Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിക്കുന്ന വേദാന്തം

3462671869-chattambi-swami-pic

ആരാണ് ചട്ടമ്പിസ്വാമികൾ? കുട്ടിക്കാലത്തു മുക്കാൽപേടിയും കാൽ ബഹുമാനവും ഉള്ളിൽത്തോന്നിച്ച സ്വരൂപമായിരുന്നു ആ പേര് ഉളവാക്കിയത്. ചട്ടമ്പിയും സ്വാമികളും! പിന്നീടാണു മനസ്സിലായതു ‘ചട്ടമ്പി’ എന്നതിന്റെ അർഥം. ചട്ടത്തിനൊത്തു മറ്റുള്ളവരെ നയിക്കുന്നവൻ, ചട്ടംപിള്ള. ചട്ടംപിള്ള ചുരുങ്ങി ചട്ടമ്പിയായി. പുതിയ ഭാഷയിൽ ക്ലാസ് മോണിട്ടർ. പേട്ടയിൽ രാമൻപിള്ളയാശാൻ എന്ന ഗുരുവിന്റെ കുടിപ്പള്ളിക്കൂടത്തിലെ മുതിർന്ന കുട്ടിയായ കുഞ്ഞൻപിള്ള ചട്ടംപിള്ളയായി, ചട്ടമ്പിയായി. ആ ചട്ടമ്പി വളർന്നു വളർന്നു പ്രപഞ്ചത്തിന്റെ ആദിമവും സനാതനവുമായ ചട്ടവും ചട്ടക്കൂടുമറിഞ്ഞ് അതിന്റെ പൊരുളറിഞ്ഞു ശീലിക്കുകയും സ്വകർമത്തിലൂടെ ഉപദേശിക്കുകയും ചെയ്യുന്ന ചട്ടമ്പിസ്വാമികളായി.

കാലം മാറുമ്പോൾ പേരും പൊരുളും മാറിമറിഞ്ഞു വരാം. സത്യത്തെ അറിയുന്നവൻ പേരിനും പൊരുളിനുമപ്പുറത്തു പ്രകാശിച്ചുനിൽക്കും. ചട്ടമ്പിസ്വാമികൾ സ്വയം ജ്യോതീരൂപം പൂണ്ടവനാണ്. എല്ലാവരും പഠിക്കുന്നത് എന്തെങ്കിലുമായിത്തീരാനാണ്. കുഞ്ഞൻപിള്ളച്ചട്ടമ്പി പഠിച്ചത് ഒന്നുമല്ലാതായിത്തീരാനാണ്; സ്വയം ഭാരമായിത്തീരാതിരിക്കാനാണ്. കഴിവതും ഒന്നിനെയും ഉപദ്രവിക്കാതെ പച്ചിലകൾ പറിച്ചുതിന്നു ജീവിച്ചു. അതു കണ്ടു നമ്മെപ്പോലുള്ളവർ ‘ആടു കുഞ്ഞൻപിള്ള’ എന്നു വിളിച്ചു. ഏക ഭൗതിക സ്വത്ത് ഒരു ഉടുമുണ്ടു മാത്രം.

ആരെങ്കിലും ഒരു മുണ്ടു നൽകിയാൽ അതു ധരിച്ചു മറ്റേതു കഴുകി അവിടെത്തന്നെ ഉപേക്ഷിച്ചിട്ടുപോകും. ഒരു ജീവന് ഒരു ശരീരമാകുന്ന ഉടുപ്പ്. മറ്റൊന്നു സ്വീകരിച്ചാൽ ആദ്യത്തേത് ഉപേക്ഷിക്കും. ഒന്നും സ്വന്തമല്ല, അഥവാ എല്ലാം സ്വന്തമാണ്. അതുകൊണ്ടു നായ്ക്കളും ഇഴജന്തുക്കളുമെല്ലാം കൂട്ടുകാരായി. ‘ഒരുപീഡയെറുമ്പിനും വരുത്തരുത്’ എന്ന ശ്രീനാരായണ ഗുരുദേവ വചനം, അതിനും മുൻപേ ജീവിച്ചുകാണിച്ചതു ചട്ടമ്പിസ്വാമികളാണ്. ‘വ്യാസനും ശങ്കരനും കൂടിച്ചേർന്നാൽ നമ്മുടെ സ്വാമിയായി. സ്വാമിക്കറിയാൻ പാടില്ലാത്തത് ഒന്നുമില്ലായിരുന്നു’ എന്നു ഗുരുദേവൻ പറഞ്ഞത് ഒരു യോഗിക്കേ മറ്റൊരു യോഗിയെ അറിയാ‍ൻ കഴിയൂ എന്നുകൂടി ബോധ്യപ്പെടുത്തുന്നു. ഈ യോഗികളുടെ യോഗജ്ഞാനം മനസ്സിലാകാതെപോയതാണ് ഈ കാലത്തിന്റെ ദുര്യോഗം. മനസ്സിലാക്കാനുള്ള മനസ്സില്ലായ്മയാണു മാറാരോഗം.

വെറും സാധാരണക്കാരന്റെ ജീവിതംതന്നെയാണു വേദാന്തം. ചട്ടമ്പിസ്വാമികൾ ജീവിക്കുന്നവേദാന്തമായി. കാഷായം ധരിച്ചില്ല. ജട കെട്ടിയില്ല. പുലിത്തോലിലിരുന്നില്ല. കാട്ടിൽ തപസ്സുചെയ്തില്ല. എല്ലാവരും ബന്ധുക്കളാണെങ്കിലും ഒന്നിനോടും ബന്ധപ്പെട്ടില്ല. വിദ്യാഭ്യാസ ഗോപുരം കെട്ടി പണമുണ്ടാക്കുന്നവരും മക്കളെ വലുതാക്കാൻ പണം മുടക്കുന്നവരും നോക്കി പഠിക്കേണ്ട ജീവിതമാണത്. ബാല്യത്തിലും യൗവനത്തിലും മുഴുപ്പട്ടിണി. എങ്കിലും രാമൻപിള്ളയാശാന്റെ പള്ളിക്കൂടത്തിന്റെ ഓലമറയ്ക്കു പുറത്തിരുന്നു കേട്ടു പഠിച്ചു. അമ്മയെ പട്ടിണിക്കിടാതിരിക്കാൻ കൂലിവേല ചെയ്തു. ഭൂതപ്പാണ്ടിയിൽ ആധാരമെഴുത്തുകാരനായി, മണ്ണു ചുമന്നു. ഇതിനിടയിൽ തേടിനടന്നു പഠിച്ചു. സ്വാമി നാഥദേശികനിൽനിന്നു തമിഴും സുബ്ബാ ജടാപാഠികളോടൊത്തു കല്ലടക്കുറിശ്ശിയിൽപോയി വേദശാസ്ത്രങ്ങളും അഭ്യസിച്ചു. ഒരു തങ്ങളിൽനിന്നു ഖുർആൻ തത്വങ്ങൾ ഗ്രഹിച്ചു. ആത്മാനന്ദനിൽനിന്നും അയ്യാഗുരുവിൽനിന്നും യോഗമുറകൾ ശീലിച്ചു. സംഗീതവും വൈദ്യവും ജ്യോതിശാസ്ത്രവും ചരിത്രവും ഭാഷാശാസ്ത്രവുമെല്ലാം അറിഞ്ഞു.

വടിവീശ്വരത്തെ ഏതോ അവധൂതനാണു ചട്ടമ്പിസ്വാമികളിലെ പ്രജ്ഞാനജ്യോതിസ്സിനെ തിരിച്ചറിഞ്ഞതത്രേ. ഒരു കല്യാണസദ്യയുടെ എച്ചിലില നായ്ക്കളോടൊപ്പം പങ്കിട്ടു തിന്നുകയായിരുന്ന അവധൂതൻ! ചട്ടമ്പിസ്വാമികളോട് ആരും ഫീസു ചോദിച്ചില്ല, അദ്ദേഹം കൊടുത്തുമില്ല. അങ്ങനെ അറിഞ്ഞവനേ ആത്മബോധമുണരൂ. ആത്മബോധമുണർന്നതുകൊണ്ടാണു വേടനും വേദാധികാരമുണ്ട് എന്നു ചട്ടമ്പിസ്വാമികൾ വിളിച്ചുപറഞ്ഞത്, ജീവകാരുണ്യത്തെപ്പറ്റി നിരൂപിച്ചത്. പരിമിതമായ മനുഷ്യസ്നേഹംകൊണ്ടുള്ള സമൂഹോദ്ധാരണം മാത്രമാണോ അത്? ഓരോ മനുഷ്യനിലുമുള്ള പരംബോധത്തെ പ്രകാശിപ്പിക്കുകയും മനുഷ്യൻ ഉൾപ്പെടെ സർവ ചരാചരവും ഒന്നാണെന്നു ബോധ്യപ്പെടുത്തുകയും ചെയ്യുന്ന ഒരു ജീവിതമായിരുന്നു അത്.

വിദ്യാധിരാജനായ ചട്ടമ്പിസ്വാമികളെപ്പോലെ ഒറ്റമുണ്ടു മാത്രമുടുത്ത് ഒന്നുമില്ലാതെ ജീവിക്കണമെന്നതല്ല സ്വാമികൾ തരുന്ന ആധാരപാഠം. ഗൃഹസ്ഥനും സന്ന്യാസിയാകാം, തീർഥപാദനാകാം. ആ മനസ്സുണ്ടാവണം, സ്നേഹമുണ്ടാവണം. ദുരാർത്തിയും വാശിയും കുടിലതയും ഛിദ്രങ്ങളും മഹാരോഗങ്ങളാണ്. അന്യനെ കവർന്നെടുക്കരുത്. അസത്യം ആത്മനാശത്തിനു കാരണമാകും; ലോകദ്രോഹത്തിനും കാരണമാകും. താനും കെട്ടു കുലവും കെടുത്തുന്ന ഇന്നത്തെ ലോകഗതിയിൽ നിസ്സംഗതയുടെ മഹാപാഠമായി, ആത്മവിനാശത്തിനു മഹൗഷധമായി വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ആത്മീയോർജം പ്രശാന്തത പകരുമാറാകട്ടെ.