ഹൈദരാബാദ് നഗരത്തിൽനിന്ന് 22 കിലോമീറ്റർ സഞ്ചരിക്കണം ഗച്ചിബൗളിയിൽ എത്താൻ. തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനു മുൻപ്, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സ്വപ്നപദ്ധതിയായി രൂപം കൊണ്ട ഐടി നഗരം. നാഗ്പുർ, മുംബൈ ദേശീയപാതയുടെ വലതുവശത്തു പടുകൂറ്റൻ കെട്ടിടങ്ങളും പാർപ്പിട സമുച്ചയങ്ങളും. അവിടെനിന്നു മാറി, ഒരു മനുഷ്യക്കുഞ്ഞിനെ പോലും കാണാൻ പറ്റാത്ത കാട്ടുമുക്കിൽ കൂറ്റൻ മതിൽക്കെട്ടിനുമുകളിൽ ആ ബോർഡ് കാണാം. ‘ബിപിഎം’. അതായത് ബീറ്റ്സ് പെർ മിനിറ്റ്.
ടോളിവുഡിനെ പിടിച്ചുകുലുക്കുന്ന ലഹരിമരുന്നു വിവാദത്തിൽ അറസ്റ്റിലായ കാൽവിൻ മസ്കറാനസിന്റെ മൊബൈൽ രേഖകളിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയ, നവ്ദീപ് എന്ന നടന്റെ ഉടമസ്ഥതയിലുള്ളതാണു ബിപിഎം പബ്ബ്. വിവാദങ്ങൾ ഉരുത്തിരിഞ്ഞതോടെ പബ്ബ് തൽക്കാലം പൂട്ടിയിടാൻ ഉടമസ്ഥർ തീരുമാനിച്ചു. രാക്ഷസക്കോട്ട പോലുള്ള മതിൽക്കെട്ടിനുള്ളിൽ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരും ഒരു പട്ടിയും മാത്രമേ ഇപ്പോഴുള്ളൂ. മുന്നിൽ വലിയൊരു ബോർഡുണ്ട്. ‘മദ്യപിച്ചു വാഹനം ഓടിക്കുന്നതു കുറ്റകരമാണ്. ഞങ്ങളുടെ ഡ്രൈവർ നിങ്ങളെ എത്തേണ്ടിടത്ത് എത്തിക്കും.’ എന്താ തുറക്കാത്തത് എന്നു ചോദിച്ചപ്പോൾ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞു: ‘തൽക്കാലം പൂട്ടിയിടാനാണു നിർദേശം. ഇനി ഓഗസ്റ്റ് ആറിനേ തുറക്കൂ. എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നു പറഞ്ഞുകേൾക്കുന്നു. ഞങ്ങൾക്ക് ഒന്നുമറിയില്ല.’
എക്സൈസ് വകുപ്പിന്റെ നിർദേശപ്രകാരമാണു ബിപിഎം രണ്ടാഴ്ച മുൻപ് അടച്ചിട്ടത്. അതുവരെ രാത്രിയുടെ യാമങ്ങളിൽ നക്ഷത്രങ്ങൾ മിഴിതുറക്കുന്ന സ്വർഗരാജ്യമായിരുന്നു ബിപിഎം. നാടൻഭാഷയിൽ പറഞ്ഞാൽ, ലിംഗഭേദമില്ലാതെ അർമാദിക്കാൻ പറ്റിയ സ്ഥലം. സ്വദേശിയും വിദേശിയും പാട്ടും നൃത്തവുമായി ആഘോഷിച്ചിരുന്ന ഇടം. നഗരത്തിൽ നിന്ന് ഏറെ മാറിയുള്ള സ്ഥലമായതിനാൽ പെട്ടെന്നൊന്നും എത്തിപ്പെടാൻ പറ്റില്ല. രണ്ടുവരിയായി തിരിച്ചുള്ള മതിൽക്കെട്ടിനുള്ളിലാണ് ആഘോഷകേന്ദ്രം. സുരക്ഷയ്ക്കായി നിൽക്കുന്ന ബൗൺസർമാരുടെ പരിശോധനയ്ക്കുശേഷം പണം നൽകി അകത്തുകടന്നാൽ, പിന്നെ വേറൊരു ലോകമാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
സിനിമാനടന്റെ ഉടമസ്ഥതയിൽ ഉള്ള കേന്ദ്രമായതിനാൽ തന്നെ സന്ദർശകരിൽ സിനിമാക്കാരും ഒട്ടേറെ. എല്ലാവിധ സൗകര്യങ്ങളും അകത്ത് ഒരുക്കിയിട്ടുണ്ടെന്നു ബിപിഎമ്മിന്റെ വെബ്സൈറ്റിലൂടെ കണ്ണോടിച്ചാൽ മനസ്സിലാകും. താമരയിതളിന്റെ ആകൃതിയിൽ തീർത്തിരിക്കുന്ന നൃത്ത കേന്ദ്രത്തിൽ ഒരു വിദേശ സംസ്കാരത്തിന്റെ ശേഷിപ്പുകളാണുള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഇവിടത്തെ നിത്യസന്ദർശകരെല്ലാം ഇപ്പോൾ ഹൈദരാബാദ് എക്സൈസ് വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഐടി മേഖലയിൽ നിന്നു വലയിലായ പ്രഫഷനലുകൾക്ക് ഈ പബ്ബുമായി ബന്ധമുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്.
ബിപിഎം മാത്രമല്ല, എഫ് ക്ലബ് പേരിൽ നഗരത്തിൽ പ്രശസ്തമായ മറ്റൊരു നിശാകേന്ദ്രവും എക്സൈസ് ഈയിടെ അടപ്പിച്ചു. കാൽവിൻ മസ്കറാനസിന്റെ വേരുകൾ ഇവിടേക്കും നീണ്ടിട്ടുണ്ട് എന്ന വ്യക്തമായ വിവരങ്ങളെ തുടർന്നായിരുന്നു ഇത്.
മാറുന്ന ലഹരിവഴികൾ
പണ്ടുതൊട്ടേ ലഹരിവസ്തുക്കൾക്കു പ്രസിദ്ധമാണ് ആന്ധ്രപ്രദേശ്. കേരളത്തിലേക്കും ഗോവയിലേക്കും വരെ കഞ്ചാവ് ഒഴുകുന്നത് ആന്ധ്രയുടെ ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നാണെന്ന് അധികൃതർക്കു വ്യക്തമായി അറിയാം. തെലങ്കാന സംസ്ഥാനം രൂപപ്പെട്ടതോടെ ലഹരി വസ്തുക്കൾ ഹൈദരാബാദിലേക്കു കടത്തിയിരുന്ന പല വഴികളും അടയ്ക്കപ്പെട്ടു.
‘ഡാർക്നെറ്റ്’ എന്ന ഓൺലൈൻ വെബ്സൈറ്റു വഴിയാണ് ഇപ്പോൾ ലഹരിക്കച്ചവടം. ഈ ഓൺലൈൻ സൈറ്റിൽ റജിസ്റ്റർ ചെയ്യുന്നവരുടെ പേരും വിവരങ്ങളും രഹസ്യമായിരിക്കും. എംഡിഎംഎ, എൽഎസ്ഡി തുടങ്ങി വീര്യമേറിയ ലഹരിമരുന്ന് ആവശ്യക്കാർ ഓർഡർ ചെയ്യും. പാർസലായിട്ടാണ് ഇവ എത്തിച്ചുകൊടുക്കുന്നത്. യുഗാണ്ട, സൊമാലിയ, എത്യോപ്യ, സുഡാൻ, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നാണ് ലഹരിമരുന്ന് എത്തിക്കുന്നത്. അതിനു ചുക്കാൻ പിടിക്കുന്നതാകട്ടെ, പലപ്പോഴും വീസ കാലാവധി കഴിഞ്ഞും ഹൈദരാബാദിൽ നിയമവിരുദ്ധമായി തങ്ങുന്ന നൈജീരിയക്കാരും. ഇത്തവണ സംഘത്തിനൊപ്പം പിടിയിലായതിൽ അമേരിക്കയിൽ നിന്നും ഹോളണ്ടിൽ നിന്നുമുള്ള വിദേശ പൗരന്മാരും ഉണ്ട്. ആഗോള ഐടി കമ്പനികളിൽ ജോലി ചെയ്യുന്ന ഏഴ് ബി.ടെക് ബിരുദധാരികളും കാൽവിൻ മസ്കറാനസിനൊപ്പം പിടിയിലായി.
തലവനും ഭീഷണി
മുഖംനോക്കാതെ നടപടിയെടുക്കുന്നതിൽ പ്രശസ്തനാണ് അകുൻ സബർവാൾ എന്ന യുവ ഐപിഎസ് ഉദ്യോഗസ്ഥൻ. എക്സൈസ് ഡിപാർട്മെന്റിന്റെ ചുമതലയിൽ എത്തിയപ്പോൾ മുതൽ അകുൻ ലഹരിമാഫിയയുടെ കണ്ണിൽ കരടായി. കാൽവിന്റെ അറസ്റ്റും സിനിമാതാരങ്ങളിലേക്കു നീണ്ട അന്വേഷണവും രണ്ടാഴ്ച പിന്നിട്ടപ്പോൾ അകുൻ സബർവാളിന് വിദേശത്തുനിന്ന് ഒരു ഫോൺ വന്നു: ‘നിങ്ങളുടെ മക്കൾ ഏതു സ്കൂളിൽ പഠിക്കുന്നു എന്നും അവർ എപ്പോഴൊക്കെ സ്കൂളിൽ പോകുന്നു എന്നും ഞങ്ങൾക്കു വ്യക്തമായി അറിയാം. അന്വേഷണം അവസാനിപ്പിച്ചില്ലെങ്കിൽ ഭവിഷ്യത്ത് വളരെ വലുതായിരിക്കും.’ ഹിമാലയത്തിൽ ട്രക്കിങ്ങിനായി ഒരാഴ്ച അവധിയെടുത്തിരുന്ന അകുൻ അവധി റദ്ദാക്കി, അന്വേഷണത്തിൽ വീണ്ടും സജീവമായാണ് ഭീഷണിയോടു പ്രതികരിച്ചത് !
വെള്ളിത്തിരയിലെ വിപത്ത്
ബോളിവുഡിനു പിന്നിൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിനോദ വ്യവസായ മേഖലയാണു ടോളിവുഡ്. സിനിമാക്കാരുടെ സ്വപ്നഭൂമിയായ രാമോജി റാവു ഫിലിം സിറ്റിയുടെ സാമീപ്യവും ഹൈദരാബാദിലെ പ്രസന്നമായ കാലാവസ്ഥയും ടോളിവുഡിനെ സമ്പന്നമാക്കുന്നു. ആന്ധ്രപ്രദേശ് വിഭജിക്കപ്പെട്ടശേഷം ടോളിവുഡിന് തെലങ്കാനയുടെ മേൽവിലാസമായി. എന്നാൽ, ഇപ്പോൾ ഉയരുന്ന ഏറ്റവും വലിയ ആരോപണവും അതുതന്നെയാണ്. ആന്ധ്രയിൽ നിന്നുള്ള സിനിമാവ്യവസായികളെ കള്ളക്കേസുകളിൽ കുടുക്കാൻ തെലങ്കാന കൂട്ടുനിൽക്കുന്നു എന്നാണ് ആരോപണം. ടോളിവുഡിന്റെ ആസ്ഥാനം ഹൈദരാബാദിൽ നിന്നു വിശാഖപട്ടണത്തേക്കു മാറ്റണമെന്നു വാദിക്കുന്ന ഒരു സംഘവും വളരുന്നു. രണ്ടോ മൂന്നോ വൻകിട നിർമാതാക്കളും ചുരുക്കം സംവിധായകരുമാണ് ടോളിവുഡിനെ നിയന്ത്രിക്കുന്നത്. നടന്മാർ കാര്യങ്ങൾ തീരുമാനിക്കുന്ന മലയാളത്തിലെ രീതിയൊന്നും ഇവിടില്ല. നിർമാതാക്കളാണ് എല്ലാം. നടന്മാരായി വരുന്നതു മിക്കവരും അവരുടെ മക്കളോ ബന്ധുക്കളോ ആയിരിക്കും.
ഇവിടെയാണു വെള്ളിത്തിരയിലെ വിപത്തുകൾ വളർന്നുവരുന്നത്. എളുപ്പത്തിൽ മസിൽ പെരുപ്പിക്കാനും പൗരുഷം വർധിപ്പിക്കാനും പലരും ആശ്രയിക്കുന്നതു സ്റ്റെറോയിഡുകളെ. ഇത് എത്തിച്ചു കൊടുക്കുന്നതിനും നടന്മാരുടെ വ്യായാമം ചിട്ടപ്പെടുത്തി, മസിലുകൾ പെരുപ്പിക്കുന്നതിനും പ്രത്യേക ജിംനേഷ്യങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. അമിതമായുള്ള സ്റ്റെറോയ്ഡ് ഉപയോഗം വലിയ വിപത്തിലേക്കാണു വഴി തുറക്കുന്നത്. നടന്മാരിൽ ചിലരെങ്കിലും ലഹരിയുടെ വഴിയിലാണെങ്കിൽ നടിമാരിൽ ചിലർ ചില വിട്ടുവീഴ്ചകൾക്കു നിർബന്ധിതരാകുന്ന സാഹചര്യമുണ്ട്. ചിലർ അതിനെ കാസ്റ്റിങ് കൗച്ച് എന്ന ഓമനപ്പേരിട്ടു വിളിക്കും.
അത്തരം പല വെളിപ്പെടുത്തലുകളും കേട്ടു ഞെട്ടിയിട്ടുള്ള ടോളിവുഡിന് ഇപ്പോഴത്തെ പുകിലുകളിലൊന്നും വലിയ പുതുമയില്ല. അന്വേഷണം നടക്കട്ടെ, അത് അങ്ങനെതന്നെ അവസാനിച്ചോളും എന്ന മട്ടിലാണ് അവർ. എങ്കിലും ടോളിവുഡിനെ ഞെട്ടിച്ച ചില അപകട മരണങ്ങളുടെ കഥകളും ഇപ്പോൾ ചാരത്തിൽ നിന്ന് ഉയർന്നു വരുന്നുണ്ട്.
തനീഷ് ഹാജരായി
തെലങ്കാനയിലെ ലഹരിമരുന്നു ശൃംഖലയുമായി ബന്ധപ്പെട്ട്, സിനിമാ മേഖലയിൽ നിന്ന് ഉയർന്നു വന്ന പേരുകളിൽ പതിനൊന്നാമനായ തനീഷ് അല്ലാഡിയെ എക്സൈസ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ രാവിലെ പത്തിനു മുൻപു തന്നെ അബ്കാരി ഭവനിൽ എത്തിയ തനീഷ് ഉച്ചയ്ക്ക് രണ്ടരയോടെയാണ് പുറത്തിറങ്ങിയത്. തനിക്കും ഒരു കുടുംബമുണ്ടെന്നും ദ്രോഹിക്കരുതെന്നും അപേക്ഷിച്ചുകൊണ്ടാണ് തനീഷ് മാധ്യമങ്ങളെ അഭിമുഖീകരിച്ചത്.
‘‘സേ നോ ടു ഡ്രഗ് പ്രചാരണവുമായി എന്നും സഹകരിച്ചിരുന്ന ആളാണു ഞാൻ. ലഹരിമരുന്നു വ്യാപനത്തിനെതിരെ പ്രവർത്തിക്കണമെന്നു തന്നെയാണ് എന്റെ ആഗ്രഹം. അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്കു കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. ഇനിയും അവർ വിളിപ്പിക്കുകയാണെങ്കിൽ എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നും സമ്മതിച്ചിട്ടുണ്ട്–’’ ബാലനടനായി വന്ന് സിനിമയിലും സീരിയലിലുമായി പത്തൊൻപതോളം ചെറുവേഷങ്ങളിലൂടെ ശ്രദ്ധേയനായ തനീഷ് പറഞ്ഞു. ജൂലൈ ഒന്നിന് കാൽവിൻ മസ്കറാനസിന്റെ അറസ്റ്റിനു പിന്നാലെ എക്സൈസ് തയാറാക്കിയ പട്ടികയിൽ പതിനൊന്നാമനാണ് തനീഷ്.
പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ എക്സൈസ് എൻഫോഴ്സ്മെന്റ് ഡയറക്ടർ അകുൻ സബർവാൾ മലയാള മനോരമയ്ക്കു നൽകിയ അഭിമുഖം...
കേരളത്തിലേക്കു നീളുമോ? കാത്തിരുന്നു കാണാം...
ദക്ഷിണേന്ത്യൻ സിനിമാമേഖലയെ ഞെട്ടിച്ച ലഹരിമരുന്നു കേസിന്റെ ഇപ്പോഴത്തെ സ്ഥിതി എങ്ങനെയാണ്?
∙ ഇതുവരെ 22 പേരെ അറസ്റ്റ് ചെയ്തു. 3000 യൂണിറ്റ് എൽഎസ്ഡി, 45 ഗ്രാം കൊക്കെയ്ൻ, എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിമരുന്നുകളുടെ വൻശേഖരം പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണം ഏറ്റവും വേഗത്തിലും തൃപ്തികരമായും പൂർത്തിയാക്കുകയാണ് ലക്ഷ്യം.
തെലുങ്ക് സിനിമാ മേഖലയിൽ നിന്ന് ഈ ശൃംഖലയുമായി ബന്ധമുള്ളവരുടെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമോ?
∙ ഈ ഘട്ടത്തിൽ അന്വേഷണത്തിന്റെ പരിധിയിൽ വരുന്ന സിനിമാ താരങ്ങളെയും അവരിൽ നിന്നു ലഭിച്ച വിവരങ്ങളെയും കുറിച്ചു കൂടുതൽ പുറത്തു പറയാൻ സാധിക്കില്ല.
ദക്ഷിണേന്ത്യൻ സിനിമാ മേഖലയിൽ ലഹരിമരുന്നു സംഘങ്ങൾക്ക് ആഴത്തിൽ വേരോട്ടമുണ്ടെന്നു കരുതാനാവുമോ?
∙ തമിഴ്, മലയാളം സിനിമാ മേഖലകളിലേക്ക് ഈ വേരുകൾ എത്രത്തോളം ഓടിയിട്ടുണ്ടെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. ഇപ്പോഴത്തെ അന്വേഷണത്തിൽ ടോളിവുഡിലെ ചില പേരുകളാണു പുറത്തു വന്നിരിക്കുന്നത്. അവരിൽ പലരും ലഹരി മരുന്നുകൾ സ്ഥിരമായി ഉപയോഗിക്കുന്നവരാണ്. മാത്രമല്ല, സിനിമാ മേഖലയിൽ തന്നെയുള്ള മറ്റു സുഹൃത്തുക്കളെ ഈ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിലും ഇവർ പ്രധാന പങ്കു വഹിക്കുന്നു. അവർക്ക് സ്കൂൾ, കോളജ്, ഐടി, സിനിമാ മേഖലകളുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്നതും വ്യക്തമായിട്ടുണ്ട്.
കാൽവിന്റെ ഫെയ്സ്ബുക് പേജിൽ ഒരുപാടു മലയാളി സുഹൃത്തുക്കളെ കാണുന്നല്ലോ. അന്വേഷണം കേരളത്തിലേക്കും നീളാനുള്ള സാധ്യതകളുണ്ടോ ?
∙ അന്വേഷണം ഒരു മാസം പിന്നിട്ടിട്ടേ ഉള്ളൂ. ഇപ്പോൾ അതേ കുറിച്ച് പറയാനാവില്ല. എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ട്.
സിനിമാ മേഖലയിലുള്ളവരെ ‘ഇരകളായി’ മാത്രമേ കാണുകയുള്ളൂ എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കേസന്വേഷണത്തെ തടസ്സപ്പെടുത്തുന്നതാവുമോ ?
∙ അന്വേഷണം ഒരു ഘട്ടത്തിലും പിന്നോട്ടു പോകുന്ന പ്രശ്നമില്ല. അവരെ ഇരകളായി മാത്രമേ കാണുന്നുള്ളൂ എന്ന വാക്കുകൾ തന്നെയാണോ മുഖ്യമന്ത്രി ഉപയോഗിച്ചത് എന്ന് എനിക്കറിയില്ല. അവരിൽ നിന്ന് വിതരണക്കാരുടെ വിവരങ്ങൾ ശേഖരിക്കും എന്നായിരിക്കും അദ്ദേഹം ഉദ്ദേശിച്ചത്. 1985ലെ ലഹരി വിരുദ്ധ നിയമപ്രകാരം ലഹരി ഉപയോഗിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
അന്വേഷണത്തിൽ ബാഹ്യ സമ്മർദങ്ങൾ ഉണ്ടാവുന്നുണ്ടോ ?
∙ ഇതുവരെ ഇല്ല. സ്വതന്ത്രമായി മുന്നോട്ടു പോകാൻ തന്നെയാണ് ലഭിച്ചിരിക്കുന്ന നിർദേശം.
സിനിമാ മേഖലയിലുള്ളവരെ കേസിൽ മനഃപൂർവം കുടുക്കുകയാണെന്ന് ആരോപണം ഉയരുന്നുണ്ടല്ലോ.
∙ അതു ശരിയല്ല. 22 പേർ അറസ്റ്റിലായതിൽ ഒരാൾ മാത്രമാണ് സിനിമാ മേഖലയുമായി ബന്ധമുള്ളത്. 30 പേരെ ചോദ്യം ചെയ്തതിൽ 11 പേർ മാത്രമാണ് ഈ മേഖലയിൽ നിന്നുള്ളത്. ഇവർ വെള്ളിവെളിച്ചത്തിൽ നിൽക്കുന്നതു കൊണ്ട് മാധ്യമങ്ങൾ ഈ കേസിൽ താൽപര്യം കാണിക്കുന്നു. അതിനാൽ ജനങ്ങൾ അന്വേഷണത്തിൽ ശ്രദ്ധിക്കുന്നു എന്നു മാത്രം.
അതേക്കുറിച്ച് നാളെ