടകകക്ഷികൾ ഇവിടെ പ്രയാസത്തിലോ നിരാശയിലോ ആണ്. രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവായ ശേഷം മുടക്കമില്ലാതെ ബന്ധപ്പെടുകയും വലുപ്പച്ചെറുപ്പമില്ലാതെ ഇടപെടുകയും ചെയ്യുന്നതിൽ അവർക്കെല്ലാം മതിപ്പുണ്ട്. മലപ്പുറത്തു കോൺഗ്രസ്–ലീഗ് ബന്ധം മുൻപെന്നത്തെയുംകാൾ ദൃഢമായിക്കഴിഞ്ഞു.

പക്ഷേ, യുഡിഎഫിന്റെ ഏകോപനം കൊണ്ടു മാത്രം കാര്യമില്ലെന്നു കൂട്ടുകക്ഷികൾ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ് വിജയതൃഷ്ണ വീണ്ടെടുത്ത് യുഡിഎഫ് വിജയസഖ്യമായി ഉയരണം. മലപ്പുറത്തെ മേൽക്കൈ കേരളമാകെ പടർത്താൻ കഴിയണം.

ആ ആത്മവിശ്വാസം ഇനിയും ലഭിക്കാത്തതുകൊണ്ടാണു പി.കെ. കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കുമ്പോഴും യുഡിഎഫിലേക്കു തിരിച്ചുവരാൻ മാണി അറച്ചുനിൽക്കുന്നത്; എൽഡിഎഫ് ഭരണത്തിൽ ഒട്ടും മതിപ്പില്ലാത്തപ്പോഴും ജനതാദളും ആർഎസ്പിയും സിപിഎമ്മിൽ നിന്നുള്ള പ്രോത്സാഹനങ്ങളെ തള്ളിപ്പറയാതെ ശ്രദ്ധിക്കുന്നത്. 

അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും മുന്നേറ്റം ഉറപ്പുവരുത്താൻ കഴിയുന്ന ഒരു നേതാവ് കെപിസിസി പ്രസിഡന്റായി വരണം എന്ന് എല്ലാ ഘടകകക്ഷികളും ആഗ്രഹിക്കുന്നു. ഭൂരിഭാഗവും കണ്ണുവയ്ക്കുന്നത് ഉമ്മൻ ചാണ്ടിയെയാണ്.

പഴയ ഉമ്മൻ ചാണ്ടി– ചെന്നിത്തല വിജയജോടിക്കു വേണ്ടി വാദിക്കുന്നവർ കോൺഗ്രസിലുമുണ്ടെങ്കിലും ഐ ഗ്രൂപ്പിന് ഉള്ളാലെ ഒരു ചാഞ്ചല്യമുണ്ട്. ഉമ്മൻ ചാണ്ടി കെപിസിസി അധ്യക്ഷനായാൽ ചെന്നിത്തല പഴയതുപോലെ രണ്ടാമനായി മാറാം എന്നതാണു ശങ്ക. മറുവശത്തു പിൻഗാമിയായി ഉമ്മൻ ചാണ്ടി ഉടൻ വന്നാൽ ചിലതൊക്കെ തുറന്നുപറയാൻ ഒരുങ്ങിയിരിക്കുന്നു വി.എം. സുധീരൻ.

വി.ഡി. സതീശനോ പി.ടി. തോമസോ സ്ഥിരം അധ്യക്ഷസ്ഥാനത്തേക്കു വരണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 20ൽ പകുതിയെങ്കിലും നേടാൻ സാധിച്ചില്ലെങ്കിലുള്ള അപകടം ചെന്നിത്തലയ്ക്കും ഐ ഗ്രൂപ്പിനും മുന്നിലുമുണ്ട്. തലമുറമാറ്റത്തിനായുള്ള മുറവിളി ഉച്ചസ്ഥായിയിലാകും. കോടിയേരി ബാലകൃഷ്ണൻ സിപിഎം സെക്രട്ടറിയായി പിണറായി വിജയനെ മുഖ്യമന്ത്രിപദത്തിലെത്തിച്ചതുപോലെ ഒരു പിന്തുണ ചെന്നിത്തല മോഹിക്കുന്നു. 

രാജ്യത്ത് ആകെ കോൺഗ്രസിന് ഇപ്പോഴുള്ള 44 എംപിമാരിൽ ആറിലൊന്ന്, അതായത് എട്ടുപേർ, കേരളത്തിൽ നിന്നാണ്. നിലവിലെ സ്ഥിതിഗതികൾ നോക്കിയാൽ 2019ൽ ദക്ഷിണേന്ത്യയിൽ പാർട്ടിക്കു പ്രതീക്ഷ പുലർത്താവുന്നതും കേരളം തന്നെ. അതു തടസ്സപ്പെടുത്തി കേരളത്തിൽ മുന്നോട്ടുകയറാനാണു ബിജെപി ശ്രമിക്കുന്നത്.

45 വർഷം മുൻപു കേരളത്തിലെ കോൺഗ്രസിനെ നയിക്കാനുള്ള ദൗത്യം 32 വയസ്സുകാരനായ എ.കെ. ആന്റണിക്കു വച്ചുനീട്ടാനുള്ള ധീരതയും പ്രവചനാതീതസ്വഭാവവും കാട്ടിയിട്ടുണ്ട് പാർട്ടി. പിന്നീട്, ഒത്തുതീർപ്പുകളുടെയും തൽസ്ഥിതിയുടെയും വക്താക്കളായി കൂടുതൽ വാശിയോടെ പെരുമാറിവരുന്നതു ഹൈക്കമാൻഡോ ഇവിടത്തെ നേതൃത്വമോ എന്നത് ആത്മപരിശോധനയ്ക്കുള്ള വിഷയമാണ്.

Your Rating: