കറുത്ത തുണികൊണ്ടു മുഖം മൂടി, കൈകൾ പിന്നിൽ ബന്ധിച്ച് തൂക്കുമരത്തിലേക്കു കൊണ്ടുപോകാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ വക്കം എഴുതിയവസാനിപ്പിച്ച രണ്ടു കത്തുകളിലൊന്ന് അ വസാനിക്കുന്നത് ഇങ്ങനെയാണ്:
എന്റെ ആത്മത്യാഗം, എഴുതിയ ഉടനെ മായ്ച്ചുകളഞ്ഞ വാക്കു പോലെയാണ്. എത്രയെത്ര ധീരാത്മാക്കൾ അസ്തമിച്ചു കഴിഞ്ഞു. അവരോടു താരതമ്യപ്പെടുത്തുമ്പോൾ ഞങ്ങൾ പൂർണ ചാന്ദ്രപ്രകാശത്തിലെ മെഴുകുതിരികൾ മാത്രം...
വക്കം അബ്ദുൽ ഖാദർ എന്ന സ്വാതന്ത്ര്യസമരപ്പോരാളിയുടെ 26 വർഷം മാത്രം നീണ്ട ജീവിതം, മരണത്തിനു തൊട്ടുമുൻപു കുറിച്ച കത്തിലെ വാചകം പോലെ ഗംഭീരവും ദീപ്തവുമായിരുന്നു. എഴുതിയ ഉടൻ തന്നെ വിധി മായ്ച്ചു കളഞ്ഞ ആ പേര് പക്ഷേ, നൂറു വർഷങ്ങൾക്കു ശേഷവും ജ്വലിച്ചു നിൽക്കുന്നുവെന്നതാണു ചരിത്രം.
ആയുധത്തെ ആയുധംകൊണ്ടു തന്നെ നേരിട്ട്, ബ്രിട്ടിഷുകാരെ തുരത്തി രാജ്യത്തിനു സ്വാതന്ത്യം നേടാനാകുമെന്നു വിശ്വസിച്ച ഒരുകൂട്ടം യുവാക്കളുടെ ശബ്ദമായിരുന്നു വക്കം അബ്ദുൽ ഖാദറിന്റേതും. തൊഴിൽ തേടി മലയായിൽ എത്തി പിന്നീട് സുഭാഷ് ചന്ദ്രബോസ് നയിച്ച ഇന്ത്യൻ നാഷനൽ ആർമിയിൽ ചേർന്ന് ചാവേർപ്പോരാളിയായി മാറുകയായിരുന്നു വക്കം.
ഒളിപ്പോരാട്ടങ്ങളിൽ പരിശീലനം നേടി ഇന്ത്യയിലെത്തിയ 20 അംഗ അത്മഹത്യാ സ്ക്വാഡിലെ അംഗമായിരുന്നു വക്കം. പക്ഷേ, ചാവേറുകൾക്കു സ്വപ്നത്തിലേക്ക് അടുക്കാനായില്ല. ബ്രിട്ടിഷ് പടയുടെ പിടിയിലായ 20 പേരിൽ വക്കവും മറ്റു നാലു ചാവേറുകളും പിന്നീടു തൂക്കിലേറ്റപ്പെട്ടു. ‘കേരളത്തിന്റെ ഭഗത്‌സിങ്’ എന്ന് അറിയപ്പെടുന്ന വക്കത്തിന്റെ ശബ്ദം 1943 സെപ്റ്റംബർ 10 നാണ് അവസാനമായി മുഴങ്ങിയത്.
ഗാന്ധിജിക്ക് ഒരു മുത്തം
1917 മേയ് 25ന് ചിറയിൻകീഴ് താലൂക്കിലെ വക്കം എന്ന ഗ്രാമത്തിലെ വാവാക്കുഞ്ഞു-ഉമ്മസ്സലുമ്മ ദമ്പതികളുടെ നാലു മക്കളിൽ മൂത്തയാളായിരുന്നു മുഹമ്മദ് അബ്ദുൽ ഖാദർ. നെടുങ്ങണ്ട ശ്രീനാരായണ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ അഞ്ചുരൂപാ പൊലീസിന്റെ അക്രമങ്ങൾക്കെതിരെ സംഘടിപ്പിച്ച വിദ്യാർഥികളുടെ പഠിപ്പുമുടക്കിനു നേതൃത്വം നൽകിയാണ് വക്കം സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ നടുക്കളത്തിലിറങ്ങുന്നത്.
ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ മഹാത്മാഗാന്ധിയെ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ കാണാൻ പോയ വിദ്യാർഥിക്കൂട്ടത്തിൽ വക്കവുമുണ്ടായിരുന്നു. കാണാനെത്തിയവരുടെ കൈകളിൽ തൊട്ടു മുന്നോട്ടു നീങ്ങിയ ഗാന്ധിജിയുടെ വലതു കരംഗ്രഹിച്ച് വക്കം മുത്തം നൽകി. സിരകളിൽ ദേശസ്നേഹത്തിന്റെ പ്രവാഹമുണ്ടാകാൻ കാരണമായ അപൂർവ മുത്തത്തെക്കുറിച്ച് പിൽക്കാലത്ത് സുഹൃത്തുക്കളോടു പറഞ്ഞിട്ടുണ്ട്
വക്കത്തിനെ രക്ഷിക്കാനും ഒരു തൊഴിൽ സമ്പാദിക്കാനും വാവാക്കുഞ്ഞു കണ്ടെത്തിയ മാർഗമായിരുന്നു മലയയിലേക്കുള്ള മാറ്റം. നിർബന്ധങ്ങൾക്കൊടുവിൽ 1938ൽ മലയയിലേക്കു കപ്പൽകയറി.
ജീവിതം മാറ്റിയ യുദ്ധം
മലയയിൽ സർക്കാരിന്റെ മരാമത്തു വകുപ്പിൽ ഓവർസിയറായി ജോലി ചെയ്യുന്നതിനിടെ രണ്ടാം ലോകമഹായുദ്ധം വക്കത്തിന്റെ ജീവിതം മാറ്റിയെഴുതി. ദക്ഷിണ പൂർവേഷ്യയും ബർമയും കീഴടക്കിയ ജപ്പാൻ, ബ്രിട്ടിഷ് ഇന്ത്യയുടെ അരികിലെത്തിയ 1942 ഏപ്രിലിൽ മലയയിൽ രൂപം കൊണ്ട ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗിൽ വക്കവും അംഗമായി. ലീഗ് പിന്നീട് ഇന്ത്യൻ നാഷനൽ ആർമി (ഐഎൻഎ)യുടെ നേതൃത്വത്തിലായി. ചെറുപ്പക്കാരെ ഗറിലാ യുദ്ധമുറകളും ചാരപ്രവർത്തനവും പഠിപ്പിക്കുന്ന സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് വക്കത്തിനും സംഘത്തിനും ചാവേറുകളാകാൻ വഴിയൊരുക്കി. പെനാങ്ക് ആസ്ഥാനമായി പ്രവർത്തിച്ച സ്വരാജ് ഇൻസ്റ്റ്യൂട്ടിൽ മലയാളിയായ എൻ.രാഘവൻ ആയിരുന്നു മുഖ്യപരിശീലകൻ.
ബ്രിട്ടിഷ് സൈന്യത്തിന്റെ ഇന്ത്യയിലെ നീക്കങ്ങളറിയാൻ 20 അംഗ ചാവേർ സംഘത്തെ അയച്ചു. കൈത്തോക്കും പണവും നൽകി അയച്ച സംഘത്തിൽ വക്കം ഉൾപ്പെടെ 13 മലയാളികൾ. ജപ്പാന്റെ അന്തർവാഹിനിയിലും പിന്നീട് ചെറുവഞ്ചിയിലുമായി (ഡിഞ്ചി) നീണ്ട ഒൻപതു ദിവസത്തെ യാത്രയുടെ അവസാനം താനൂരിലെത്തി. റമസാൻ ആഘോഷവേളയായ സെപ്‌റ്റംബർ 27ന് എത്തിയ വക്കം ഉൾപ്പെട്ട സംഘത്തെ ജാപ്പനീസ് ചാരന്മാരെന്നു കരുതി നാട്ടുകാർ പിടികൂടി മലബാർ സ്പെഷൽ പൊലീസിനു കൈമാറുകയായിരുന്നു. സംഘത്തിലെ മലയാളിയായ അനന്തൻ നായർ രക്ഷപ്പെടാനായി ചാവേറുകളുടെ വിവരങ്ങൾ ബ്രിട്ടിഷ് പൊലീസിന് നൽകി. ഇതോടെ 20 പേരും വിവിധ ഇടങ്ങളിലായി തടവറയിലായി.
വക്കത്തെയും സംഘത്തെയും കോഴിക്കോട് നടക്കാവ് സ്റ്റേഷനിൽനിന്നു മദ്രാസ് സെന്റ് ജോർജ് കോട്ടയിലേക്കും തുടർന്ന് സെൻട്രൽ ജയിലിലേക്കും മാറ്റി. കഠിന മർദനമുറകൾക്കൊടുവിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി. അഞ്ചുപേർക്കു വധശിക്ഷയാണു വിധിച്ചത്. വക്കം അബ്‌ദുൽ ഖാദറിനും ഫൗജാസിങ്ങിനും (പഞ്ചാബ്) ബോണിഫസ് പെരേരയ്‌ക്കും (തിരുവനന്തപുരം) എസ്.സി.ബർദാനും (ബംഗാൾ) പുറമെ വധശിക്ഷ ലഭിച്ച മറ്റൊരാൾ അനന്തൻ നായർ ആയിരുന്നു. റിവ്യു ഹർജിയിൽ ബോണിഫസ് പെരേരയുടെ വധശിക്ഷയ്ക്കു മാത്രമാണ് ഇളവു ലഭിച്ചത്.
മരണബീജവുമായി പിറന്നവർ
കൊലമരത്തിലേക്കു നീങ്ങുന്നതിനു മണിക്കൂറുകൾ മുൻപ് അർധരാത്രിയിൽ വക്കം എഴുതിയ രണ്ടു കത്തുകൾ ചരിത്ര രേഖകളാണ്. എട്ടുപേജുള്ള ഒരു കത്ത് വാപ്പയ്ക്ക്; മറ്റൊന്ന് ബോണിഫസ് പെരേരയ്ക്ക്.
ആഗ്രഹിച്ച മകനും സഹോദരനുമായി മാറാൻ കഴിഞ്ഞില്ലെങ്കിലും ധർമത്തെ മുറുകെപ്പിടിച്ച് ഇത്രനാളും ജീവിക്കാൻ കഴിഞ്ഞതിൽ രക്ഷിതാക്കൾക്കും നാടിനും അല്ലാഹുവിനും നന്ദി പറഞ്ഞാണ് വാപ്പയ്ക്കുള്ള കത്തു തുടങ്ങുന്നത്. മരണബീജങ്ങളുമായി ജനിച്ചു വീഴുന്ന മനുഷ്യന് ജീവിതത്തെക്കുറിച്ച് അഗാധമായ പദ്ധതികളൊന്നും വേണ്ടിവരില്ല. സ്വാർഥതയില്ലാതെ ആത്മാഭിമാനത്തോടെ ജീവിക്കുക. ധൈര്യപൂർവം മരണത്തെ നേരിടുക. ഇതാ മണി 12 അടിക്കാൻ പോകുന്നു. എന്റെ മരണദിനത്തിന്റെ ആരംഭ നിമിഷങ്ങൾ കാണിക്കുന്നു. അതേ, റമസാൻ മാസത്തിലെ ഏഴാം ദിവസമായ വെള്ളിയാഴ്ച അഞ്ചു മണിക്കും ആറു മണിക്കും മധ്യേ ഞാൻ മരിക്കുന്നു. ! ഞാൻ എത്രത്തോളം ധൈര്യത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും മരിച്ചുവെന്ന് നിങ്ങൾ അറിയാൻ ഇടയാകുമ്പോൾ തീർച്ചയായും അഭിമാനിക്കുക തന്നെ ചെയ്യും.
ബോണിഫസിന് എഴുതിയ കത്തിൽ തങ്ങളുടെ ജീവത്യാഗത്തെക്കുറിച്ചു വക്കം പറയുന്നുണ്ട്. തങ്ങളുടെ മരണം എഴുതിയ ഉടനെ മായ്ച്ചു കളഞ്ഞ വാക്കു പോലെയാണെന്നു പറഞ്ഞ വക്കം, ലക്ഷ്യം നേടും വരെ പോരാടാൻ ആശംസിച്ച് കത്ത് അവസാനിപ്പിച്ചു.
1943 സെപ്‌റ്റംബർ 10ന് പുലർച്ചെ മദ്രാസ് സെൻട്രൽ ജയിലിൽ നാലുപേരെയും തൂക്കിലേറ്റി. വക്കത്തിന്റെ അഭ്യർഥന മാനിച്ച് അനന്തൻ നായരോടൊപ്പം ഒരു കഴുമരത്തിലാണു തൂക്കിലേറ്റിയത്. ഹിന്ദുവും മുസ്‌ലിമും ഒരുമിച്ചാണെന്ന സന്ദേശം സ്വന്തം മരണം വഴിയും നൽകിയാണ് വക്കം കടന്നുപോയത്.